ഓപ്പറേഷൻ ചെയ്യുന്നതിനിടയിൽ ഡോക്ടറുടെ നൃത്തം, വിഡിയോക്കെതിരെ പ്രതിഷേധം  

ഡോക്ടർമാർക്കു ദൈവത്തിന്റെ മുഖമാണ് എന്നാണു പറയാറുള്ളത്. എന്നാൽ ഇത്തരം ചില സന്ദർഭങ്ങളിൽ ആ വിശ്വാസത്തിനു നൂറു ശതമാനം മങ്ങലേൽക്കും. ഓപ്പറേഷൻ തിയ്യേറ്ററിൽ പാതി മുറിച്ച ശരീരവുമായി കിടക്കുന്ന രോഗിയുടെ അരികിൽ നിന്നും ഡോക്ടർ നൃത്തം ചെയ്യുക, കൂട്ടിനു നഴ്‌സും. കൂടെ ഉണ്ടായിരുന്ന മറ്റൊരു സർജൻ അതു കാമറയിൽ പകർത്തുക. പൈശാചികം എന്നല്ലാതെ ഈ സംഭവത്തെ എന്താണു പറയുക. കൊളംബിയയിൽ നിന്നാണ് ഇത്തരത്തിൽ ഒരു വിഡിയോ വൈറലായിരിക്കുന്നത്.

പ്ലാസ്റ്റിക് സർജറിക്കു വിധേയനായി ഓപ്പറേഷൻ ടേബിളിൽ കിടക്കുന്ന വ്യക്തിയുടെ പാതി കീറിയ ശരീരം ഒരു ദയയുമില്ലാതെ വലിച്ചുയർത്തിയാണ് സർജൻ രോഗിക്കരികിൽ നിന്നും ചുവടുകൾ വയ്ക്കുന്നത്. സർജന്റെ ചുവടുകൾക്ക് അനുസൃതമായി സഹായിയായ നഴ്‌സും നൃത്തം വയ്ക്കുന്നുണ്ട്. തനിക്ക് എന്താണ് സംഭവിക്കുന്നത് എന്നറിയാതെ അബോധാവസ്ഥയിൽ കിടക്കുകയാണ് രോഗി. ഡേവിഡ് മജാന എന്ന പ്ലാസ്റ്റിക്ക് സർജനാണ് ഇത്തരത്തിൽ വിവാദത്തിന് ഇരയായിരിക്കുന്നത്.

മജാനയ്‌ക്കൊപ്പം ചുവടുകൾ വച്ച നഴ്സ് ആൻജെലിക മെജിയയും വിവാദത്തിൽ അകപ്പെട്ടിരിക്കുകയാണ്. മനുഷ്യത്വ രഹിതമായ നടപടിയെന്നാണ് കൊളംബിയൻ സമൂഹം ഡോക്ടറുടെ ഈ നടപടിയെ വിശേഷിപ്പിച്ചത്. കൊളംബിയ സിറ്റി കൗൺസിലർ അലെജാൻഡ്രോ ഗുറെ വിഡിയോയിന്മേൽ നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. ഡോക്ടർ എന്ന നിലയിൽ എത്തിക്സിനു നിരക്കാത്ത കാര്യമാണ് മജാന ചെയ്തത് എന്നു ഗുറെ അഭിപ്രായപ്പെട്ടു.