ജീവൻ പണയം വച്ചുള്ള ആ രക്ഷപ്പെടുത്തൽ വിഡിയോ വ്യാജമോ?

കാലം കൂടുതൽ സ്വാർഥരുടേതു മാത്രമായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് അപകടങ്ങളോടു മുഖം തിരിക്കുന്നവരാണ് ഏറെയും. സഹജീവി പിടഞ്ഞു മരിക്കുന്ന അവസ്ഥയിലെത്തിയാലും ഒരുതുള്ളി വെള്ളംപോലെ പകർന്നു കൊ‌ടുക്കാൻ മനസില്ലാത്ത ഭൂരിഭാഗത്തിനിടയിൽ വ്യത്യസ്തനായ ഒരു മനുഷ്യൻ എന്ന നിലയ്ക്കാണ് ആ വിഡിയോ സമൂഹമാധ്യമത്തിൽ വൈറലായത്. ‌റെയിൽവെ ട്രാക്കിൽ നിൽക്കുന്ന മദ്യപനെ അതിസാഹസികമായി ട്രെയിൻ ഇടിക്കുന്നതിൽ നിന്നും രക്ഷിച്ച ആ റെയിൽവേ ജീവനക്കാരന് അഭിനന്ദന പ്രവാഹമാണു ലഭിച്ചിരുന്നത്. എന്നാൽ വിഡിയോ വ്യാജമാണെന്ന വാദങ്ങളാണ് ഇപ്പോൾ ഉയരുന്നത്.

നെഞ്ചി‌ടിപ്പിക്കുന്ന ദൃശ്യങ്ങളായിരുന്നു അത്. ഒരു സൈക്കിളുമെടുത്ത് ആടിയാടി റെയിൽവെ ട്രാക്ക് ക്രോസ് ചെയ്യാൻ ശ്രമിക്കുകയാണ് മദ്യപനായ ആ യുവാവ്. പക്ഷേ സൈക്കിൾ ട്രാക്കിൽ കുടുങ്ങി. അതു ശരിയാക്കി സൈക്കിൾ മറുവശത്തേക്കു വലിച്ചെറിഞ്ഞപ്പോഴേക്കും അയാളുടെ കയ്യിൽ നിന്നും ട്രാക്കിലേക്കു വീണ സാധനം തിരിച്ചെടുക്കാനുള്ള ശ്രമത്തിലായി. പക്ഷേ ആ സമയത്തു പുറകിലൂടെ വരുന്ന ട്രെയിൻ അയാള്‍ അറിയുന്നേയില്ല, ഈ സമയത്താണ് അൽപം അകലെയായി നിന്ന റെയില്‍വേ ജീവനക്കാരൻ ഓടിയടുത്ത് ട്രാക്കിൽ നിന്നും യുവാവിനെ മറുവശത്തേക്കു തള്ളിയിടുന്നത്, ഒപ്പം അയാളും തെറിച്ചു വീഴുന്നുണ്ട്. ഇരുവരും വീഴുന്നതും ട്രെയിൻ സ്ഥലത്തെത്തുന്നതുമെല്ലാം ഒരേ സമയത്താണ്. അതുകൊണ്ടുതന്നെ അത്ഭുതകരമായി, അതിസാഹസികമായി ജീവൻ രക്ഷിച്ച യുവാവിനെ എല്ലാവരും വാഴ്ത്തിപ്പാടി.

പക്ഷേ ഇപ്പോൾ വിഡിയോ വ്യാജമാണെന്നാണ് ഭൂരിഭാഗം പേരും പറയുന്നത്. അതിനായി അവർ നിരത്തുന്ന ന്യായവാദങ്ങൾ ഇവയൊക്കെയാണ്. യുവാവിനെ രക്ഷിക്കാനായി ഓടുന്ന റെയിൽവേ ജീവനക്കാരന്റെ നിഴൽ വിഡിയോയുടെ ഇടതുവശത്തായി കാണാം. പക്ഷേ ട്രെയിൻ പാസ് ചെയ്യുമ്പോൾ ആ നിഴലില്ല. മറ്റൊന്ന് സിസിടിവി ഫൂട്ടേജുകൾ സാധാരണയായി സമയവും തീയതിയും നൽകും, പക്ഷേ ഈ വിഡിയോയില്‍ അതൊന്നുമില്ല. ഇനിയൊന്ന് ഏതൊരു ട്രെയിനും ആ വേഗതയിൽ വന്നാൽ ഒരിക്കലും അവർ രണ്ടുപേരും രക്ഷപ്പെ‌ടില്ലായിരുന്നു, ട്രെയിനിന്റെ വിഡിയോ എഡിറ്റ് ചെയ്തതാണെന്നാണ് പറയുന്നത്. സംഭവം എവിടെ ന‍‌ടന്നതാണെന്നതും ഇതുവരെയും പുറത്തു വന്നിട്ടില്ല.