പ്രശസ്ത അവതാരകയെ പുട്ടുണ്ടാക്കാൻ പഠിപ്പിച്ച് ആറു വയസുകാരൻ, വിഡിയോ വൈറൽ!

പ്രശസ്ത അവതാരകയെ പുട്ടുണ്ടാക്കാൻ പഠിപ്പിച്ച കൊച്ചിക്കാരൻ മലയാളി ബാലൻ കിച്ച...

മിഷേൽ ഒബാമ ഉൾപ്പെടെയുള്ളവർ അതിഥികളായി വന്നിട്ടുണ്ട് എലൻ ഡിജെനറസിന്റെ പ്രശസ്തമായ ടോക് ഷോയിൽ. ആ വേദിയിൽ  നമ്മുടെ സ്വന്തം പുട്ട് ഉണ്ടാക്കുന്നതെങ്ങനെ എന്നു ചർച്ച വന്നാൽ എന്താകും അവസ്ഥ!.. മലയാളികൾ പോലും വാ പൊളിച്ചുപോകുമെന്നു തീർച്ച. എലനെ പുട്ടുണ്ടാക്കാൻ പഠിപ്പിക്കുന്നത് ഒരു ആറുവയസുകാരനാണെങ്കിലോ. സംഗതി പൊളിച്ചു...

കൊച്ചിക്കാരൻ നിഹാൽ രാജ് എന്ന കിച്ച എലൻ ഡിജെനറസിനെ പുട്ടുണ്ടാക്കാൻ പഠിപ്പിച്ച കഥ ഇപ്പോൾ യുട്യൂബിലും യുഎസിലുമെല്ലാം ചർച്ചയാണ്. ഓസ്കർ ഉൾപ്പെടെയുള്ള പരിപാടികളിൽ അവതാരകയായി തിളങ്ങിയ, ഹോളിവുഡിലെയും മറ്റും സെലിബ്രിറ്റികളെ തന്റെ ചോദ്യങ്ങൾക്കു മുന്നിൽ പൊട്ടിച്ചിരിപ്പിച്ച എലൻ, കിച്ചയുടെ പുട്ടുണ്ടാക്കലിന്റെ കഥ കണ്ട് കണ്ണുതള്ളി നിന്നു. തീർന്നില്ല, പുട്ട്, പുട്ടുകുറ്റി തുടങ്ങിയ വാക്കുകൾ പഠിച്ചെടുത്ത് പുട്ട്  ആസ്വദിക്കുകയും ചെയ്തു. 

പാചകരഹസ്യങ്ങൾ യുട്യൂബിലെത്തിച്ച കിച്ചാട്യൂബ് എന്ന യുട്യൂബ് ചാനലാണു നിഹാൽ രാജിനെ താരമാക്കിയത്. കുട്ടികൾക്കു ചെയ്യാൻ പാകത്തിനുള്ള പാചകപരീക്ഷണങ്ങളാണു കിച്ചാട്യൂബ് എന്ന യുട്യൂബ് ചാനലിലുള്ളത്. 2015 ജനുവരിയിലായിരുന്നു ആരംഭം. അമ്മ റൂബി രാജഗോപാലിനൊപ്പം അടുക്കളയിൽ സഹായിച്ചാണു നിഹാൽ രുചിയുടെ കുഞ്ഞുവിശേഷങ്ങൾ പഠിച്ചെടുക്കുന്നത്. നിഹാൽ തയാറാക്കിയ ഒരു വിഭവത്തിന്റെ വിഡിയോ, പിതാവ് രാജഗോപാൽ വി.കൃഷ്ണൻ തന്റെ ഫെയ്സ്ബുക് പേജിൽ അപ്‌ലോ‍ഡ് ചെയ്തു. ഇത് ഒട്ടേറെപ്പേർ കാണുകയും ചെയ്തു. യുട്യൂബിൽ കിച്ചാട്യൂബ് എന്ന ചാനൽ ആരംഭിക്കാൻ പ്രചോദനം അതായിരുന്നു.

അമ്മ പറഞ്ഞു നൽകുന്ന വിഭവങ്ങളിൽ നിഹാലിന്റെ പൊടിക്കൈകൾ കൂടിയാകുമ്പോൾ കിച്ചാട്യൂബിനുള്ള വിഭവമായി. മാസത്തിൽ ഓരോ വിഡിയോ വീതം അപ്‌ലോഡ് ചെയ്തു. ഫെയ്സ്ബുക്കിലൂടെയും മറ്റും ഇവ ഷെയർ ചെയ്യപ്പെടുകയും ചെയ്തു. കഴിഞ്ഞ നവംബറിൽ നിഹാൽ അപ്‌ലോഡ് ചെയ്ത മിക്കി മൗസ് മാംഗോ ഐസ്ക്രീം എന്ന വിഡിയോ ഫെയ്സ്ബുക്ക് സ്വന്തമാക്കിയതോടെയാണു നിഹാലിനെ ലോകം ശ്രദ്ധിച്ചത്. 

ഫെയ്സ്ബുക്കിന്റെ ‘സ്പേസ് ഫോർ എവരിവൺ’ എന്ന പുതിയ ക്യാംപയിനു വേണ്ടി വിഡിയോ ഉപയോഗിക്കാനാണ് അതു സ്വന്തമാക്കിയത്. വിഡിയോയുടെ കോപ്പിറൈറ്റിനു 1000 ഡോളറും നിഹാലിന്റെ ടാലന്റ് റൈറ്റായി 1000 ഡോളറും അടക്കം 2000 ഡോളർ ഫെയ്സ്ബുക്ക് നിഹാലിനു കൊടുക്കുകയും ചെയ്തു. ഫെയ്സ്ബുക്കിൽ നിന്നു വരുമാനം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞവരിൽ ഒരാളായതോടെ  നിഹാലിനെ ലോകം ശ്രദ്ധിച്ചു തുടങ്ങി. അങ്ങനെയാണ് ഇപ്പോൾ എലൻ ഷോയിൽ നിഹാൽ എന്ന കിച്ച പുട്ടുണ്ടാക്കിയത്.