ഡ്രൈവിംഗിനിടെ വസ്ത്രത്തിനുള്ളിൽ മൂർഖന്‍ !

ഡ്രൈവിംഗിനിടെ പാലിക്കേണ്ട നിയമങ്ങളെക്കുറിച്ച് അനുദിനം നാം കേള്‍ക്കുന്നതാണ്. അടുത്തിടെ സൗദി അറേബ്യയിൽ നടന്നതെന്ന പേരിൽ പ്രചരിക്കുന്നൊരു വിഡിയോ ഡ്രൈവറുടെ അലസത എത്രമാത്രമെന്നു തെളിയിക്കുന്നതാണ്. തിരക്കേറിയ വീഥിയിലൂടെ യാത്ര ചെയ്യുന്നതിനിടെ ഡ്രൈവറുടെ വസ്ത്രത്തിനുള്ളിൽ മൂർഖൻ പാമ്പിനെ കയറ്റുന്നതിന്റെ വിഡിയോ ആണിപ്പോൾ വൈറലാകുന്നത്. ഡ്രൈവറുടെ സുഹൃത്താണ് പാമ്പിനെ വസ്ത്രത്തിനകത്തുകൂടി കയറ്റുന്നത്. ഡ്രൈവറുടെ അലസതയെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

വിഡിയോയിലെ യുവാക്കളുടെ പേരുവിവരങ്ങൾ ലഭ്യമല്ലെങ്കിലും വിഷമേറിയ മൂർഖനെ വച്ച് അപകടകരമായ പ്രവർത്തിയാണ് ഇരുവരും ചെയ്യുന്നത്. എന്നാൽ മൂർഖനെ വസ്ത്രത്തിനുള്ളിലൂടെ കയറ്റുമ്പോൾ യുവാവ് ഭയക്കുന്നതിനു പകരം ചിരിച്ച് ആസ്വദിക്കുകയാണ് ചെയ്യുന്നത്. ജീവനുതന്നെ ഭീഷണിയായേക്കാവുന്ന പ്രവർത്തി ചെയ്യുകയും അതു സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത യുവാക്കൾക്കുവേണ്ടി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.