സൂക്ഷിച്ചു നോക്കൂ, ഈ ചിത്രത്തിനെന്തെങ്കിലും പ്രശ്നമുണ്ടോ?

പെരുമഴയത്തു ചെടി നനയ്ക്കുന്ന മേയർ പ്രവീണ ഥാക്കൂർ

മനുഷ്യ ജീവിതത്തിൽ സമൂഹ മാധ്യമങ്ങളുടെ പങ്ക് എന്നൊരു വിഷയം നൽകി ചർച്ച ചെയ്തു തുടങ്ങിയാല്‍ രാപകൽ മുഴുവനെടുത്താലും കഴിയുമെന്നു തോന്നില്ല. കാരണം അത്രത്തോളം അവ ഇന്നു നമ്മുടെ ജീവിതത്തോട് അടുത്തു കിടക്കുന്നുണ്ട‌്. ഫേസ്ബുക്ക്, ട്വിറ്റർ പോലുള്ള മാധ്യമങ്ങൾ സാധാരണക്കാരിലേക്കും എത്തിയതോടെ ഏറ്റവുമധികം പണികിട്ടിയത് സിനിമാ രാഷ്ട്രീയ രംഗത്തെ െസലിബ്രിറ്റികൾക്കാണ്. താരങ്ങളുടെ വിജയം മാത്രമല്ല പരാജയവും അബദ്ധവുമൊക്കെ പാട്ടാക്കാൻ സോഷ്യല്‍ മീഡിയയോളം കഴിവുള്ള മറ്റൊന്നില്ല.

സമൂഹമാധ്യമങ്ങളുടെ പുത്തൻ ഉൽപ്പന്നമായ ട്രോളുകളുടെ ഏറ്റവും പുതിയ ഇരയായിരിക്കുന്നതു മഹാരാഷ്ട്രയിലെ വാസായ് വിരാറിൽ നിന്നുള്ള മേയർ പ്രവീണ ഥാക്കൂർ ആണ്. സംഗതി മറ്റൊന്നുമല്ല മുളച്ചു വലുതായിക്കൊണ്ടിരിക്കുന്ന ഒരു ചെടിയ്ക്കു വെള്ളമൊഴിക്കുകയാണ് പ്രവീണ . എത്രയോ നല്ല കാര്യം അതിനാണോ അവർക്കെതിരെ പരിഹാസം ഉതിർത്തുന്നതെന്നു ചിന്തിക്കാൻ വരട്ടെ. കക്ഷി ചെടി നനച്ചു പരിപാലിക്കുന്നത് നല്ല കിടിലൻ മഴയുള്ള സമയത്താണ്. അതായത് പുല്ലും പൂവും എന്നു വേണ്ട മനുഷ്യരെ വരെ നനച്ചു കുളിപ്പിക്കുന്ന പെരുമഴയത്താണ് പ്രകൃതി സ്നേഹിയായ പ്രവീണയുടെ ചെടി നനയ്ക്കൽ.

ഒപ്പമുള്ളവര്‍ കുട പി‌ടിച്ചു നിൽക്കുകയും പ്രവീണയ്ക്കു കുടപിടിച്ചു കൊടുക്കുകയും ചെയ്യുന്നതു ചിത്രത്തിൽ നിന്നു കാണാം. ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചതോടെ ട്രോളുകളുടെ പെരുമഴയായിരുന്നു മേയർക്കെതിരെ. പരിസ്ഥിതി സ്നേഹത്തെ ഇത്രത്തോളം ഗൗരവത്തോടെയാണു മേയർ എടുത്തതെന്നു ഇപ്പോഴാണു മനസിലായതെന്നും ഇതാണു യഥാർഥ ആത്മാർഥതയെന്നുമൊക്കെ പറഞ്ഞു ട്രോളുകൾ അങ്ങനെ പെരുകിക്കൊണ്ടിരിക്കുകയാണ്. എന്തായാലും ഇതോടെ ഇനി വേനൽക്കാലത്തു പോലും പ്രവീണ ചെടി നനയ്ക്കില്ലെന്നാണു തോന്നുന്നത്.