പെൺകുഞ്ഞിനെ പ്രസവിച്ചാൽ ഈ ആശുപത്രിയിൽ ബില്ലടയ്ക്കേണ്ട !

പ്രസവ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചാൽ നടുവൊടിക്കുന്ന ബില്ലുമായി മാത്രമേ പുറത്തിറങ്ങാൻ കഴിയൂ. അതാണ് ഇപ്പോഴത്തെ അവസ്ഥ. ഇനി ഇപ്പൊ സിസേറിയൻ ആണെങ്കിലോ ? പറയുകയേ വേണ്ട. എന്നാൽ ഇനി പ്രസവ ബില്ലിനെ കുറിച്ചോർത്ത് പേടിക്കണ്ട. പ്രസവ ബില്ല് അടക്കുകയും വേണ്ട. ഒരേ ഒരു നിബന്ധനമാത്രം പെൺകുഞ്ഞിനെ പ്രസവിക്കണം. അഹമ്മദാബാദിലെ  സിന്ധു ആശുപത്രിയാണ്  ഇത്തരത്തിൽ വ്യത്യസ്തമായ ഒരു നയവുമായി മുന്നോട്ടു വന്നിരിക്കുന്നത്.

പെൺകുഞ്ഞിന്റെ ജനനം ആർക്കും ഒരു ബാധ്യതയാകരുത് എന്ന ഉദ്ദേശമാണ് ഇതിനു പിന്നിൽ. നമ്മുടെ രാജ്യത്തെ രീതിയനുസരിച്ചു പെണ്‍കുഞ്ഞിന്റെ ജനനം അത്ര സന്തോഷം നൽകുന്നില്ല. പറഞ്ഞു വരുന്നത് സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന സ്ഥലങ്ങളിലെ കാര്യമാണ്. ഇക്കൂട്ടർ പെൺകുട്ടികളെ ഒരു ബാധ്യതയായി കാണുന്നവരാണ്.  പെണ്‍കുഞ്ഞുങ്ങളുടെ സുരക്ഷയും സംരക്ഷണവും വിദ്യാഭ്യാസവും ഉറപ്പുവരുത്താന്‍ നിരവധി പദ്ധതികളും സർക്കാർ  ആവിഷ്‌കരിച്ചിട്ടുണ്ട്. എന്നാൽ ജനനം അപ്പോഴും ഒരു ബാധ്യതയായി തുടരുന്നു. അതിനാലാണ് പ്രസവിച്ചത് പെൺകുട്ടിയെയാണ് എങ്കിൽ ചികിത്സ സൗജന്യമാക്കാൻ ഈ ആശുപത്രി തീരുമാനിച്ചത്. 

 ‘സേവ് ഗേള്‍ ചൈല്‍ഡ്’ എന്ന ആശയം ഉയര്‍ത്തി സിന്ധു സേവ സമാജ് ആരംഭിച്ച പുതിയ പദ്ധതിയുമായി നാടെങ്ങും സ്വാഗതം ചെയ്തിരിക്കുകയാണ്. പെണ്‍കുഞ്ഞ് ജനിക്കുന്ന ദമ്പതികളുടെ ബില്ല് ആശുപത്രി പൂർണമായും എഴുതിതള്ളും. സാധാരണ പ്രസവശ്രുശ്രൂഷകള്‍ക്ക് 7000 രൂപയും സിസേറിയന് 20,000 രൂപയുമാണ് ഇവിടെ ഏകദേശ ബില്ലു വരിക. 

ആശുപത്രിയിൽ വരുന്ന ദമ്പതിമാർ ആൺകുഞ്ഞു ജനിക്കാനായാണ് കൂടുതലും പ്രാർത്ഥിക്കുന്നത്. അങ്ങനെ ജനിച്ചയാൾ മധുരം വിതരണം ചെയ്യും. എന്നാൽ പെൺകുഞ്ഞാണ്‌ ജനിക്കുന്നത് എങ്കിൽ ഇങ്ങനെ ഒരാഘോഷം കാണുന്നില്ല. ഇതു നേരിൽ കണ്ട ആശുപത്രി അധികൃതരിൽ നിന്നാണ് ഇങ്ങനെ ഒരാശയം ജനിക്കുന്നത്. ആണ്‍-പെണ്‍ ശിശു അനുപാത നിരക്ക് വളരെ കുറഞ്ഞ ഗുജറാത്തിലാണ് ഇത്തരമൊരു സേവനവുമായി ആശുപത്രി രംഗത്തെത്തിയിരിക്കുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. 1000 ആണ്‍കുട്ടികൾക്ക്  890 പെണ്‍കുട്ടികളാണ് ഗുജറാത്തിലുള്ളത്.