ഇതാണു ഫോട്ടോ ! ഒരൊറ്റ ഫ്രെയിമിൽ ചന്ദ്രനും ഉൽക്കയും ക്ഷീരപഥവും ലാവയും

ഒരൊറ്റ ഫ്രെയിമിൽ ചന്ദ്രനും ഉൽക്കയും ക്ഷീരപഥവും ലാവയും

ചിലർക്കു ഫൊട്ടോഗ്രാഫി എന്നാൽ ജീവിതം തന്നെയാണ്. ഒരു ക്യാമറയും കയ്യിലെടുത്തു യാത്രയ്ക്കിറങ്ങിയാൽ പിന്നെ കണ്ണിൽക്കാണുന്ന കൗതുകങ്ങളൊക്കെയും ആവേശത്തോടെ പകർത്തും. അമേരിക്കൻ സാഹസിക ഫൊട്ടോഗ്രഫറായ മൈക് മെസ്വെല്ലും അത്തരത്തിൽ ഫൊട്ടോഗ്രഫിയെ ജീവനു തുല്ല്യം പ്രണയിക്കുന്നയാളാണ്. നല്ലൊരു ചിത്രം പകർത്താനായി ഏതറ്റം വരെ പോകാനും മുപ്പത്തിരണ്ടുകാരനായ മൈക് തയ്യാറാണ്, അതുകൊണ്ടുകൂടിയാണ് സാഹസിക ഫൊട്ടോഗ്രഫർ എന്ന വിശേഷണം ലഭിച്ചതും. മൈക്കിന്റെ ഏറ്റവും പുതിയ ഫോട്ടോയാണിപ്പോൾ സമൂഹമാധ്യമത്തില്‍ ചർച്ചയാകുന്നത്. ചന്ദ്രനും ക്ഷീരപഥവും വാൽനക്ഷത്രവും ലാവയും എല്ലാം ഒരൊറ്റ ഫോട്ടോയിൽ ഉള്‍ക്കൊള്ളിച്ചുള്ള പ്രകൃതിയുടെ ഏറ്റവും മനോഹരവും അപൂർവ്വവുമായൊരു ദൃശ്യമാണത്.

ഹവായിയിലെ വോൾകാനോസ് നാഷണൽ പാർക്കിൽ വച്ചെടുത്തതാണു ചിത്രം.

ഹവായിയിലെ വോൾകാനോസ് നാഷണൽ പാർക്കിൽ വച്ചെടുത്തതാണു ചിത്രം. ചിത്രം പകർത്തിയതോടെ താൻ അക്ഷരാർഥത്തിൽ ഞെട്ടിപ്പോയെന്നു മൈക് പറയുന്നു. സൂര്യാസ്തമയത്തിനു ശേഷം താൻ വച്ച മൂന്നാമത്തെ ഫ്രെയിമിലാണ് ഈ അപൂർവ ദൃശ്യം പതിഞ്ഞത്. അത്രയും നേരം തൃപ്തി വരാതെ മറ്റൊരു നല്ല മുഹൂർത്തത്തിനായി കാത്തിരുന്നെങ്കിലും വാൽനക്ഷത്രം കൂടി തെളിഞ്ഞതോടെ താൻ ഇനി മറ്റൊരു ഫോട്ടോ വേണ്ടെന്നു തീരുമാനിക്കുകയായിരുന്നു.

തീതുപ്പുന്ന ലാവയ്ക്കടുത്തു നിന്നു ചൂടു വകവെക്കാതെ താൻ ആഗ്രഹിച്ചതുപോലൊരു സ്നാപിനു വേണ്ടി കാത്തിരുന്ന മൈക്കിന്റെ ആത്മാർഥതയെ ലോകമെങ്ങും പുകഴ്ത്തുകയാണ് ഇപ്പോൾ.

ചുവപ്പിന്റെ രൗദ്രഭാവത്തോടെയുള്ള ലാവയും പർപ്പിളും നീലയും കലർന്ന ആകാശച്ചന്തവും ഇടയ്ക്കു വെള്ള വരയിൽ ചലിക്കുന്ന വാൽനക്ഷത്രവും കൂടിയായപ്പോൾ അതൊരു ക്ലാസ് ഫോട്ടോ ആയി. സത്യത്തിൽ ലാവയുടെ ചൂടുകാരണം അധികം വൈകാതെ അവിടം വിട്ടു പോവാനിരിക്കുകയായിരുന്നു, അതിനു തൊട്ടുമുമ്പാണ് ഭാഗ്യമെന്നോണം ആ ചിത്രം കിട്ടിയത്- മൈക് പറയുന്നു. തീതുപ്പുന്ന ലാവയ്ക്കടുത്തു നിന്നു ചൂടു വകവെക്കാതെ താൻ ആഗ്രഹിച്ചതുപോലൊരു സ്നാപിനു വേണ്ടി കാത്തിരുന്ന മൈക്കിന്റെ ആത്മാർഥതയെ ലോകമെങ്ങും പുകഴ്ത്തുകയാണ് ഇപ്പോൾ.