അച്ഛൻ വേഷത്തിൽ അമ്മ സ്‌കൂളിൽ, ചിത്രം വൈറൽ

ഈ ചിത്രം ഫെയ്സ്ബുക്കിൽ 17,000 പേർ ചിത്രം ഷെയർ ചെയ്തു. ഒട്ടേറെ പ്രശംസാ വാക്കുകളും പിന്തുണയും പിന്നാലെയെത്തി...

അച്ഛനില്ലാത്തതിന്റെ ദുഃഖം മകനെ അറിയിക്കാതിരിക്കാൻ ആൺവേഷം കെട്ടി സ്‌കൂളിലെത്തിയ യുവതിയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. യുഎസിലെ ടെക്‌സസിലെ ഒരു സ്‌കൂളിലാണ് 12 വയസ്സുകാരനായ മകൻ എലിജയ്ക്കു വേണ്ടി യെവെറ്റെ വാസ്‌ക്വസ് എന്ന യുവതി അച്ഛൻ വേഷം കെട്ടിയത്. 31 വയസ്സുകാരിയായ യെവറ്റെയ്ക്ക് മൂന്ന് ആൺമക്കളാണ്. 

ഭർത്താവുമായി പിരിഞ്ഞശേഷം ഇവരാണ് മക്കളെ പോറ്റുന്നത്. എലിജയുടെ സ്‌കൂളിലെ ഡോനട്‌സ് വിത് ഡാഡ് എന്ന അച്ഛൻമാർക്കും മക്കൾക്കുമായുള്ള വാർഷിക പരിപാടിയിലാണ് ഷർട്ടും മീശയും തൊപ്പിയുമൊക്കെയണിഞ്ഞ് യെവറ്റെയും മകനും എത്തിയത്.ഒരു ദിവസം മകനെ സ്‌കൂളിൽ വിടാൻ ചെന്നപ്പോൾ കൂടുതൽ കാറുകൾ കണ്ടാണ് യെവറ്റെ കാര്യം തിരക്കുന്നത്. ഇത് അച്ഛൻമാരുടെ പരിപാടിയാണെന്നറിഞ്ഞപ്പോൾ 10 മിനിറ്റുകൊണ്ട് അവർ അച്ഛൻ വേഷം കെട്ടിയെത്തുകയായിരുന്നു. ആൺവേഷം കെട്ടിയപ്പോഴത്തെ മകന്റെ സന്തോഷം കണ്ടപ്പോൾ യെവറ്റെയ്ക്കും തൃപ്തിയായി. 

അൽപം ആശങ്കയോടെയും ചെറിയ വിറയലോടെയുമാണ് സ്‌കൂളിലേക്കു ചെന്നതെങ്കിലും അധ്യാപകർ കൈയടികളോടെയാണ് അമ്മയെയും മകനെയും എതിരേറ്റത്. മറ്റു രക്ഷിതാക്കളും പ്രോൽസാഹിപ്പിച്ചു. അച്ഛൻ വേഷത്തിലെ അമ്മയുടെയും മകന്റെയും സെൽഫി പെട്ടന്നാണ് വൈറലായത്. ഈ ചിത്രം ഫെയ്സ്ബുക്കിൽ 17,000 പേർ ചിത്രം ഷെയർ ചെയ്തു. ഒട്ടേറെ പ്രശംസാ വാക്കുകളും പിന്തുണയും. പലരും യെവറ്റെയെ നമ്പർ വൺ അമ്മ എന്നാണു വിശേഷിപ്പിച്ചത്.

അല്ലറ ചില്ലറ വീട്ടുജോലികളും വധുവിനെ മെയ്ക്കപ് ചെയ്യലുമൊക്കെയായാണ് യെവറ്റ മക്കളെ വളർത്തുന്നത്. എലിജയ്ക്കു താഴെ രണ്ട് മക്കൾ കൂടിയുള്ളതിനാൽ ഇനിയും അച്ഛൻ വേഷം കെട്ടേണ്ടി വരുമെന്നു പറഞ്ഞു ചിരിക്കുകയാണ് ഇവർ. അച്ഛൻ ഇല്ലെങ്കിലും തന്റെ മക്കളെ മികച്ച യുവാക്കളും അച്ഛൻമാരും ഭർത്താക്കൻമാരുമാക്കിയെടുക്കുമെന്ന വാശിയിലാണ് ഈ യുവതി.