ഒറ്റപ്പെ‌ടല്‍ മടുത്തു, മകനെയും സഹോദരനെയും ആവശ്യമുണ്ട് ; വൈറലായി ഒരു പരസ്യം!

മകനും സഹോദരനും ആവശ്യമുണ്ടെന്നു കാണിച്ചാണ് ഒരു യുവാവു പരസ്യം നൽകിയിരിക്കുന്നത്. ഡോക്ടർ കൂടിയായ ഇയാൾ ഒറ്റപ്പെട്ട ജീവിതം മടുത്താണത്രേ പത്രത്തിൽ ഇത്തരത്തിലൊരു പരസ്യം നൽകിയത്.

പത്രങ്ങളിൽ ദിവസവും അനവധി പരസ്യങ്ങളാണ് വരുന്നത്. തൊഴില്‍ അന്വേഷകർക്കുള്ള പരസ്യങ്ങളും വിവാഹ പരസ്യങ്ങളും അങ്ങനെ എത്രയെത്ര. ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു പരസ്യം ഇത്തിരി വ്യത്യസ്തമാണ്. മകനും സഹോദരനും ആവശ്യമുണ്ടെന്നു കാണിച്ചാണ് ഒരു യുവാവു പരസ്യം നൽകിയിരിക്കുന്നത്. ഡോക്ടർ കൂടിയായ ഇയാൾ ഒറ്റപ്പെട്ട ജീവിതം മടുത്താണത്രേ പത്രത്തിൽ ഇത്തരത്തിലൊരു പരസ്യം നൽകിയത്.

സ്വന്തമെന്നു പറയാൻ ഉറ്റവരും ഉടയവരും ഇല്ലാത്ത ബാച്ചിലർ ആയ ഡോക്ടറാണ് കഥാനായകൻ. തനിയെയു‌ള്ള ജീവിതം മടുത്താണ് ഏതാനും ആഴ്ചകൾക്കു മുമ്പ് ' റോസ്നാമാ രാഷ്ട്രീയ സഹാറാ ' എന്ന ഉർദു പത്രത്തിൽ ഇത്തരത്തിലൊരു പരസ്യം നൽകാൻ തീരുമാനിച്ചത്. അവിവാഹിതനായ, ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ലാത്ത ഒറ്റപ്പെടലും ഏകാന്തതയും അനുഭവിക്കുന്ന താൻ ഭാവിയെക്കുറിച്ചോർത്താണ് ഇത്തരം ഒരു തീരുമാനം എടുത്തതെന്ന് പത്രപ്പരസ്യത്തിൽ പറയുന്നു.

എന്നു കരുതി വഴിയെപ്പോകുന്നവർക്കെല്ലാം സഹോദരനാകാമെന്നും കരുതേണ്ട. ചില നിബന്ധനകളും പരസ്യത്തിൽ നൽകിയിട്ടുണ്ട്. അവിവാഹിതനായ സഹോദരനെയാണ് ആവശ്യം. ഒരു കവിയോ കലാകാരനോ ആയാൽ നല്ലത്, കാരണം അർഥവത്തായ ഒരു സംഭാഷണം നടക്കുമല്ലോ. 35നും 45നും ഇടയിൽ പ്രായമുള്ള അവിവാഹിതരായ മുസ്ലിം യുവാക്കളെയാണ് ആവശ്യം. ഡോക്ടർ, ഡെന്റിസ്റ്റ്, വക്കീൽ, ഗവേഷകൻ, കവി, കലാകാരൻ എന്നിവർക്കാണ് മുൻഗണന. ദയാലുവും നന്നായി കെയർ ചെയ്യുന്നയാളും തന്നെ മനസിലാക്കാൻ കഴിയുന്നയാളും ആയിരിക്കണം. ഉർദു വായിക്കാനും എഴുതാനും സംസാരിക്കാനും അറിഞ്ഞിരിക്കണം. നല്ലൊരു സഹോദരനെ ആഗ്രഹിക്കുന്നവർക്ക് അപേക്ഷിക്കാം.

തീർന്നില്ല മകനെക്കുറിച്ചും ഇദ്ദേഹത്തിനു ചില സങ്കൽപ്പങ്ങളൊക്കെയുണ്ട്. മകൻ 25നും 35നും ഇടയിൽ പ്രായമുള്ളയാള്‍ ആയിരിക്കണം. അവിവാഹിതനും മുസ്ലിം സംസ്കാരത്തെയും ജീവിതരീതിയെയുംക്കുറിച്ചും നല്ല ബോധ്യമുള്ളയാളും ആയിരിക്കണം. ഇനി ഹോളിവുഡ് സിനിമകളും ടിവി ഷോകളും കാണുന്നവർ അയക്കേണ്ടതേയില്ല. പാശ്ചാത്യരീതിയിൽ ചിന്തിക്കുന്നവരും അത്തരത്തിൽ ജീവിക്കാൻ ആഗ്രഹിക്കുന്നവരും പരസ്യം നോക്കുക പോലും ചെയ്യേണ്ടതില്ല. നല്ല‌ൊരു വിദ്യാർഥിയും കായികതാരവുമായാൽ നല്ലത്. അച്ഛനില്ലാത്ത എന്നാൽ ഒരച്ഛനുണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നവർക്കു കൂടുതൽ പ്രാധാന്യം.

ഇനി അവസാനമായി നാല് കാര്യങ്ങൾ കൂടി പരസ്യത്തിൽ നൽകിയിട്ടുണ്ട്- എ​ന്തുകൊണ്ടാണു പരസ്യത്തിനോടു പ്രതികരിച്ചത്, നിങ്ങളുടെ പ്രതീക്ഷകൾ എന്തെല്ലാമാണ്, ഈ ബന്ധം എങ്ങനെയാണു നിങ്ങൾ രൂപപ്പെടുത്തുക, താങ്കളെക്കുറിച്ച് ഒരു പാരഗ്രാഫ് എഴുതുക. മെയിൽ ഐഡി ഉൾപ്പെടെ നൽകിയാണു പരസ്യം അവസാനിക്കുന്നത്.

പക്ഷേ ഏറ്റവും രസകരമായ കാര്യം പരസ്യം നൽകിയ ആളുടെ പേരോ മറ്റു വിവരങ്ങളോ നൽകിയിട്ടില്ല, ആകെയൊരു മെയിൽ ഐഡി മാത്രമാണ് ബന്ധപ്പെടാനുള്ള ഏക മാർഗം. എന്തായാലും പരസ്യം കണ്ട് മകനാകുവാനും സഹോദരനാകുവാനും എത്രപേർ ആഗ്രഹം പ്രകടിപ്പിച്ചുവെന്നു കണ്ടറിയാം.