സീരിയൽ ഷൂട്ടിനിടെ തീപിടുത്തം, നായികയെ രക്ഷിച്ച് നായകൻ, വിഡിയോ

തീയിൽ നിന്നും ജെന്നിഫറിനെ രക്ഷിക്കുന്ന കുശാൽ ടണ്ടൻ. ജെന്നിഫർ വിങ്ങെറ്റ്

വലിയൊരു അപക‌ടത്തിൽ നിന്നും നായികയെ നായകൻ രക്ഷിക്കുന്നു, ഒടുവില്‍ ഇരുവരും തമ്മിൽ പ്രണയം മൊട്ടിടുന്നു. സിനിമയും സീരിയലുമൊക്കെ പറഞ്ഞു തഴമ്പിച്ച രംഗമാണിത്. എന്നാൽ ഇത്തരത്തിലുള്ളൊരു ക്ലീഷേ രംഗം യഥാർഥമായി നടന്നിരിക്കുകയാണ് ഒരു സീരിയൽ സെറ്റിൽ. സംഗതി തീ സെറ്റിട്ടതാണെങ്കിലും കൈവിട്ടുപോയി ചുറ്റിനും തീപിടിക്കുകയായിരുന്നു. തുടർന്ന് നായികയെ നായകൻ രക്ഷിച്ചു കൊണ്ട് ഓടുകയാണ്.

ഹിന്ദി സീരിയൽ താരം കുശാൽ ടണ്ടനും നടി ജെന്നിഫർ വിങ്ങെറ്റും അഭിനയിക്കുന്ന ബേഹദിന്റെ സെറ്റിനിടെയാണ് സംഭവം നടന്നത്. വിവാഹമണ്ഡപത്തിന്റെ പശ്ചാത്തലത്തിലാണ് രംഗങ്ങൾ അരങ്ങേറിക്കൊണ്ടിരുന്നത്. തീപിടിച്ച വിവാഹ മണ്ഡപത്തിലിരിക്കുന്ന വധുവായി ജെന്നിഫർ വിങ്ങെറ്റ് അഭിനയിക്കുകയാണ്. ഇതിനിടയിലേക്ക് കുശാൽ ടണ്ടൻ കയറിവരികയും ഇരുവരും തിടുക്കത്തിൽ വരണമാല്യം അണിയിക്കാനും ശ്രമിക്കുകയാണ്.

പക്ഷേ പെട്ടെന്നാണ് മുകളിലും ഇരുവശങ്ങളിലും കത്തിപ്പടർന്ന തീ ആളിക്കത്താൻ തുടങ്ങിയത്. ഇതോടെ കുശാൽ ടണ്ടൻ ഉടൻ തന്നെ മണ്ഡപത്തിനു പുറത്തേക്കോടി. അപ്പോൾ തന്നെ തിരികെവന്ന് ജെന്നിഫറിനെയും വലിച്ച് വീണ്ടും കത്തുന്ന മണ്ഡപത്തിനു പുറത്തേക്കോ‌ടി. സംഗതിയെല്ലാം വിശദീകരിച്ച് ഒടുവിൽ വിഡിയോ സഹിതം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു കുശാൽ.

''തീപിടുത്തത്തിൽ നിന്നും ഒരു പെൺകുട്ടിയെ രക്ഷിക്കുക, അക്ഷരാർഥത്തിൽ ക്ലീഷേ തന്നെയാണ്. സിനിമകളിലൊക്കെ മാത്രം കണ്ടിട്ടുള്ള അത്തരത്തിലൊരു രംഗം സംഭവിക്കുക തന്നെ ചെയ്തു. ആ സമയത്ത് എന്താണ് മനസിൽ ഓടിയിരുന്നതെന്നു പോലും ഓർമയില്ല. തക്കസമയത്ത് മറുത്തൊന്നും ചിന്തിക്കാതെ ജെന്നിഫറിനെ രക്ഷിക്കാൻ ശക്തി പകർന്നതിൽ ദൈവത്തോടു നന്ദി പറയുന്നു, ജെന്നിഫർ ഭയന്നിരിക്കുകായിരുന്നു.''- കുശാൽ പറഞ്ഞു. ശേഷം തന്റെ ജീവൻ രക്ഷിച്ച കുശാലിന് നന്ദി പറഞ്ഞ് ജെന്നിഫറും ട്വീറ്റ് ചെയ്തു.

സംഭവം പബ്ലിസിറ്റിക്കു വേണ്ടി തയ്യാറാക്കിയതാണെന്ന വാദക്കാർക്കും കുശാൽ മറുപടി നൽകി. വെറും പബ്ലിസിറ്റിക്കു വേണ്ടി തന്റെ കൈകളും കഴുത്തും പൊള്ളിയെന്നു പരിഹാസരൂപേണയാണ് കുശാൽ മറുപടി നൽകിയത്. സംഭവത്തിൽ ജെന്നിഫറിനും പരിക്കേറ്റിരുന്നു. പുറകിൽ ചെറുതായി പൊള്ളലുണ്ടെന്നും മാറിവരുന്നുവെന്നും താരം അറിയിച്ചു.