അമ്മ വാ‌ട്‌‍സ്ആപ് എടുത്താൽ? ൈവറലായി ഒരമ്മയുടെയും മകന്റെയും വാട്സ് ആപ് ചാറ്റ്

"ഇരുപത്തിനാലു മണിക്കൂറും ഫോണിൽ കുത്തിയിരുന്നോ വേറൊന്നും ചെയ്യണ്ട"... സ്മാർട്ഫോൺ ഭ്രാന്തുമായി നടക്കുന്ന മിക്ക മക്കളോടും അമ്മമാർ പറയുന്ന കാര്യമാണിത്. ആദ്യമൊക്കെ ഫേസ്ബുക് മാത്രമായിരുന്നുവെങ്കിൽ ഇപ്പോൾ വാട്സാപ്പിലാണ് മക്കളുടെ കൂടുതൽ ശ്രദ്ധ. സെക്കന്റുകൾക്കുള്ളിൽ വാട്സാപ്പിൽ ടൈപ് ചെയ്യുന്ന മക്കളുടെ വേഗത കണ്ട് പല അമ്മമാരും അത്ഭുതപ്പെട്ടിട്ടുമുണ്ടാകും. അതേ അമ്മമാര്‍ ഇപ്പറഞ്ഞ ടെക്നോളജികൾ ഉപയോഗിച്ചു തുടങ്ങിയാലോ? നാളെകഴിഞ്ഞാലും ടൈപ് ചെയ്യൽ അവസാനിക്കില്ലെന്നു പറഞ്ഞ് മക്കൾ കളിയാക്കിക്കൊല്ലും അല്ലേ?

നിങ്ങളുടെ മാതാപിതാക്കൾ വാട്സാപ്പിൽ ജോയിൻ ചെയ്താൽ സംഭവിക്കാനി‌ടയുള്ള കാര്യമാണ് ഇപ്പോൾ ഓൺലൈനിൽ വൈറലാകുന്നത്. ഒരു മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ ആദ്യമായി വാട്സാപ്പിൽ ജോയിൻ ചെയ്യുന്ന അമ്മയെയും വാട്സാപ്പിൽ സ്ഥിരമായിരിക്കുന്ന മകനും തമ്മിലുള്ള സംഭാഷണമാണ് കാണിക്കുന്നത്.

അമ്മയെ വാട്സാപ്പിൽ കണ്ട് അത്ഭുതപ്പെ‌ടുന്ന മകന്‍, തന്റെ അടിക്കടിയുള്ള ചോദ്യങ്ങൾക്ക് ഏറെ നേരം കാത്തിരുന്നിട്ടും അമ്മ പതിയെ ടൈപ് ചെയ്യുന്നതു കണ്ട് മടുത്ത് ബൈ പറഞ്ഞു പോവുകയാണ്. അപ്പോൾ മറുപടിയായി ആ അമ്മ പറയുന്ന കാര്യമാണ് ഹൃദയം തൊടുന്നത്. ഞങ്ങൾ ഒരുവർഷത്തോളം ക്ഷമയോടെ കാത്തിരുന്നിട്ടാണ് നീ ഒരു വാക്കെങ്കിലും പറഞ്ഞത്. ഇത് മകന്റെ മനസിനെ തൊടുകയും അമ്മയോടു ക്ഷമ ചോദിക്കുകയുമാണ്.

സ്ക്രീൻ റെക്കോര്‍ഡഡ് ഷോർട്ട് വിഡിയോ തയ്യാറാക്കിയത് മാത്തുക്കുട്ടി സേവ്യറും എ‍ഡിറ്റ് ചെയ്തത് തോമസ് കുര്യനും ചേർന്നാണ്. മണിക്കൂറുകൾക്കുള്ളിൽ ഒരുലക്ഷത്തിൽപ്പരം കാഴ്ച്ചക്കാരെയാണ് വിഡിയോക്കു ലഭിച്ചത്.