ഒരു കുതിരയ്ക്ക് 14,000ത്തിലധികം ഫോളോവേഴ്സോ?

ഫ്രെഡറിക് ദ് ഗ്രേറ്റ്

കറുത്തു മെഴുകുപോൽ തിളങ്ങുന്ന ശരീരം, ഓട്ടത്തിനിടയിൽ തുറിച്ചു നിൽക്കുന്ന മസിലുകൾ.... ഏതെങ്കിലും സിനിമയിലെ ഹീറോപരിവേഷമുള്ള നായകനെക്കുറിച്ചല്ല പറഞ്ഞു വരുന്നത്. അതുപോലെ അല്ലെങ്കില്‍ അതിനേക്കാൾ ഒരുപടി അധികം ഹോട്ട് ആൻഡ് സെക്സി ആയ കുതിരയെക്കുറിച്ചാണ്. സംശയിക്കേണ്ട... കുതിരയെക്കുറിച്ചു തന്നെ, ഒരുപക്ഷേ ലോകത്തിൽ വച്ച് ഏറ്റവും സുന്ദരനായ ഒരു കുതിര... പുറകുവശത്തേക്കു നീണ്ടുകിടക്കുന്ന കുഞ്ചിരോമങ്ങളെ പാറിപ്പറപ്പിച്ച് ഓടിയടുക്കുന്ന ആ കറുമ്പന്‍ സുന്ദരന്റെ പേര് ഫ്രെഡറിക് ദ് ഗ്രേറ്റ്, അമേരിക്കയാണു സ്വദേശം.

വെറും കുതിരയല്ലിവൻ സ്വന്തമായി ഒരു ഫേസ്ബുക്ക് പേജു പോലമുണ്ട് ഫ്രെഡറിക്കിന്. 14,000ത്തിലധികം ഫോളോവേഴ്‌സ് ഉള്ള ഫ്രെഡറിക് കുതിരയുടെ പേജ് ലൈക്ക് ചെയ്തിരിക്കുന്നത് 15,000ത്തിലധികം പേര്‍. ഇതിനകം ലോകത്തിലെ ഏറ്റവും ഹാന്‍ഡ്‌സം കുതിരയെന്ന് പേരും നേടി ഫ്രെഡറിക്. കുതിരകളെ ഇഷ്ടപ്പെടുന്നവര്‍ ഇവനെ സ്‌നേഹിച്ചു കൊല്ലുമെന്ന് ഉറപ്പാണ്. അതാണ് ഇത്രയും നാളത്തെ ഫ്രെഡറിക്കിന്റെ ചരിത്രം പറയുന്നത്. 

ഫ്രെഡറിക് ദ് ഗ്രേറ്റ്

ലോകത്തിലെ ഏറ്റവും ഫോട്ടോജെനിക് ആയ കുതിരയാണ് കറുപ്പിന് ഏഴഴകെന്ന ചൊല്ല് അന്വര്‍ത്ഥമാക്കുന്ന ഫ്രെഡറിക്. ഫേസ്ബുക്കില്‍ ഏറ്റവുമധികം ഫോളോവേഴ്‌സ് ഉള്ള കുതിരയും ഇവന്‍ തന്നെ. 1740 മുതല്‍ 1786 വരെ പ്രഷ്യന്‍ മോണാര്‍ക്കായിരുന്ന ഭരണാധികാരിയുടെ പേരാണ് ഇവനിട്ടിരിക്കുന്നത്.

അമേരിക്കയിലെ സാര്‍ക്ക് മലനിരകളില്‍ പിന്നക്കിള്‍ ഫ്രെസിയന്‍സ് എന്ന ഫാം നടത്തുന്നവരാണ് ഫ്രെഡറിക്കിന്റെ ഉടമസ്ഥര്‍. മുടിയഴകാലും ഫോട്ടോയ്ക്ക് ചേര്‍ന്ന രൂപത്താലും ലോകം മുഴുവനുള്ള കുതിരപ്രേമികള്‍ക്ക് ഹീറോ ആണ് ഫ്രെഡറിക് ദി ഗ്രേറ്റ്. ആളുടെ ഓരോ ഫോട്ടോയ്ക്കും ഫേസ്ബുക്കില്‍ കിട്ടുന്നത് ആയിരക്കണക്കിന് ലൈക്കുകളാണ്. സിനിമാക്കാരുടെയും ഇഷ്ട കുതിരയാണ് കുതിച്ചുപായുന്ന ഫ്രെഡറിക്. 

ഫ്രെഡറിക് ദ് ഗ്രേറ്റ്

ഫ്രെഡറിക്കിന്റെ വശീകരിക്കുന്ന സൗന്ദര്യത്തില്‍ കൂടുതല്‍ ആകൃഷ്ടരായിരിക്കുന്നത് സ്ത്രീകളാണെന്നാണ് ഫാം ഉടമകള്‍ പറയുന്നത്. ഓരോ പോസ്റ്റും ഷെയര്‍ ചെയ്യുന്നവരുടെ എണ്ണവും വളരെ കൂടുതലാണെന്ന് അവര്‍ പറയുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഈ കറുപ്പന് ഫെയ്‌സ്ബുക്ക് കൂടാതെ സ്വന്തമായി പിന്‍ട്രസ്റ്റ് എക്കൗണ്ടും യുട്യൂബ് ചാനലുമുണ്ട്. വളരെ ആക്റ്റീവായ വെബ്‌സൈറ്റും കുതിരയ്ക്കുണ്ട്. ഫാമില്‍ ഫ്രെഡറിക്കിനെ കാണാന്‍ കുട്ടികളും മുതിര്‍ന്നവരും യുവാക്കളുമെല്ലാം തടിച്ചുകൂടാറുണ്ടെന്നും ഉടമകള്‍ പറയുന്നു.