കയ്യിൽ ഉമ്മ വച്ചുള്ള രാജസ്നേഹമൊന്നും വേണ്ടെന്ന് രാജാവ്

രാജ്യത്തിന്റെ ഔദ്യോഗിക പരിപാടികൾ നിർവഹിക്കുന്ന മൊറോക്കൻ രാജാവ് മൗലായ് ഹസൻ

രാജാക്കന്മാരുടെയും ഉന്നത പദവിയിലിരിക്കുന്നവരുടെയും ചില പരമ്പരാഗത ശീലങ്ങളിലൊന്നാണ് കൈകളിൽ മുത്തമിടുന്നത്. എന്നാൽ അങ്ങു മൊറോക്കയിലെ രാജാവ് മൗലായ് ഹസന് ഇക്കാര്യം ഇഷ്ടമേയല്ല. ആചാരമോ മര്യാദയോ എന്തോ ആയിക്കൊള്ളട്ടെ, തനിക്കിഷ്ടമില്ലാത്ത കാര്യത്തിനു നിർബന്ധിച്ചാൽ അതു പരസ്യമായി തന്നെ പ്രകടിപ്പിക്കും പന്ത്രണ്ടുകാരനായ ഈ കുട്ടിരാജാവ്. രാജ്യത്തിന്റെ ഔദ്യോഗിക പരിപാടികൾ നിർവഹിക്കുന്നതിനിടയിൽ ഉമ്മ വെയ്ക്കുന്നവരിൽ നിന്നും കൈ പെട്ടെന്നു തിരികെ വലിക്കുന്ന ഹസന്റെ വിഡിയോ ആണിപ്പോൾ വൈറലാകുന്നത്.

അഭിവാദ്യം ചെയ്യുന്നതിനിടയ്ക്ക് കൈകളിൽ ഉമ്മ വയ്ക്കാൻ വന്നാൽ അപ്പോൾ കൈ വലിക്കും ഹസൻ. വരിവരിയായി നിൽക്കുന്നവര്‍ക്ക് മടികൂടാതെ ഹസ്തദാനം നൽകുന്ന മൗലായ് ഹസൻ കയ്യില്‍ ചുംബിക്കാനൊരുങ്ങുന്നവരില്‍ നിന്നും പെട്ടെന്നു തിരികെ വലിക്കുന്ന കാഴ്ച്ച രസകരമാണ്. വടക്കേ ആഫ്രിക്കൻ രാജ്യങ്ങളിൽ രാജകുടുംബത്തിലെ അംഗങ്ങളെ പരിചയപ്പെടുത്തുമ്പോൾ കൈകളിൽ മുത്തം വയ്ക്കുന്ന ശീലമുണ്ട്.