ഞെട്ടിക്കും ഈ കാഴ്ച; വിൽപനക്കാരൻ പച്ചക്കറി കഴുകുന്നത് അഴുക്കുചാലിൽ

മാംസാഹാരങ്ങളേക്കാൾ കരുതലോടെ കൈകാര്യം ചെയ്യേണ്ട ഒന്നായി മാറിയിരിക്കുന്നു ഇപ്പോൾ പച്ചക്കറികൾ. മറ്റൊന്നുമല്ല അപകടകാരികളായ നിരവധി വിഷപദാർഥങ്ങളാല്‍ സമൃദ്ധമാണ് ഇന്നു നാം കഴിക്കുന്ന പല പച്ചക്കറികളും. എങ്കിലും മിക്കവർക്കും പച്ചക്കറികൾ ഒഴിവാക്കിയൊരു ജീവിതം സങ്കൽപ്പിക്കാനേയാകില്ല. ഇനി വഴിയോരത്തു വിൽപനയ്ക്കു വയ്ക്കുന്ന പച്ചക്കറികൾക്കും ഡിമാൻഡ് ഏറെയാണ്. പക്ഷേ എപ്പോഴെങ്കിലും അതെത്രമാത്രം ശുചിത്വമുള്ളതായിരിക്കുമെന്നു ചിന്തിച്ചിട്ടുണ്ടോ? പച്ചക്കറി തീർത്തും വൃത്തിരഹിതമായ സാഹചര്യത്തിൽ കഴുകുന്ന ഒരു വിൽപനക്കാരന്റെ വിഡിയോ ആണിപ്പോൾ വൈറലാകുന്നത്.

ഇവിടെ അഴുക്കുചാലിലാണ് വില്‍പനക്കാരൻ പച്ചക്കറി കഴുകുന്നത്. ജനത്തിരക്കുള്ള വീഥിയിൽ ചുറ്റുവട്ടത്തെക്കുറിച്ചു യാതൊരു കൂസലുമില്ലാതെയാണ് അയാൾ പച്ചക്കറി വൃത്തിയാക്കുന്നത്. അവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും വന്നടിഞ്ഞ് കീടങ്ങളുടെ കൂമ്പാരമായ അഴുക്കു ചാലിൽ കഴുകിയ പച്ചക്കറികളായിരിക്കാം ചിലപ്പോൾ നാം ഉപയോഗിക്കുന്നത്. എന്തായാലും ബോധവൽക്കരണം മുൻനിര്‍ത്തി വിഡിയോ സമൂഹമാധ്യമങ്ങളിൽ കത്തിപ്പടരുന്നുണ്ട്.