ആരാധകർ വൈറലാക്കുന്നു മാഗിയുടെ ‘ബീഫ് നൂഡിൽസ്’

‘ആറു വർഷത്തെ ഇടവേളയ്ക്കു ശേഷം ഇന്ദുചൂഢൻ വന്നിരിക്കുന്നു. ചില കളികൾ കാണാനും ചിലത് കളിച്ചു പഠിപ്പിക്കാനും...’ മോഹൻലാലിന്റെ ഈ നരസിംഹഡയലോഗിനു സമാനമായ ഒരു കാഴ്ചയായിരുന്നു അത്- ഫെയ്സ്ബുക്കിലും വാട്ട്സാപ്പിലുമെല്ലാം വൈറലാകുന്ന ഒരു ഫോട്ടോ. മറ്റൊന്നുമല്ല, ബീഫ് ഫ്ലേവറോടു കൂടിയ മാഗി നൂഡിൽസിന്റെ പാക്കറ്റിന്റെ ചിത്രം. ആറു വർഷമൊന്നും എടുത്തില്ലെങ്കിലും അഞ്ചുമാസത്തെ ഇടവേളയ്ക്കു ശേഷം വിപണിയിലേക്ക് തിരിച്ചെത്തിയതിന്റെ പിറകെയാണ് ഒരു പഞ്ച്ഡയലോഗിന്റെ നെഞ്ചുറപ്പോടെ മാഗിയുടെ ബീഫ് നൂഡിൽപാക്കിന്റെ ചിത്രം വൈറലാകുന്നത്.

പൊതുവിപണിയിലേക്ക് തങ്ങൾ തിരിച്ചെത്തുകയാണെന്ന് പരസ്യങ്ങളിലൂടെയും മറ്റും ആഘോഷമാക്കിക്കഴിഞ്ഞു നെസ്‌ലെ കമ്പനി. നവംബർ രണ്ടാംവാരത്തിൽ സ്നാപ് ഡീൽ വഴി മാഗി വിൽപനയ്ക്കെത്തിച്ചപ്പോൾ അറുപതിനായിരത്തിലേറെ കിറ്റ് നൂഡിൽസാണ് ഒറ്റയടിക്ക് വിറ്റുപോയത്. രാജ്യത്തെ നൂറിലേറെ പട്ടണങ്ങളിലും മാഗി തിരിച്ചെത്തിക്കഴിഞ്ഞു. പക്ഷേ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ബീഫ് ഫ്ലേവറുള്ള നൂഡിൽസിന്റെ ചിത്രം നേരത്തെത്തന്നെ വിപണിയിലുള്ളതാണ്, ഇന്ത്യയിലല്ലെന്നു മാത്രം. ഓസ്ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിലാണ് ബീഫ് ഫ്ലേവറോടു കൂടിയ മാഗി വിൽപനയ്ക്കുണ്ടായിരുന്നത്. അവിടത്തെ ഓൺലൈൻ സ്റ്റോറുകളിൽ ഇവയുടെ ചിത്രങ്ങളും വിവരങ്ങളും ഇപ്പോഴും ലഭ്യം. ആ ഫോട്ടോകളാണിപ്പോൾ #maggi#beefflavour എന്നീ ഹാഷ്ടാഗുകളോടെ പതിയെപ്പതിയെ പ്രചാരം നേടിക്കൊണ്ടിരിക്കുന്നത്.

തങ്ങളെ ഒതുക്കാൻ നോക്കിയവർക്ക് വമ്പനൊരു തിരിച്ചടി നൽകണമെങ്കിൽ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ ഇത്തരമൊരു ബീഫ് നൂഡിൽസ് അത്യാവശ്യമാണെന്നാണ് നെറ്റ്‌ലോകത്ത് മാഗി ആരാധകരുടെ കമന്റുകളിൽ നിറയുന്നത്. കാരണം യോഗഗുരു രാംദേവിന്റെ പതഞ്ജലി നൂഡിൽസിനു വഴിയൊരുക്കാൻ വേണ്ടിയാണ് മാഗിയെ വിപണിയിൽ നിന്ന് തന്ത്രപൂർവം ചവിട്ടിപ്പുറത്താക്കിയതെന്ന വാർത്ത ശക്തമായിരുന്നു. അതിനു വഴിയൊരുക്കി രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ആയുർവേദ് കമ്പനിയുടെ ഇൻസ്റ്റന്റ് നൂഡിൽസും വിപണിയിലേക്കെത്തിക്കഴിഞ്ഞു. ഇന്ത്യയിലെ നൂഡിൽസ് വിപണിയുടെ 90ശതമാനവും സ്വന്തമായിരിക്കെ ഇക്കഴിഞ്ഞ ജൂണിലാണ് മാഗിയിൽ ഈയത്തിന്റെ സാന്നിധ്യമുണ്ടെന്ന റിപ്പോർട്ടിനെത്തുടർന്ന് കേരളമുൾപ്പെടെയുള്ള വിപണിയിൽ നിന്ന് പിൻവലിക്കപ്പെട്ടത്. പക്ഷേ മാഗിയെ പിന്തുണച്ച് പാട്ടും കോമഡി സ്കിറ്റുകളും ട്രോളുകളും ഹ്രസ്വചിത്രങ്ങളും വരെ ആരാധകർ തയാറാക്കി.

അതിനിടെ ഏറെ നിയമയുദ്ധങ്ങൾക്കൊടുവിൽ ബോംബെ ഹൈക്കോടതിയുടെ നിർദേശപ്രകാരം നടന്ന പരിശോധനയിൽ ഗോവ, കർണാടക, പഞ്ചാബ് എന്നിവിടങ്ങളിലെ ഫാക്ടറികളിൽ ഉൽപാദിപ്പിച്ച പുതിയ ബാച്ച് നൂഡിൽസിൽ ഈയത്തിന്റെ അളവ് അനുവദനീയമായ പരിധിക്കുള്ളിലാണെന്നു തെളിയുകയായിരുന്നു. അതോടെ വിപണിയിലേക്കുള്ള വിലക്കും നീങ്ങി. ചിക്കൻ, മഷ്റൂം, ടുമാറ്റോ, മിക്സഡ് വെജിറ്റബ്‌ൾസ് തുടങ്ങിയ ഫ്ലേവറുകളിൽ ഇന്ത്യൻ വിപണിയിൽ നൂഡിൽസ് ലഭ്യമാണ്. എന്നാൽ രാജ്യത്ത് ബീഫിന് ചില സംസ്ഥാന സർക്കാരുകൾ നിരോധനം നടപ്പാക്കിത്തുടങ്ങിയതോടെയാണ് അതൊരു രാഷ്ട്രീയ വിഷയമായി മാറിയത്. ബീഫ് നിരോധനം തിരഞ്ഞെടുപ്പുകളിൽ പോലും ചൂടുള്ള ചർച്ചയായി. നിരോധിച്ചവരെത്തന്നെ അത് തിരിച്ചടിച്ചു. അതിനിടെയാണ് ബീഫ് ഫ്ലേവറോടെയുള്ള ഒരു തിരിച്ചുവരവ് മാഗി ആരാധകർ സ്വപ്നം കാണുന്നത്. ആ ആഗ്രഹമാണ് ഹാഷ്ടാഗുകളായും ഫോട്ടോകളായും സമൂഹമാധ്യമങ്ങളിൽ നിറയുന്നതും. കാത്തിരിക്കാം, നഷ്ടക്കണക്കുകളുടെ കാരാഗൃഹത്തിലേക്ക് തങ്ങളെ തള്ളിയിട്ടവരെ ചില പാഠങ്ങൾ പഠിപ്പിക്കാൻ മാഗി ബീഫ് ഫ്ലേവറുമായി എത്തുമോയെന്ന്... ഒരുപക്ഷേ അതായിരിക്കും അടുത്ത വിവാദവും.