സോഷ്യൽ മീഡിയ വിനയായി, കലക്ടർക്ക് പണി കിട്ടി

ആശുപത്രി സന്ദർശിക്കുന്ന ചത്തീസ്ഗഡ് കലക്ടർ ജഗദീഷ് സോങ്കർ

ആധുനികയുഗം, സ്മാർട്ഫോൺ കാലം, ഇന്റർനെറ്റ് യുഗം എന്നൊക്കെ വിളിക്കുന്നതിനേക്കാൾ സോഷ്യൽ മീഡിയക്കാലം എന്നു വിളിക്കുന്നതായിരിക്കും കുറച്ചുകൂടി ഉചിതമെന്നു തോന്നുന്നു. കാരണം അത്രത്തോളമുണ്ട് ഇന്നത്തെ സമൂഹത്തില്‍ േസാഷ്യൽ മീഡിയയുടെ പങ്ക്. ശരിയെ െതറ്റാക്കുവാനും തെറ്റിനെ ശരിയാക്കുവാനുമുള്ള കഴിവുണ്ട് സോഷ്യൽ മീഡിയയ്ക്ക്. കുറച്ചുകൂടി വ്യക്തമാക്കുകയാണെങ്കിൽ സോഷ്യൽ മീഡിയ വന്നതോടെ ഭരണകർത്താക്കളുൾപ്പെ‌ടെയുള്ള ഉന്നതന്മാർ കുറച്ചുകൂടി കരുതലോടെ പ്രവർത്തിക്കാൻ തുടങ്ങിയിട്ടുണ്ടെന്നു വേണം കരുതാൻ. ഒരുകാലത്ത് ഒരിക്കലും വിമർശിക്കപ്പെടേണ്ടാത്തവർ എന്നു കരുതുന്ന ഉന്നത വിഭാഗങ്ങളെല്ലാം ഇന്നു സോഷ്യൽ മീ‍ഡിയയുടെ ഇരകളാവാറുണ്ട്. ഇതിൽ ഏറ്റവും പുതിയതായി വന്നത് ചത്തീസ്ഗഡിലെ ഒരു കലക്ടറിനു സംഭവിച്ച അബദ്ധമാണ്. യുവകലക്ടർ ഡോക്ടർ ജഗ്ദീഷ് സോങ്കർ ആശുപത്രി സന്ദർശിക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ പരക്കുന്നത്.

സംഭവം മറ്റൊന്നുമല്ല ജഗദീഷ് സോങ്കർ ബുധനാഴ്ച്ച ഒരു ഹോസ്പിറ്റൽ സന്ദർശിക്കുന്നതിനിടയിൽ രോഗികളുടെ കട്ടിലിന്റെ വശത്ത് കാൽ പൊക്കി വച്ചു സംസാരിക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയ ആഘോഷമാക്കുന്നത്. മെഡിക്കൽ ഡിഗ്രിയുള്ള ജഗദീഷ് ഒരു സർക്കാർ ആശുപത്രി സന്ദർശിക്കുന്നതിനിടെയുള്ള ചിത്രമായിരുന്നു ഇത്. എന്നാൽ രോഗികളോടു സംസാരിക്കുന്നതിനിടയില്‍ മാന്യത കാണിക്കാതെ കാൽ ഉയർത്തിവച്ചു സംസാരിച്ചതിലൂ‌ടെ ജഗദീഷിന്റെ ധാർഷ്ട്യമാണു വ്യക്തമാകുന്നതെന്ന രീതിയിലാണ് ഓൺലൈനിൽ ചിത്രം പരന്നത്. പക്ഷേ താൻ കരുതിക്കൂട്ടി ചെയ്തതല്ലെന്നും ഒഴിവാക്കാമായിരുന്ന സാഹചര്യമായിരുന്നു അതെന്നും ജഗദീഷ് പിന്നീടു വ്യക്തമാക്കി. ജഗദീഷ് സോങ്കാറിന്റേത് ഇന്ത്യൻ അരോഗന്റ് സർവീസ് ആണെന്ന രീതിയിലും പ്രചാരണമുണ്ടായി. അതിനിടെ ജഗദീഷിനെ മര്യാദകൾ പഠിപ്പിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തുമെന്നു മുഖ്യമന്ത്രി രമൺ സിങ് പറഞ്ഞു.