മോദിയെ കാണാൻ ലണ്ടനിൽ പോകാം, ടൂർ പാക്കേജ് റെഡി

വിദേശകാര്യമന്ത്രിയായ എന്നെ ഒരിക്കലെങ്കിലും വിദേശത്തേക്കു പോകാൻ അനുവദിക്കൂ എന്ന് പ്രധാനമന്ത്രി മോദിയോട് താണുകേണപേക്ഷിക്കുന്ന സുഷമാസ്വരാജിന്റെ ട്രോൾ നെറ്റ്‌ലോകത്തെ ഹിറ്റാണ്. ‘സഞ്ചാരം’ സിഡികൾക്ക് മോദിയെ സമീപിക്കുക എന്ന മട്ടിൽ വരെ വിമർശനങ്ങളെത്തി. അത്രമാത്രം രാജ്യങ്ങളാണ് ഭരണത്തിലേറി ഇത്രയും ചെറിയ സമയത്തിനകം അദ്ദേഹം സന്ദർശിച്ചതും. ഒരു വിമർശനവും പക്ഷേ മോദിക്ക് ഏൽക്കുന്ന മട്ടില്ല. അതിന്റെ ഏറ്റവും പുതിയ തെളിയായി അദ്ദേഹം യുകെയിലേക്കു പറക്കാനൊരുങ്ങുകയാണ്. ട്രാവൽ ആൻഡ് ടൂറിസം എന്ന വാക്കുകൾ മോദിയോട് ഇത്രയും അടുത്തു നിൽക്കുന്ന സാഹചര്യത്തിൽ അത് മുതലെടുക്കാൻ തന്നെയാണ് ഒരു ടൂറിസം ഓപറേറ്ററുടെ തീരുമാനം. ഗുജറാത്തിൽ നിന്നുള്ള അക്‌ഷർ ട്രാവൽസാണ് ലണ്ടനിലേക്ക് ടൂർ പാക്കേജ് ഒരുക്കിയിരിക്കുന്നത്–മോദി പങ്കെടുക്കുന്ന പരിപാടിയിലുള്ള ടിക്കറ്റുകളാണ് ഇതിനോടൊപ്പമുള്ള പ്രധാന ആകർഷണം. അതായത് സ്വന്തം പ്രധാനമന്ത്രിയെ കാണാൻ ഇന്ത്യക്കാർ ലണ്ടനിലേക്ക് വണ്ടികയറേണ്ട അവസ്ഥയെന്നും വ്യംഗ്യം.

ലണ്ടനിനടുത്തുള്ള സ്വാമി നാരായണൻ ക്ഷേത്രത്തിലെ സന്ദർശനം, ദീപാവലി തീം ആയിട്ടുള്ള ഒരു ഫുഡ് ഫെസ്റ്റിൽ പങ്കാളിത്തം ഇങ്ങനെ ഒട്ടേറെ ഓഫറുകളും ട്രാവൽസ് ഉടമ മനിഷ് ശർമ മുന്നോട്ടുവയ്ക്കുന്നു. നവംബർ 11 മുതൽ 16 വരെ അഞ്ചു ദിവസവും ആറു രാത്രിയും ചേർന്ന പാക്കേജിന് 2500 ഡോളറാണ് (ഏകദേശം 1.62 ലക്ഷം രൂപ) ഒരാൾക്ക് ചെലവ്. നവംബർ 13നാണ് വെംബ്ലി സ്റ്റേഡിയത്തിൽ ഇന്ത്യൻ സമൂഹത്തെ മോദി അഭിസംബോധന ചെയ്യുന്നത്. 60000 കാണികളെ പ്രതീക്ഷിക്കുന്ന പരിപാടിയിൽ മോദിയുടെ പ്രസംഗം തന്നെയാണ് പ്രധാന ആകർഷണം. ഒപ്പം കലാ–സാംസ്കാരിക പരിപാടികളുമുണ്ട്. ഇതിനുള്ള ടിക്കറ്റാണ് പാക്കേജിനൊപ്പം ലഭ്യമാക്കുക.

നേരത്തെ മോദിയുടെ വരവിനു മുന്നോടിയായുള്ള പ്രചാരണത്തിന്റെ ഭാഗമായി യുകെയിലെ ഇന്ത്യൻ സമൂഹം മോദി എക്സ്പ്രസ് എന്ന ബസും ഒരുക്കിയിരുന്നു. ലണ്ടനിലെ പല പ്രധാനയിടങ്ങളിലായുള്ള കറക്കം തന്നെ അതിന്റെയും ലക്ഷ്യം. ഒപ്പം ‘ചായ് പേ ചർച്ച’യ്ക്കു പകരം ‘ബസ് പേ ചർച്ച’യും ഒരുക്കിയിട്ടുണ്ട്. ഒരു മാസത്തോളം മോദി എക്സ്പ്രസ് നിരത്തുകളിലൂടെ യാത്രക്കാരുമായി പായും. മോദി പാക്കേജിലേറി ഇന്ത്യയിൽ നിന്നു വരുന്നവർക്കും ഈ ബസിൽ യാത്രക്ക് അവസരമുണ്ട്.

ദീപാവലിയോടനുബന്ധിച്ചാണ് അക്‌ഷർ ട്രാവൽസ് ഇത്തരമൊരു പാക്കേജ് ഒരുക്കിയത്. സ്വന്തം നാട്ടിൽ നിന്നുള്ളവർ തന്നെ മോദിയെ സ്വീകരിക്കാൻ ലണ്ടനിലുണ്ടാവുക എന്നത് നല്ലൊരു കാര്യമല്ലേയെന്നാണ് മനീഷിന്റെ ചോദ്യം. എന്നാൽ ഇതിനെ കളിയാക്കിക്കൊണ്ട് പല കമന്റുകളും വന്നുകഴിഞ്ഞു–പ്രധാനമന്ത്രിയെ എന്തായാലും ഇന്ത്യയിൽ വച്ച് കാണാൻ പറ്റില്ല, എന്നാൽപ്പിന്നെ അദ്ദേഹം പോകുന്ന ഏതെങ്കിലും രാജ്യത്തു വച്ചെങ്കിലും കാണാമല്ലോ എന്നതാണ് ഇതിൽ ഏറെ പ്രചാരം നേടിയത്. വേറൊരു രാജ്യത്തെ പ്രധാനമന്ത്രിക്കും കിട്ടാത്ത അപൂർവ ബഹുമതിയാണിതെന്നും മോദിയുടെ യാത്രാപ്രേമത്തിൽ കുത്തി മറ്റൊരു വിമർശനം.

വിദേശികൾക്ക് ഇന്ത്യയിലെ ലോക്സഭ ഇലക്‌ഷൻ കാണാനും അനുഭവിച്ചറിയാനുമായി ‘പോൾ പാക്കേജ്’ ഒരുക്കി ശ്രദ്ധേയനായ വ്യക്തിയാണ് മനിഷ്. മാത്രവമുല്ല മോദി പാക്കേജ് നേരത്തെയും ഇദ്ദേഹത്തിന്റെ കമ്പനി ഒരുക്കിയിട്ടുണ്ട്. മോദിയുടെ ജന്മസ്ഥലവും വീടും സമീപത്തെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളും ഉൾപ്പെടുത്തിയായിരുന്നു അത്.