ഹോട്ടൽ അധികൃതരുമായി തർക്കം; ദേഷ്യം കൂടി ടിപ് കൊടുത്തത് പെരുമ്പാമ്പിനെ!

യൂട്യൂബ് വിഡിയോയിൽ നിന്നെടുത്ത ചിത്രം

ഹോട്ടലിലെ ഭക്ഷണം ഇഷ്‌ടപ്പെട്ടില്ലെങ്കിലോ വൃത്തിഹീനമായ അന്തരീക്ഷണമാണെങ്കിലോ നമ്മൾ അധികൃതരോടു വഴക്കുണ്ടാക്കിയേക്കാം. എന്നാൽ ദേഷ്യം മൂത്ത് ടിപ് ആയി പൈസ നൽകുന്നതിനു പകരം പെരുമ്പാമ്പിനെ നൽകിയാലോ? ഏതെങ്കിലും സിനിമയിലെ കോമഡി രംഗമല്ല യഥാർഥത്തിൽ സംഭവിച്ച കാര്യം തന്നെയാണ് പറഞ്ഞു വരുന്നത്. ലോസ്ആഞ്ചൽസിലെ സുഷി റെസ്റ്റോറന്റിലാണ് വിചിത്രമായ സംഭവം അരങ്ങേറിയത്. ഹിരോഷി മോടോഹാഷി എന്ന വളർത്തു മൃഗങ്ങളുടെ ബിസിനസ് നടത്തുന്നയാളാണ് പതിമൂന്നടി നീളമുള്ള പെരുമ്പാമ്പിനെ ഹോട്ടലിൽ ഉപേക്ഷിച്ചു പോയത്. ഹോട്ടല്‍ മാനേജ്മെന്റുമായി നടന്ന വാദ പ്രതിവാദങ്ങൾക്കൊടുവിൽ പെരുമ്പാമ്പിനെ സ്ഥലത്ത് ഉപേക്ഷിച്ചാണ് അയാൾ പ്രതികാരം തീർത്തത്.

ഭക്ഷണം കഴിച്ചതിന്റെ 200 ഡോളർ നൽകിയതിനു ശേഷം ഇയാൾ തന്റെ കയ്യിലുണ്ടായിരുന്ന ചെറിയ പാമ്പിനെയെടുത്ത് മറ്റുള്ളവർക്കു മുന്നിൽ പ്രദർശിപ്പിക്കുകയായിരുന്നു. ഇതുകണ്ട മാനേജർ ഹിരോഷിയോടു പാമ്പിനെയുംകൊണ്ടു സ്ഥലം വിടാൻ പറഞ്ഞതാണ് പ്രശ്നങ്ങള്‍ക്കു കാരണമായത്. ദേഷ്യം വന്ന ഹിരോഷി അപ്പോൾ ഹോട്ടൽ വിട്ടുവെങ്കിലും നിമിഷങ്ങൾക്കുള്ളിൽ പതിമൂന്നടി നീളമുള്ള ഒരു പെരുമ്പാമ്പിനെയും െകാണ്ടു വീണ്ടും ഹോട്ടലിലെത്തുകയായിരുന്നു. പാമ്പിനെ നിലത്തിട്ടു കക്ഷി പുറത്തേക്കു പോവുകയും ചെയ്തു. തുടർന്ന് മൃഗസംരക്ഷക വിഭാഗം സ്ഥലത്തെത്തിയാണ് പാമ്പിനെ പിടിച്ചുവച്ചത്. മൃഗങ്ങളെ വച്ചു ഭീഷണിപ്പെടുത്തിയതിന് ഹിരോഷിയെ അറസ്റ്റു ചെയ്തിരിക്കുകയാണ്.