പാവം ലെഗിങ്സ് അല്ല കുറ്റക്കാരൻ, ഈ വിഡിയോ അത് തെളിയിക്കും!!

ഫാഷന്‍ രംഗത്തു കാലുകുത്തിയ അന്നുമുതൽ പഴി കേൾക്കുന്ന വസ്ത്രമാണ് ലെഗിങ്സ്. സ്ത്രീകളുടെ അഴകളവുകൾ മര്യാദയു‌ടെ സീമ ലംഘിച്ചു കാണിക്കുന്ന വസ്ത്രമാണെന്നാണ് ലെഗിങ്സിനെ വിമർശിക്കുന്നവർ പറയുന്നത്. ഇങ്ങനെയൊക്കെയാണെങ്കിലും ഗേൾസിന്റെ പ്രിയവസ്ത്രമാണ് ലെഗിങ്സ്. ഏറ്റവും കംഫർട്ടബിള്‍ ആണെന്നതിനൊപ്പം ധരിക്കാനും സുഖകരമായ ഒരു വസ്ത്രം. ലെഗിങ്സിനെ പഴി പറയൽ ഇങ്ങു കേരളത്തിൽ മാത്രമല്ല അങ്ങ് അമേരിക്ക വരെ എത്തിയിട്ടുണ്ട്. എത്രയൊക്കെ ആധുനികവൽക്കരിക്കപ്പെട്ടുവെന്നു പറഞ്ഞാലും അമേരിക്കക്കാരിലും ചിലർക്ക് ഈ ലെഗിങ്സിനോടത്ര പഥ്യം പോരെന്നാണ് വൈറലാകുന്ന പുതിയ വിഡിയോ തെളിയിക്കുന്നത്. ടെന്നീസി സ്വദേശിയായ ജാമി ഹിഗ്ഡൺ റാൻഡോൾഫ് ലെഗിങ്സിനെക്കുറിച്ചു തയ്യാറാക്കിയ സെൽഫി വിഡിയോയാണ് സോഷ്യൽ മീഡിയയിൽ പരക്കുന്നത്.

ലെഗിങ്സ് പാന്റുകളല്ല എന്ന തലക്കെട്ടോടെ ചെയ്തിരിക്കുന്ന വിഡിയോയിൽ ലെഗിങ്സ് എങ്ങിനെ യുക്തിക്കനുസരിച്ച് ധരിക്കണമെന്നാണ് ജാമി പറയുന്നത്. ലെഗിങ്സിനെ ഇഷ്ടപ്പെടുന്ന ജാമിയ്ക്ക് ഇന്നത്തെ പെൺപിള്ളേർ ലെഗിങ്സ് ധരിക്കുന്ന രീതിയെയാണ് അംഗീകരിക്കാൻ കഴിയാത്തത്. 'ഞാൻ ലെഗിങ്സിനെ ഇഷ്ടപ്പെടുന്നു. നിങ്ങൾക്കു ലെഗിങ്സ് ഇഷ്ടമല്ലാത്തത് എനിക്കൊരു പ്രശ്നമല്ല, എന്നെ ജഡ്ജ് ചെയ്യാനും വരണ്ട. അവ വളരെ കംഫർട്ടബിൾ ആണ്. പാകമായ നീളത്തിലുള്ളവയാണവ. ലെഗിങ്സിനൊപ്പം ധരിക്കുന്നത് എന്താണെന്ന് അനുസരിച്ചിരിക്കും നിങ്ങളുടെ ലുക്'.- ജാമി പറയുന്നു.

ഇനി ജാമി പറയുന്നത് ലെഗിങ്സ് ധരിക്കേണ്ടതെങ്ങനെയാണെന്നാണ്. 'പലരും ലെഗിങ്സുകൾ പാന്റിനു പകരം ധരിക്കുന്നതു കാണുന്നുണ്ട്. ഒരിക്കലും അതങ്ങനെയല്ല ധരിക്കേണ്ടത്. ലെഗിങ്സ് ധരിക്കുമ്പോൾ പിൻഭാഗം മറയ്ക്കുന്ന ഷർട്ട് ഇടാൻ പറ്റില്ലെങ്കിൽ അതു ധരിക്കേണ്ടതില്ല. ഇനി ഉള്ളിലുള്ള ടാറ്റു വരെ കാണാൻ പാകത്തിലുള്ള ഇറുകിയ ലെഗിങ്സുകളാണെങ്കിൽ അതു ധരിക്കുകയേ ചെയ്യരുത്. ആർക്കും നിങ്ങളുടെ അടിവസത്രം കാണേണ്ടതില്ല.' അതിനാൽ ലെഗിങ്സിനൊപ്പം പിന്‍ഭാഗം മറയ്ക്കുന്ന ടോപ്പും ധരിക്കണമെന്നാണ് ജാമി പറയുന്നത്. എന്തായാലും ഒരൊറ്റ ലെഗിങ്സ് വിഡിയോ കൊണ്ട് കക്ഷി ഇപ്പോൾ ഹിറ്റായിരിക്കുകയാണ്.

ലെഗിങ്സ് ധരിക്കുന്നതിൽ ഉപദേശം നൽകുന്ന ജാമിയുടെ വിഡിയോ ഫേസ്ബുക്കിൽ 12 മില്യണിലധികം ആളുകളാണ് കണ്ടത്.