ഫാമിലി ഫോട്ടോയിൽ പ്രേതത്തെ കണ്ടു ഞെട്ടി അമ്മയും മക്കളും !

തിയ്യേറ്ററിൽ നിന്നെടുത്ത സെൽഫിക്കു പുറകിൽ പ്രേതരൂപം

ഒഴിവു ദിവസം കിട്ടിയപ്പോൾ അതൊന്നു ആഘോഷിക്കാമെന്നു തീരുമാനിച്ചാണ് ആ അമ്മയും മക്കളും സിനിമാ തിയ്യേറ്ററിൽ പോയത്. പക്ഷേ സിനിമ കാണലിനിടയ്ക്ക് ഒരു സെൽഫി എ‌ടുത്തതിന്റെ അമ്പരപ്പ് അവർക്ക് ഇപ്പോഴും വിട്ടുമാറിയിട്ടില്ല. മറ്റൊന്നുമല്ല മൂന്നു മക്കൾക്കൊപ്പം എടുത്ത ആ ഫാമിലി സെൽഫിയിൽ തങ്ങളുടെ അനുവാദം കൂ‌ടാതെ മറ്റൊരാൾ കൂ‌ടി കടന്നുകൂടിയിരിക്കുന്നു. ആരെന്നല്ലേ, ഫോട്ടോയ്ക്കുള്ളിൽ പതുങ്ങി ഒളിച്ചിരിക്കുന്നത് പ്രേതമാണത്രേ.

എമ്മ ജോൺസൺ എന്ന മുപ്പത്തിയഞ്ചുകാരിയാണ് ആറു വയസുകാരനായ ജോർജിനും എ​ട്ടുവയസുകാരി അവായ്ക്കും ഏഴുമാസം പ്രായമുള്ള ഹാർപറിനുമൊപ്പം സിനിമ കാണാനിറങ്ങിയത്. ഹാർപറിനെ ആദ്യമായി തിയ്യേറ്ററിൽ കൊണ്ടുപോകുന്നു എന്ന പ്രത്യേകതയും ആ യാത്രയ്ക്കുണ്ടായിരുന്നു. അതുകൊണ്ടു തന്നെയാണ് ഒരു സെൽഫി എടുക്കാൻ തീരുമാനിച്ചതും. പക്ഷേ സെൽഫിയിൽ പ്രേതം കടന്നുകൂടുമെന്നു സ്വപ്നേപി നിനച്ചില്ല.

തിയ്യേറ്ററിൽ നിന്നെടുത്ത സെൽഫിക്കു പുറകിൽ പ്രേതരൂപം

ഫൈൻഡിങ് ഡോറി കണ്ടുകൊണ്ടിരിക്കുന്നതിനിടയില്‍ അവർ എടുത്ത സെല്‍ഫിയിലാണ് ചെറിയൊരു പെൺകുട്ടിക്കു സമാനമായ രൂപം ഇവർക്കു പിന്നിൽ ഇരിക്കുന്നതു കാണുന്നത്. വീട്ടിലെത്തി ഫോട്ടോ ഒരിക്കൽക്കൂടി നോക്കാനായി എടുത്തപ്പോഴാണ് ഒളിഞ്ഞിരിക്കുന്ന പ്രേതത്തെ കണ്ടത്. എ​ന്നാൽ മക്കൾ പേടിക്കാതിരിക്കാനായി അതു പ്രേത സിനിമകളെ പ്രൊമോട്ട് ചെയ്യാനായി തിയ്യേറ്ററുടമകൾ കരുതിക്കൂട്ടി നിർത്തിയിരിക്കുന്ന പ്രേതരൂപമാണെന്നാണ് എമ്മ പറഞ്ഞത്. പക്ഷേ ഫോട്ടോയെടുക്കുന്ന സമയത്ത് തനിക്കു പുറകിലെ നിരകളിലൊന്നും ആരും ഉണ്ടായിരുന്നില്ലെന്ന് എമ്മ ഉറപ്പിച്ചു പറയുന്നു.

ഈ ഫോട്ടോ എടുക്കുന്നതു വരെയും പ്രേതം പോലുള്ള കാര്യങ്ങളെ താൻ തള്ളിപ്പറഞ്ഞിരുന്നുവെന്നും എന്നാൽ ഇപ്പോൾ വിശ്വസിക്കാതിരിക്കാൻ വഴിയില്ലെന്നും എമ്മ പറയുന്നു. ചിത്രം സമൂഹമാധ്യമത്തിൽ പോസ്റ്റു ചെയ്ത സമയത്ത് പലരും ഇതു ഫോട്ടോഷോപ് ആണെന്നും മറ്റേതെങ്കിലും ആപ്പുകൾ ഉപയോഗിച്ചു സൃഷ്ടിച്ചതാണെന്നും പറഞ്ഞിരുന്നു. പക്ഷേ ടെക്നൊളജിയെക്കുറിച്ചു വളരെ കുറച്ചു ജ്ഞാനം മാത്രമുള്ള തനിക്ക് അതെല്ലാം എങ്ങനെയാണ് ചെയ്യുക എന്നുപോലും അറിയില്ല. വിഷയത്തിൽ തിയ്യേറ്റർ അധികൃതര്‍ ഇതുവരെയും പ്രതികരണം അറിയിച്ചിട്ടില്ല.