വിജനമായ സ്ഥലത്ത് ഒറ്റപ്പെട്ടാൽ, വൈറലായി മഞ്ജുവിന്റെ വിഡിയോ

മഞ്‍ജു വാരിയര്‍

കുട്ടിയെന്നോ മുതിർവന്നവരെന്നോ വ്യത്യാസമില്ലാതെ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചു കൊണ്ടിരിക്കുകയാണ്. രാത്രികാലങ്ങളിൽ മാത്രമല്ല പട്ടാപ്പകൽ പോലും തനിച്ചു പുറത്തിറങ്ങുവാൻ സ്ത്രീ പേടിക്കുന്ന കാലം. ചുറ്റുവട്ടത്തെ കറുത്ത കരങ്ങളെ പ്രതിരോധിക്കാൻ കഴിയാതെ പീഡനങ്ങൾക്കിരയാകുന്ന കാലം. സ്ത്രീസുരക്ഷ എന്നത് ഒറ്റ വാക്കിൽ മാത്രം ഒതുങ്ങാതെ കേരള പൊലീസിന്റെ സ്ത്രീസുരക്ഷാ പദ്ധതിയായ പിങ്ക് പട്രോളിങ്ങിനെക്കുറിച്ചുള്ള വിഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. പിങ്ക് പട്രോളിങ്ങിനെക്കുറിച്ച് ജനത്തിനു ബോധവൽക്കരണം നൽകുന്നതോ മലയാളിയുടെ പ്രിയങ്കരിയായ നടി മഞ്‍ജു വാരിയറും. ‌‌

നഗരത്തിൽ വിജനമായ സ്ഥലത്ത് ഒറ്റപ്പെട്ടാലോ രാത്രിയിൽ തനിച്ചു യാത്ര ചെയ്യേണ്ടി വരുന്ന സന്ദർഭങ്ങളിലോ ഭയക്കേണ്ടതില്ലെന്നും വിരല്‍ത്തുമ്പില്‍ തന്നെ രക്ഷയുണ്ടെന്നുമാണ് വിഡിയോയിൽ വ്യക്തമാക്കുന്നത്. തന്നെ ആരെങ്കിലും പിന്തു‌ടരുന്നുവെന്നോ ആക്രമിക്കാൻ പോകുന്നുവെന്നോ കമന്റടിക്കുന്നുവെന്നോ ഒക്കെ തോന്നിയാൽ അപ്പോൾ പിങ്ക് പട്രോളിങ് നമ്പറായ 1515ലേക്കു വിളിച്ച് സുരക്ഷ ഉറപ്പു വരുത്താനാണ് വിഡിയോയിൽ പറയുന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ലക്ഷ്യമിട്ടാണ് വനിതാ പൊലീസ് ഉദ്യോഗസ്ഥർ അടങ്ങുന്ന പിങ്ക് പട്രോളിങ്ങ് ടീമിന് തുടക്കം കുറിച്ചത്. നാം സ്നേഹിക്കുന്ന നമ്മുടെ സ്ത്രീകളുടെ സുരക്ഷയ്ക്കായി പ്രചരിപ്പിക്കാം ഈ ആശയം.