Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തെംസ് നദിയിൽ കൂറ്റൻ ‘അജ്ഞാതജീവി’ ; വിഡിയോ വൈറലാകുന്നു

River

ഏപ്രിൽ ഫൂൾനാളിന് ഏതാനും ദിവസം മുൻപ് 27ന്, യൂട്യൂബിൽ ഒരു വിഡിയോയെത്തി. ഏതാനും സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വിഡിയോ എടുത്തത് ലണ്ടനിലെ തെംസ് നദിയുടെ മുകളിൽ നിന്നായിരുന്നു. അതുവഴി സഞ്ചരിച്ച എമിറേറ്റ്സ് എയർലൈന്റെ കേബിൾ കാറിൽ വച്ചെടുത്ത ആ ദൃശ്യം Penn Plate എന്ന യൂസർ യൂട്യൂബിൽ പോസ്റ്റ് ചെയ്തു. എന്തൊക്കെയാണെങ്കിലും ദിവസങ്ങൾക്കകം സംഗതി വൈറലായി. ഇന്നിപ്പോൾ ഫെയ്സ്ബുക്കിലും ട്വിറ്റർ വഴിയുമെല്ലാം ഷെയർ ചെയ്ത് ലക്ഷക്കണക്കിനാളുകളാണ് ആ വിഡിയോ കണ്ടുകഴിഞ്ഞത്. പെൻ പ്ലേറ്റ് പോസ്റ്റ് ചെയ്ത യൂട്യൂബിലെ വിഡിയോ മാത്രം ഇതിനോടകം എട്ടുലക്ഷത്തിലേറെ പേർ കണ്ടു കഴിഞ്ഞു. അതിനു മാത്രം എന്താണാ വിഡിയോയിലുള്ളത്? അതുതന്നെയാണ് നെറ്റ്‌ലോകവും ചർച്ച ചെയ്യുന്നത്.

തെംസ് നദിയിൽ കണ്ട അജ്ഞാത‘ഭീകരജീവി’യുടെ വിഡിയോയാണ് പെൻ പ്ലേറ്റ് പോസ്റ്റ് ചെയ്തത്. കുത്തനെയെടുത്ത വിഡിയോ തെംസ് നദിയിലെ ഒരു ഭാഗത്തേക്ക് തിരിയുമ്പോഴാണ് ആ രൂപം ശ്രദ്ധയിൽപ്പെടുക. ആദ്യം അതിന്റെ ചിറകുകളെന്നു തോന്നിപ്പിക്കുന്ന ഭാഗം ഏതാനും സെക്കൻഡു നേരത്തേക്ക് വെള്ളത്തിനു മുകളിൽ കാണാം. പിന്നീട് ആ രൂപത്തിൽ നിന്നും മാറുന്ന ക്യാമറ നദിയുടെ മറ്റൊരു ഭാഗത്തേക്കു നീങ്ങുന്നു. തിരിച്ച് നേരത്തേ ‘ഭീകരരൂപ’ത്തെ കണ്ട ഭാഗത്തേക്ക് ക്യാമറയെത്തുമ്പോൾ വെള്ളത്തിനടിയിൽ കൂറ്റനൊരു നിഴൽ കാണാം. അതിങ്ങനെ ചെറുതായി ചലിക്കുന്നുമുണ്ട്. വെള്ളത്തിനടിയിൽ വൻവലിപ്പത്തിൽ എന്തോ ഉണ്ടെന്നത് ഉറപ്പ്. പക്ഷേ വിഡിയോ പാതിവഴിയിൽ തീരുന്നതോടെ അവിടെ നിന്ന് ആകാംക്ഷയും തുടങ്ങുകയായിരുന്നു.

ഏപ്രിൽ ഫൂൾ തമാശയാണെന്നാണ് ആദ്യം പലരും കരുതിയത്. ചിലർ പറഞ്ഞു അതൊരു മുങ്ങിക്കപ്പലാണെന്ന്. ഇത്രയും നല്ലൊരു ദൃശ്യം കിട്ടിയിട്ട് ക്യാമറ കുത്തനെ പിടിച്ചെടുത്തതിന് പെന്നിന് കണക്കിനു ചീത്തയാണ് യൂട്യൂബിൽ കമന്റുകളായെത്തുന്നത്. മാത്രവുമല്ല കുറച്ചുനേരത്തേക്ക് ക്യാമറ ജീവിയുടെ അടുത്തുനിന്ന് മാറുന്നത് വിഡിയോയിൽ കൃത്രിമം കാണിക്കുന്നതിനു വേണ്ടിയാണെന്നും വിമർശനമുയർന്നു. പക്ഷേ സുവോളജിക്കൽ സൊസൈറ്റി ഓഫ് ലണ്ടനും നാച്വറൽ ഹിസ്റ്ററി മ്യൂസിയവുമൊക്കെ വിഡിയോ പരിശോധിച്ച് വിശദീകരണവുമായി വന്നതോടെ ദൃശ്യങ്ങളുടെ ലെവലങ്ങു മാറി. അതൊരു ‘അജ്ഞാത രൂപം’ തന്നെയാണെന്ന് ലോകം ഉറപ്പിച്ചു. പിന്നെ അതെന്താണെന്നു കണ്ടെത്താനായി ശ്രമം. നിഗമനങ്ങളിങ്ങനെയാണ്:

1) കടലിൽ നിന്നു വഴിതെറ്റിയ കുപ്പിമൂക്കൻ തിമിംഗലമാകാം. 1913 മുതൽ ഇത്തരത്തിൽ തെംസിൽ തിമിംഗലങ്ങളെ കണ്ടെത്തിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും അവസാനം കണ്ടത് 2006ലായിരുന്നു. അന്നു കണ്ടെത്തിയ കുപ്പിമൂക്കൻ തിമിംഗലത്തിന് ‘തെംസ് നദിയിലെ തിമിംഗലം’ എന്ന ഔദ്യോഗിക പേരു വരെ ലഭിച്ചു. പക്ഷേ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അത് ചത്തുപോയി.

2) സ്കോട്‌ലൻഡിലെ തടാകങ്ങളിൽ ഉണ്ടെന്നു വിശ്വസിക്കുന്ന ഒരു ‘മിത്തിക്കൽ’ ജീവിയാണ് ലോക് നെസ്. നീളൻ കഴുത്തും ദിനോസറിനു സമാനമായ ശരീരവുമുള്ള ജീവിക്ക് ‘നെസി’ എന്നും വിളിപ്പേരുണ്ട്. പക്ഷേ ഇന്നേവരെ ആരും നേരിട്ട് കണ്ടിട്ടില്ല. പലപ്പോഴും വെള്ളത്തിനടിയിലൂടെ ഒരു ഭീമൻ നിഴൽ രൂപം നീങ്ങുന്നത് പലരും കണ്ടിട്ടുമുണ്ട്. ഒരുപക്ഷേ നെസി കറങ്ങിയടിച്ച് ലണ്ടനില്‍ എത്തിയതായിരിക്കാം ഇതെന്നു വിശ്വസിക്കുന്നവരുമേറെ.

3) സീലുകളോ ഡോൾഫിനുകളോ കടൽപ്പന്നികളോ കൂട്ടത്തോടെ സഞ്ചരിക്കുന്നത് ഭീകരജീവിയായി തോന്നിയതാകാം. ഇത്തരത്തിലുള്ള കൂട്ടങ്ങളെ 2000 മുതൽ തെംസ് നദിയിൽ പലപ്പോഴും കാണാറുണ്ട്. നിലവിൽ ‘അജ്ഞാതജീവി’യെ കണ്ട തെംസിലെ ഭാഗത്താണ് ഇത്തരത്തിൽ സീലുകളുടെ കൂട്ടത്തെ കാണാൻ ഏറ്റവും സാധ്യതയെന്നും വിദഗ്ധർ പറയുന്നു. 2000ത്തോളം സീലുകളെപ്പോലും നദിയിൽ കണ്ടെത്തിയിട്ടുണ്ടത്രേ! ഇന്നേവരെ അൻപതിനടുത്ത് തിമിംഗലങ്ങളും 450ഓളം കടൽപ്പന്നികളും തെംസ് നദിയിൽ കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വിശദമാക്കുന്നു. കാര്യമെന്തൊക്കെയാണെങ്കിലും ഇത്രയേറെ ചർച്ചകൾ നടന്നിട്ടും ഈ കാഴ്ച പകർത്തിയ പെൻ പ്ലേറ്റ് വിശദീകരണമായി ഇതുവരെ വന്നിട്ടില്ല. ഒരുപക്ഷേ അതൊരു ഏപ്രിൽഫൂൾ ‘എഡിറ്റിങ്’ ടെക്നിക്കാണെന്നു കക്ഷി പറഞ്ഞാൽ എല്ലാ ചർച്ചകളും അവിടെ ‘ഡിം’.

Your Rating: