Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പീഡിപ്പിക്കാൻ വന്നവർക്കു മുന്നില്‍ അവൾ പ്രേതമായി !

Ghost Representative Image

ഭരണകൂടങ്ങളും നിയമവ്യവസ്ഥകളും മാറിമറയുമ്പോൾ നമ്മുടെ നാട്ടിലെ സ്ത്രീകൾ ഉയർത്തിക്കാണിക്കുന്ന പ്രധാന പ്രശ്നം എന്നും സുരക്ഷിതത്വം തന്നെയായിരിക്കും. ഏതു സമയത്തും ആരെയും ഭയക്കാതെ പീഡനങ്ങൾക്കു മുന്നിൽ മുട്ടുകുത്തേണ്ടി വരാത്ത നാളുകളാണ് ഓരോ സ്ത്രീയുടെയും സ്വപ്നം. അതല്ലാത്തിടത്തോളം കാലം നമ്മുടെ നാട്ടിൽ ജീവിക്കുന്ന പെൺകുട്ടികള്‍ ഒരിത്തിരി സാഹസികതയൊക്കെ കാണിച്ചാലേ ജീവിച്ചു പോകാൻ പറ്റൂ. ഇത്തരത്തിൽ നിവൃത്തികേടിന്റെ വക്കിലെത്തിയപ്പോൾ പീ‍ഡനത്തിൽ നിന്നും സ്വയരക്ഷയ്ക്കായി പ്രേതമായി അഭിനയിച്ചിരിക്കുകയാണ് ഒരു പെൺകുട്ടി. ഡൽഹി സ്വദേശിയായ പതിനേഴു വയസു മാത്രമുള്ള പെൺകുട്ടിയുടെ കഥ ഫേസ്ബുക്കിലൂടെ പങ്കുവച്ചത് അവളുടെ സുഹൃത്തായ ഖ്യാതി ഖാന്ദൽവാൽ എന്ന പെൺകുട്ടിയാണ്.

നഗരത്തിലെ പഞ്ചാബി ബാഗ് ഏരിയയിലൂടെ നടക്കുകയായിരുന്നു ആ പെൺകുട്ടി. സമയം ഏതാണ്ടു പത്തുമണിയായിക്കാണും. അധികസമയം കഴിയുംമുമ്പേ തന്നെ രണ്ടുപേർ പിന്തുടരുന്നതായി അവൾക്കു മനസിലായിരുന്നു. അഞ്ചു മിനിറ്റു കഴിഞ്ഞപ്പോഴേയ്ക്കും അവർ അവളെ കടന്നുപിടിച്ച് വിജനമായ ഒരു സ്ഥലത്തേക്കെത്തിച്ചു. എന്നാൽ കരഞ്ഞു കാലുപിടിക്കുന്നതിനു പകരം തീർത്തും അസാധാരണമായാണ് അവൾ പ്രതികരിച്ചത്. തനിക്കു പ്രേതം ബാധിച്ച പോലെ അഭിനയിച്ച െപൺകുട്ടി ഉറക്കെയുറക്കെ പൊട്ടിച്ചിരിക്കുകയും യുവാക്കളെ തുറിച്ചു നോക്കുകയും പാരാനോർമൽ ആയി സംസാരിക്കുകയും ചെയ്തു. ഇതു കണ്ടതോടെ യുവാക്കളിലൊരാൾ ഓടി മറഞ്ഞെങ്കിലും അടുത്തയാൾ മാറാതെ അവിടെ തന്നെ നിന്നു. അവനെ പേടിപ്പെ‌ടുത്താനായി അവൾ അവന്റെ ശരീരത്തിൽ മാന്തി ചോര ചിന്തിക്കുകയും ആ രക്തം അവളുടെ മുഖത്തു പൂശുകയും ചെയ്തു. അധികം വൈകാതെ രണ്ടാമനും പേടിച്ചോടി.

എല്ലാ സ്ത്രീകളും സുരക്ഷിതരാകാൻ ശീലിക്കണമെന്നും അതിനു പറ്റിയില്ലെങ്കിൽ ഈ പെൺകുട്ടിയെപോലെ സ്മാർട് ആകണമെന്നും പറഞ്ഞാണ് ഖ്യാതി തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്. പേരു പരസ്യമാക്കുന്നതിനോടു പെൺകുട്ടിയ്ക്കു താൽപര്യമില്ലാത്തതിനാലാണ് അക്കാര്യം പറയാത്തതെന്നും ഖ്യാതി വ്യക്തമാക്കി. ശല്യക്കാരെ നേരിടാൻ മാരകായുധങ്ങള്‍ മാത്രം വേണമെന്നില്ല അൽപം ബുദ്ധി കൂടി പ്രയോഗിച്ചാൽ മതിയെന്നു തെളിയിച്ചിരിക്കുകയാണ് ആ പെൺകുട്ടി.

Your Rating: