113 വർഷം പഴക്കമുള്ള കൂറ്റൻ ചിമ്മിനി തലയ്ക്കു മുകളിലേക്ക്; അദ്ഭുതം ഈ രക്ഷപ്പെടൽ

ലോകത്ത് ഏറ്റവുമധികം ഭാഗ്യമുള്ളയാൾ ആരെന്നു ചോദിച്ചാൽ സമ്പന്നരുടെ പട്ടികയില്‍ നിന്നു തുടങ്ങി നിരവധി പേരുകൾ നമുക്കു പറയാൻ കാണും. പക്ഷേ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമെന്നത് മരണത്തിനു മുന്നിൽ നിന്നും കഷ്ടിച്ചു രക്ഷപ്പെടാൻ കഴിയുന്നതു തന്നെയാണ്. അത്തരമൊരു സന്ദർഭത്തിലൂടെ പോയിട്ടുള്ളയാൾക്കു ജീവിതത്തിൽ താൻ നേരിട്ട ഏറ്റവും ഭാഗ്യമുള്ള നിമിഷം ഏതാണെന്നതിന് ഒരു സംശയവും കാണില്ല. അലബാമ സ്വദേശിയായ ടിം ഫ്ലിഫർ എന്ന എക്സ്കവേറ്റർ കൺട്രോളറാണ് തലയ്ക്കു മുകളിൽ പതിച്ച കൂറ്റൻ ചിമ്മിനിയിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്.

113 വർഷം പഴക്കമുള്ള കൂറ്റൻ ചിമ്മിനി എക്സ്കവേറ്റർ ഉപയോഗിച്ചു പൊളിച്ചു മാറ്റുകയായിരുന്നതിനിടെയാണ് അപകടമുണ്ടായത്. ആകാശത്തോളം ഉയരമുള്ള കൂറ്റൻ ചിമ്മിനി അടിഭാഗത്തു നിന്നും പൊളിക്കുന്നതിനിടെയാണ് ചിമ്മിനി ഒന്നാകെ താഴേയ്ക്കു പതിച്ചത്. ടിം ഫ്ലിഫറിന്റെ എക്സ്കവേറ്ററിനു മുകളിലേക്കാണ് ചിമ്മിനി തകർന്നു വീണത്. ഞൊടിയിടയ്ക്കുള്ളിൽ ടിം എക്സ്കവേറ്റർ വെട്ടിച്ചതിനാൽ ദുരന്തം ഒഴിവായി. സ്ഫോടക വസ്തുക്കൾ നിറച്ച് ചിമ്മിനി തകർക്കാനുള്ള ശ്രമം പരാജയപ്പെട്ട സാഹചര്യത്തിലാണ് ഫ്ലിഫർ സഹായവുമായി മുന്നോട്ടു വന്നത്.