പ്രേത പ്രേമികൾ പ്രേതത്തെക്കണ്ടു പേ‌ടിച്ചോടിയപ്പോള്‍, വിഡിയോ

പ്രേതം ഉണ്ടോ ഇല്ലയോ എന്നു ചോദിച്ചാൽ ഇല്ലെന്നു പറയുന്നവരാകും ഏറെയും. എന്നാല്‍ ദൈവം ഉണ്ടോ എങ്കിൽ പ്രേതവും ഉണ്ടെന്ന വാദവുമായി രംഗത്തു വരുന്നവരും ചില്ലറയല്ല. നന്മയുണ്ടെങ്കിൽ തിന്മയുണ്ടാകും എന്നാണ് അതിനായി അവർ ഉയർത്തുന്ന ന്യായവാദം. എന്തായാലും പ്രേതത്തെ നേരിൽ കാണാത്തിടത്തോളം നമുക്കതിൽ വിശ്വസിക്കേണ്ട കാര്യമില്ല. പക്ഷേ പ്രേതകഥകൾ കേൾക്കാനിഷ്ടമുള്ള ഒരുകൂട്ടം പ്രേത ആരാധകർ പേടിച്ചു പരക്കം പായുന്ന വി‍ഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നത്.

രക്തം വരെ തണുക്കുന്ന നിമിഷങ്ങൾക്കാണ് നിരപരാധികളായ ആ പ്രേതപ്രേമികൾ ഇരകളായത്. സംഗതി ന‌ടന്നത് അങ്ങു ലണ്ടനിൽ ഒരു പുസ്തക പ്രകാശനത്തിനിടയിലും. അവതാരകൻ ഹൊറർ നോവൽ വായിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ മുന്നിൽ പ്രേതത്തെ കണ്ട ഹൊറർ പ്രേമികൾ നാലുപാടും കുതിക്കുകയായിരുന്നു. പക്ഷേ വാതിലിനു മുന്നിലെത്തിയപ്പോഴോ അതാ അതും അടഞ്ഞു കിടക്കുന്നു. സംഗതി സംഘാടകരുടെ ഒരു പറ്റിക്കൽ പരിപാടിയായിരുന്നുവെന്നു പിന്നീടാണു മനസിലാകുന്നത്. ക്യാമറയും പ്രൊജക്റ്ററും ഒക്കെ ഉപയോഗിച്ച് വൻസെറ്റപ്പിലാണ് അവർ വിളിച്ചുവരുത്തിയവരെ പേടിപ്പിച്ച് ഓടിച്ചത്.

മിഷൽ പേവറുടെ 'തിൻ എ​യർ' എന്ന പുസ്തകത്തിന്റെ പ്രകാശനത്തിനിടയിലായിരുന്നു നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. എന്തായാലും ഈ ഒരൊറ്റ സംഭവത്തിലൂടെ പ്രേതത്തെയും പൊക്കിപ്പിടിച്ചു നടന്നവർക്കൊക്കെ പഴയ ആവേശമൊന്നുമില്ലെന്നാണു സംസാരം.