ലോകത്തിലെ ഏറ്റവും എരിവുള്ള മുളക് വിഴുങ്ങിയാൽ ? അതും 23  എണ്ണം !

ലോകത്തിലെ ഏറ്റവും എരിവുള്ള മുളക് കഴിക്കുന്ന സൈനികൻ

മധുരവും പുളിയുമെല്ലാം ഇഷ്ടപ്പെടുന്ന ആളുകളെ നാം ഒരുപാട് കണ്ടിട്ടുണ്ട്. എരിവ് ഇഷ്ടമുള്ള ആളുകളെ കണ്ടിട്ടുണ്ടോ? അതും കണ്ടു കാണും അല്ലെ? എന്നാൽ ലോകത്തിലെ ഏറ്റവും എരിവുള്ള മുളക് തിന്നാൻ ധൈര്യം കാണിച്ച വിരുതനെ കണ്ടിട്ടുണ്ടോ ? ഇല്ലെങ്കിൽ അങ്ങനെ ഒരാളെ പരിചയപ്പെടാം. ലോകത്തിലെ ഏറ്റവും എരിവുള്ള മുളക് എന്ന് പേരുള്ള 'ഭൂത്ജലാക്കിയ' എന്ന മുളകാണ് അമേരിക്കക്കാരനായ ഈ യുവാവ് കഴിച്ചത്. 

തന്റെ സ്‌കൗട്ട് ട്രൂപ്പിന് സ്‌കോളര്‍ഷിപ്പ് തുക കണ്ടെത്താന്‍ വേണ്ടിയാണ് യുവാവ് ഈ സാഹസ പ്രവൃത്തിക്ക് മുതിർന്നത്. കാഴ്ചയിൽ ഒരു സാധാരണ മുളകിന്റെ വലിപ്പം മാത്രമേ ഉള്ളൂ എങ്കിലും ആളത്ര ചില്ലറക്കാരനല്ല. ഗോസ്റ്റ് പെപ്പർ എന്നാണ് ഈ മുളകിന്റെ അപരനാമം തന്നെ. ഭീകരരെ തുരത്താനായി ഈ മുളക് ഉപയോഗിച്ചു ബോംബുകൾ വരെ നിർമ്മിക്കുന്നുണ്ട് എന്നാണ് പറയപ്പെടുന്നത്. 

തീഷ്ണമായ എരിവു മൂലം ആഹാരം പാകം ചെയ്യുമ്പോള്‍ പോലും ഈ മുളക് ഉപയോഗിക്കാന്‍ കഴിയില്ല. അങ്ങനെയുള്ള 23  ഭൂത്ജലാക്കിയയാണ് ബെറ്റിന്റെ പേരിൽ ഈ സൈനികൻ അകത്താക്കിയത്. അമേരിക്കയിലെ ടെക്സസ്സിലുള്ള  ജോണിയെന്ന സൈനികനാണ് ഇത്തരത്തിൽ ലോകശ്രദ്ധനേടിയത്. വെള്ളം പോലും കുടിക്കാതെ 23  ഭൂതജലാക്കിയ അകത്താക്കിയ ജോണിയുടെ അവസ്ഥ അത്ര സുഖകരമായിരുന്നില്ല. 

എരിവ് മാറാൻ ഒരു  തുള്ളി പാല് പോലും കുടിക്കാതെ ജോണി 23  മുളക് അകത്താക്കുന്നതിന്റെ വീഡിയോ സഹപ്രവർത്തകരാണ് എടുത്തു യൂടൂബിൽ ഇട്ടത്. മുളകെല്ലാം കഴിച്ചു കഴിഞ്ഞ ഉടനെ ഇദ്ദേഹത്തിന്റെ ശരീരം മുഴുവന്‍ എരിഞ്ഞു തുടങ്ങുകയായിരുന്നു. തൊണ്ടക്കകത്തും വയറ്റിലും സഹിക്കാനാവാത്ത പുകച്ചിൽ ഉണ്ടായതിനെ തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.