സംശയിക്കേണ്ട, ഇതും ഒരു രാജാവു തന്നെയാണ് !

സ്കൂളിലെ കുട്ടികൾക്കായി ഭക്ഷണമുണ്ടാക്കാൻ സഹായിക്കുന്ന ഭൂട്ടാൻ രാജാവ് ജിഗ്‌മെ വാങ്ചെക്

രാജാവ് എന്നു കേൾക്കുമ്പോൾ നമ്മുടെ മനസിൽ വരുന്ന ചിത്രമെന്താണ്? സുഖസമ്പന്നമായ മണിമാളികയിൽ ആടയാഭരണങ്ങളെല്ലാം അണിഞ്ഞ് പരിചാരകരോടു സദാസമയം ആജ്ഞകളും കൽപനകളും നൽകി അകമ്പടികളോടെ നടക്കുന്ന തീർത്തും അസാധാരണമായൊരു രൂപം അല്ലേ... പണ്ടുതൊട്ടേ ചിത്രകളും സിനിമകളും ഒക്കെ നമുക്കു കാണിച്ചു തന്നിട്ടുള്ള രാജാവ് ഇങ്ങനെയൊക്കെയാണ്. ഇനി രാജഭരണമല്ലാത്ത ജനാധിപത്യ രാജ്യങ്ങൾ എടുത്താൽ പോലും പല േനതാക്കന്മാരും ലാളിത്യം തൊട്ടുതീണ്ടിയിട്ടില്ലെന്നു കാണാം. പക്ഷേ ഭൂട്ടാൻ രാജാവ് ജിഗ്‌മെ വാങ്ചെകിനെ സംബന്ധിച്ചിടത്തോളം അധികാരമൊന്നും അദ്ദേഹത്തെ മത്തുപിടിപ്പിച്ചിട്ടില്ലെന്നു മാത്രമല്ല ലാളിത്യത്തിന്റെ മൂർത്തീരൂപവുമാണ് അദ്ദേഹം.

ഇപ്പോഴിതാ രാജാവിന്റേതായുള്ള സകല പ്രൗഡിയും ഉപേക്ഷിച്ച് സാധാരണക്കാരനിൽ സാധാരണക്കാരനായിരിക്കുന്ന ജിഗ്‌മെയുടെ ചിത്രമാണ് സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്. മറ്റൊന്നുമല്ല വലിയൊരു പാത്രത്തിനു മുന്നിലിരുന്നു ഉള്ളിയും മുളകും നന്നാക്കുകയാണ് കക്ഷി. മോൺഗാറിലെ കമ്മ്യൂണിറ്റി സ്കൂളിലുള്ള കുട്ടികൾക്കുള്ള ഭക്ഷണം ഉണ്ടാക്കുന്നതിനായാണ് രാജാവും തുനിഞ്ഞിറങ്ങിയത്. ജിഗ്മെയുടെ എളിമയും അനുകമ്പയും വ്യക്തമാക്കുന്ന ചിത്രത്തിന് ഇതിനകം തന്നെ പ്രമുഖരിൽ നിന്നുൾപ്പെ‌ടെ പ്രശംസ ലഭിച്ചു കഴിഞ്ഞു.

ഓക്സ്ഫോര്‍ഡ് ബിരുദധാരിയും കടുത്ത ബാസ്ക്കറ്റ് ബാൾ ആരാധകനുമായ ജിഗ്‌മെ ഏറെ നാളത്തെ പ്രണയിനിയായ ജെറ്റ്സുൻ പെമായെയാണ് വിവാഹം കഴിച്ചത്. ഈ വർഷം ഇരുവർക്കും ഒരു ആൺകുഞ്ഞു പിറന്നതും ജിഗ്‌മെ വ്യത്യസ്തമായാണ് ആഘോഷിച്ചത്. മകന്റെ പിറന്നാളിന് ജിഗ്മെയും ആയിരക്കണക്കിന് ജനങ്ങളും 108,000 മരങ്ങൾ നട്ടാണ് ആഘോഷമാക്കിയത്. അന്നും രാജാവിന്റെ പ്രകൃതി സാഹോദര്യ നിലപാടിനെ പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. അധികാരത്തിലേക്കൊന്നു എത്തപ്പെടുമ്പോഴേയ്ക്കും ജനങ്ങളെ മറന്നു സ്വാർഥ താൽപര്യങ്ങളുമായി മുന്നോട്ടു പോകുന്ന ഓരോ നേതാക്കന്മാരും കണ്ടുപഠിക്കേണ്ടതാണ് ജിഗ്‌മെയെ.