സിംഹങ്ങൾക്കു ഹസ്തദാനം നൽകാന്‍ ശ്രമം, സംഭവിച്ചതോ ?, വിഡിയോ വൈറൽ!

സിംഹങ്ങൾക്കു ഹസ്തദാനം നൽകാന്‍ ശ്രമിക്കുന്ന യുവാവ്

ഹീറോയിസം നല്ലതാണ്, അതു നല്ല കാര്യങ്ങൾക്കു വേണ്ടിയാണെങ്കിൽ. ഉചിതമല്ലാത്ത സാഹചര്യത്തിൽ സാമാന്യ ബുദ്ധിയ്ക്കു ഒട്ടും നിരക്കാത്ത കാര്യങ്ങൾ ചെയ്യുന്നുണ്ടെങ്കിൽ അതു ഹീറോയിസമല്ല മറിച്ച് വിവേകമില്ലായ്മയാണ്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വിഡിയോയും വ്യക്തമാക്കുന്നത് ഒരു യുവാവിന്റെ വിവേകമില്ലായ്മയാണ്. മദ്യപിച്ച് ലക്കുകെട്ട യുവാവ് മൃഗശാലയ്ക്കുള്ളിലെ സിംഹങ്ങള്‍ വസിക്കുന്ന വേലിക്കെട്ടിലേക്ക് എടുത്തുചാടി അവയ്ക്കു ഹസ്തദാനം നൽകാൻ ഒരുങ്ങുന്നതാണ് വിഡിയോ.

ഹൈദരാബാദിലെ നെഹ്റു സുവോളജിക്കൽ പാർക്കിലാണു നാടകീയ രംഗങ്ങൾ അരങ്ങേറിയത്. വിഡിയോയിൽ മുപ്പത്തിയഞ്ചുകാരനായ മുകേഷ് എന്ന യുവാവാണ് സിംഹങ്ങൾ വസിക്കുന്നയിടത്തേക്കു വെള്ളക്കെട്ടിലൂടെ ചാടിക്കയറി അവയ്ക്കു ഹസ്തദാനം നൽകാൻ നോക്കുന്നത്. ഇതിനിടയിൽ കാഴ്ച്ചക്കാർ യുവാവിനെ പിന്തിരിപ്പിക്കാൻ നോക്കുകയും സിംഹങ്ങളുടെ ശ്രദ്ധ തിരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ആദ്യം ഒരു സിംഹത്തിനു ഹസ്തദാനം നൽകാൻ കാത്തുനിന്ന മുകേഷ് രണ്ടാമതൊരു സിംഹം അരികിലേക്കെത്തിയപ്പോഴും പിന്മാറിയില്ല. എന്നാൽ മനുഷ്യനു തീരെ വിവേകമില്ലെങ്കിലും ആ സിംഹങ്ങൾ അത്യാവശ്യം വിവേകത്തോടെ പെരുമാറിയതുകൊണ്ട് യുവാവിന്റെ ജീവന് ആപത്തൊന്നും പറ്റിയില്ല.

സുരക്ഷാ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പുകൾ മറിക‌ടന്നാണ് മുകേഷ് ആഫ്രിക്കൻ സിംഹങ്ങൾ വസിക്കുന്ന ബാരിക്കേഡിനകത്തേക്കു പ്രവേശിച്ചത്. പ്രാഥമിക അന്വേഷണത്തിനു ശേഷം മുകേഷിനെ ബഹദൂർപുര പോലീസ് അറസ്റ്റു ചെയ്തു.