ഈ ചിത്രത്തിൽ മൂന്ന് പെൺകുട്ടികളോ? രണ്ടോ? മൊത്തം സീൻ കോൺട്രയായല്ലോ

സ്വിസ് ഫൊട്ടോഗ്രാഫറായ ടിസിയാന വെർഗറി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഫോട്ടോ

ഇന്റർനെറ്റിലാകെ ഇപ്പോൾ സംസാര വിഷയം ഒരു ഫോട്ടോയാണ്. രണ്ട് പെൺകുട്ടികളാണ് അതിലെ താരങ്ങൾ. ഇനിയത് മൂന്നു പെൺകുട്ടികളാണോ? അതോ നാലു പേരോ? അല്ലെങ്കിലിനി അഞ്ചോ ആറോ പതിനൊന്നോ ഒക്കെയാണോ...? അറിയില്ല. ആകെ കൺഫ്യൂഷനാണ്. ഇതേ ആശയക്കുഴപ്പത്തിലൂടെയാണ് നെറ്റ്‌ലോകവും കടന്നു പോകുന്നത്. സ്വിസ് ഫൊട്ടോഗ്രാഫറായ ടിസിയാന വെർഗറിയാണ് ഇൻസ്റ്റഗ്രാമിൽ കഴിഞ്ഞ ദിവസം ഈ ഫോട്ടോ പോസ്റ്റ് ചെയ്തത്. ഇൻസ്റ്റഗ്രാം ഹാഷ്ടാഗ് പ്രോജക്ടിന്റെ ഭാഗമായിട്ടായിരുന്നു ഇത്. #WHPidentity എന്ന ഹാഷ്ടാഗിൽ ഓരോരുത്തരുടെയും വ്യക്തിസവിശേഷത വ്യക്തമാക്കുന്ന ചിത്രങ്ങളോ വിഡിയോകളോ അപ്‌ലോഡ് ചെയ്യാനായിരുന്നു ആവശ്യപ്പെട്ടിരുന്നത്. അതനുസരിച്ച് Same but different എന്ന ക്യാപ്ഷനുമിട്ടായിരുന്നു ടിസിയാന ഫോട്ടോ പോസ്റ്റ് ചെയ്തത്.

അപ്‌ലോഡ് ചെയ്ത് ദിവസങ്ങൾക്കകം ഫോട്ടോ വൈറലാവുകയായിരുന്നു. ചിത്രത്തിൽ എത്ര പെൺകുട്ടികളുണ്ടെന്ന ഒരു യൂസറുടെ കമന്റിൽ നിന്നായിരുന്നു ഇതിന്റെ തുടക്കം. അതോടെ ആ ചോദ്യമുന്നറിയിച്ച് ഒട്ടേറെപ്പേർ ഫോട്ടോ ഷെയർ ചെയ്യാനുമെത്തി. 13,000ത്തോളം പേരാണ് ദിവസങ്ങൾക്കകം ഫോട്ടോ പങ്കുവച്ചത്. ചിത്രത്തിൽ എത്ര പെൺകുട്ടികളുണ്ടെന്ന ചോദ്യത്തിന് കാര്യകാരണസഹിതം ഉത്തരവുമായി ആയിരക്കണക്കിന് കമന്റുകളുമെത്തി. അതിപ്പോഴും തുടരുകയുമാണ്. ആകെ രണ്ടു പേരേയുള്ളൂവെന്നും ബാക്കിയെല്ലാം അവരുടെ പ്രതിബിംബങ്ങളുമാണെന്നാണ് ഭൂരിപക്ഷാഭിപ്രായം. പക്ഷേ പെൺകുട്ടികളുടെ മുഖഭാവം ശ്രദ്ധിച്ചാൽ അവയിൽ വ്യത്യാസം തോന്നുന്നുണ്ടെന്നാണ് ചിലരുടെ പക്ഷം. അതുകൊണ്ടുതന്നെ ഫോട്ടോയിൽ ഏതാനും ഇരട്ടകൾ കൂടിയുണ്ടാകാൻ സാധ്യതയുണ്ടെന്നും ചിലർ ചൂണ്ടിക്കാട്ടി. മൊത്തം 13 പെൺകുട്ടികളുണ്ടെന്നു പറഞ്ഞവർ വരെയുണ്ട്. ഓരോ പെൺകുട്ടിയെയും #1, #2 എന്നൊക്കെ തരം തിരിച്ച് ആകെ എത്രപേരെന്ന് എണ്ണിയെടുത്തവരുമുണ്ട്.

വസ്ത്രത്തിന്റെ നിറം നീലയാണോ സ്വർണവർണമാണോ എന്നു ചോദിച്ചും പൂച്ച പടികൾ കയറുകയാണോ ഇറങ്ങുകയാണോ എന്നു ചോദിച്ചുമെല്ലാം നേരത്തെ പല വൈറൽ ട്രെൻഡുകളും സമൂഹമാധ്യമങ്ങളിലുണ്ടായിട്ടുണ്ട്. അതേ ‘ഒപ്റ്റിക്കൽ ഇല്യൂഷൻ’ കൂട്ടത്തിലേക്കാണ് പുതിയ ചിത്രത്തെ ചിലർ കൊണ്ടെത്തിച്ചത്. എന്തായാലും ചർച്ചകൾ കൊഴുക്കവേ ടിസിയാന തന്നെ ഫോട്ടോയ്ക്ക് ഒരു കമന്റിട്ടിട്ടുണ്ട്–‘എനിക്ക് ആകെ രണ്ട് പെൺകുട്ടികളാണ്’ എന്നായിരുന്നു ആ കമന്റ്. അതായത്, ഫോട്ടോയിലുള്ളത് തന്റെ മക്കളാണെന്നും അത് രണ്ടുപേരേയുള്ളൂവെന്നുമാണ് ടിസിയാന സൂചിപ്പിച്ചതെന്നുമായിരുന്നു ഈ മറുപടിയെ പലരും കണക്കാക്കിയത്. എന്തായാലും അന്തിമ ഉത്തരം കിട്ടുന്നതു വരെ ചർച്ച തന്നെ ചർച്ചയെന്നതാണ് ഇപ്പോഴത്തെ അവസ്ഥ.