അഭ്യാസം അതിരുവിട്ടു;മുഖം കത്തിയപ്പോൾ പാഠം പഠിച്ചു

വൈറൽ ആകുവാനും മറ്റുള്ളവരു‌ടെ മുന്നിൽ ഇമേജ് വർധിപ്പിക്കുവാനും വ്യത്യസ്തമായ വിഡിയോകൾ പകർത്തുന്നവരുടെ എണ്ണം ഇന്നു കൂടുകയാണ്. പലരും വെറൈറ്റിയ്ക്കു പിന്നാലെപോയി അപകടകരമായ വഴികൾ വരെ തിരഞ്ഞെടുക്കുകയാണിന്ന്. ഇത്തരത്തിൽ അതിരുവിട്ട അഭ്യാസം ചെയ്തപ്പോൾ എട്ടിന്റെ പണി കിട്ടിയ യുവാവിന്റെ വിഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. സംഭവം മറ്റൊന്നുമല്ല കക്ഷി സുഹൃത്തുക്കൾക്കു മുന്നിൽ ഒരു അത്ഭുത അഭ്യാസം നടത്തിയതാണ്, പക്ഷേ അതിരുവിട്ടപ്പോൾ സംഭവിച്ചതോ സ്വന്തം മുഖവും തലയും കത്തി.

വീൽചെയറിലിരിക്കുന്ന യുവാവാണ് പ്രകടനം നടത്തുന്നത്. സമീപം സുഹൃത്തുക്കളുമുണ്ട്. ആൽക്കഹോൾ അടങ്ങിയ ഹാൻഡ് വാഷ് കയ്യിലെടുത്ത് അതിൽ തീ കൊടുക്കുകയാണയാൾ. അപ്പോഴാണ് പുറകിലുള്ള സുഹൃത്ത് ഇനി അതു നിന്റെ മുഖത്ത് ഉരയ്ക്കൂ എന്നു പറയുന്നത്. സുഹൃത്ത് കളിയായി പറഞ്ഞതല്ലേയെന്നൊന്നും നോക്കിയില്ല തീപിടിച്ച കൈ മുഖത്തു വച്ചുരച്ചു കക്ഷി. മുഖത്തും തലയുമെല്ലാം തീ പിടിച്ചു. കളി കാര്യമായെന്നു മനസിലായതോടെ സുഹൃത്തുക്കൾ തൊട്ടടുത്തിരുന്ന ബക്കറ്റിലെ വെള്ളം തളിച്ച് തീയണച്ചതുകൊണ്ട് സാരമായ പരിക്കുകളൊന്നും ഇല്ലാതെ രക്ഷപ്പെട്ടു. എന്നാലും ഇങ്ങനെയുമുണ്ടോ ഒരഭ്യാസം?