മതചിന്ത വഴിമാറി, നായ്കുട്ടിയെ രക്ഷിക്കാൻ സിഖ് യുവാവ് തലപ്പാവ് ഊരി

തലപ്പാവ് ഊരി നായ്കുട്ടിയെ രക്ഷിക്കുന്ന സിഖ് യുവാവ്

ആർത്തുലയുന്ന വെള്ളച്ചാട്ടത്തിൽ പെട്ട് പിടയുന്ന ഒരു മനുഷ്യ ജീവനെ കണ്ടാൽ നമ്മൾ മനുഷ്യർ എന്ത് ചെയ്യും? പണ്ടാണെങ്കിൽ മുൻ പിൻ നോക്കാതെ വെള്ളത്തിലേക്ക് എടുത്തു ചാടി സഹജീവിയെ രക്ഷിച്ചേനെ. പക്ഷെ ഇന്നാണെങ്കിൽ കഥയൽപം മാറും ആദ്യം ഒന്ന് ആലോചിച്ച ശേഷം മാത്രമേ ഇത്തരത്തിലുള്ള ഒരു എടുത്തു ചാട്ടം ഉണ്ടാകൂ. പറ്റുമെങ്കിൽ മൊബൈലിൽ 4 ഫോട്ടോയും ഒരു വിഡിയോയും എടുക്കാനുള്ള അവസരം ഒട്ടു കളയില്ലതാനും. 

ഇനി വെള്ളത്തിൽ ഒഴുകുന്നത്‌ മനുഷ്യന് പകരം ഒരു മൃഗമാണ് എങ്കിലോ? നേരത്തെ പറഞ്ഞ പോലെ കരയ്ക്ക്‌ നിന്ന് നോക്കാനും മൊബൈലിൽ പിടിക്കാനും പരിഭവം പരസ്പരം പറഞ്ഞു തീർക്കാനും മാത്രമേ  ശ്രമിക്കൂ. അതാണ്‌ കാലം. എന്നാൽ ഇവിടെ പഞ്ചാബിൽ ഈ അടുത്തു നടന്ന ഒരു സംഭവം മനുഷ്യ മനസാക്ഷിയുടെ കണ്ണ് തുറപ്പിച്ചിരിക്കുകയാണ്. 

അണക്കെട്ടിനോട് ചേർന്ന ഒരു വെള്ളചാട്ടത്തിൽ അറിയാതെ വീണു പോയതാണ് ഒരു നായ്ക്കുട്ടി. മുങ്ങിയും പൊങ്ങിയും വെള്ളം കുടിച്ചും ദയനീയ ശബ്ദത്തിൽ കരഞ്ഞും അത് കുറെ നേരം വെള്ളത്തിൽ ഒഴുകി നടന്നു. നേരത്തെ പറഞ്ഞ പോലെ കുറെ പേർ ഈ കാഴ്ചകണ്ട് വിഷമം പറഞ്ഞു, മറ്റു ചിലര്‍ ഈ ദൃശ്യം മൊബൈലിൽ പകർത്താൻ മത്സരിച്ചു. ഈ കാഴ്ച കണ്ടു കൊണ്ടാണ് 28 കാരനായ സര്‍വാന്‍ സിങ് എന്ന സിഖ് യുവാവ് അവിടെ എത്തിയത് .

വെള്ളത്തിൽ മുങ്ങി താഴുന്ന നായ്ക്കുട്ടിയുടെ നിലവിളികണ്ട് നിൽക്കാൻ സര്‍വാന് കഴിഞ്ഞില്ല. കരുണവറ്റാത്തവർ ഇനിയും ഉണ്ട് ലോകത്തിൽ എന്ന് തെളിയിച്ചു കൊണ്ട് സർവാൻ തന്റെ തലയിലെ തലപ്പാവ് ഊരി നായ്കുട്ടിയെ രക്ഷിക്കുന്നതിനുള്ള കുരുക്ക് ഉണ്ടാക്കുകയായിരുന്നു. സിഖ് മതവിശ്വാസത്തിന്‌റെ പ്രതീകമാണ് സിങ്ങുമാരുടെ തലയില്‍ കാണുന്ന നീളന്‍ തലപ്പാവ്. സമൂഹമധ്യത്തില്‍വച്ച് ഒരിക്കലും ഒരു സിക്ക് മതവിശ്വാസി തന്‌റെ തലപ്പാവ് അഴിക്കാൻ പാടില്ല എന്നാണ് മത നിയമം. എന്നാൽ കനാലിലെ വെള്ളത്തിൽ വീണ നായ്കുട്ടിയുടെ വേദനയ്ക്ക് മുന്നിൽ തന്റെ മത ചിന്തകൾ സർവാൻ മാറ്റി വച്ചു. 

നീന്തൽ അറിയാത്തതിനാലാണ് സർവാൻ വെള്ളത്തിലേക്ക് എടുത്തു ചാടാഞ്ഞത്. തന്റെ തലപ്പാവ് ഊരി ആ തുണിയില്‍ പിടിച്ചുനിന്ന് വെള്ളത്തില്‍ മുങ്ങിക്കൊണ്ടിരുന്ന നായയെ കുരുക്കിട്ട് വലിച്ച് കരയ്‌ക്കെത്തിച്ചു. ചുരുക്കത്തിൽ തന്റെ തലപ്പാവ് ഊരി ഒരു സ്പൈടർമാൻ മാജിക് കാണിച്ചാണ് സർവാൻ നായ്കുട്ടിയെ രക്ഷിച്ചത്‌. 

എന്നാൽ എവിടെയും ഉണ്ടാകും കുറ്റം പറയാനായി മാത്രം ചിലയാളുകൾ. സാർവൻ തലപ്പാവൂരി നായ്കുട്ടിയെ രക്ഷിക്കുന്ന കാഴ്ച കണ്ടു നിന്ന പലരും  ആദ്യം സര്‍വാന്‍ തന്‌റെ വിശ്വാസത്തെ അപമാനിക്കാന്‍ ശ്രമിക്കുകയാണെന്നാണ് കരുതി എതിർത്തു. എന്നാൽ, പിന്നീട് കാര്യം മനസിലാക്കിയ അവർ സർവാൻ ചെയ്ത നന്മയെ അഭിനന്ദിച്ചു.

ആരും വെള്ളത്തിൽ വീണ നായ്കുട്ടിയെ  സഹായിക്കാതെ നില്‍ക്കുന്നത് കണ്ടപ്പോള്‍ തനിക്ക് അതേ ചെയ്യാനുണ്ടായിരുന്നുള്ളുവെന്ന് സര്‍വാന്‍ പറയുന്നു. എന്നാല്‍ രക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നറിയാതെ നായ വീണ്ടും വെള്ളത്തിലേക്ക് പലകുറി എടുത്തു ചാടിയത്‌ സർവാനെ ശരിക്കും വലച്ചു. എന്നിട്ടും, പിടിവിടാൻ ഈ യുവാവ് തയ്യാറായില്ല. ഒടുവിൽ രക്ഷിച്ച നായ്കുട്ടിക്ക് ഭയം അകറ്റി വയറു നിറയെ ഭക്ഷണവും നൽകിയാണ്‌ സർവാൻ ബൈ പറഞ്ഞത്, കൂടെ ഇനി മേലാൽ ഡാമിനും കനാലിനും അടുത്ത കളിക്കരുത് എന്ന താക്കീതും.