കുറ്റവാളികൾക്ക് സ്മാർട്ട്ഫോണും ഇന്റർനെറ്റും, ഇന്ത്യയിൽ ഇങ്ങനെയും ഒരു ജയിൽ

പഞ്ചാബിലെ നാഭാ ജയിലിലെ അന്തേവാസികള്‍

ജയില്‍ എന്നു കേൾക്കുമ്പോൾ കനത്ത സുരക്ഷാ ക്രമീകരണങ്ങളോടു കൂടിയ വ്യക്തി സ്വാതന്ത്രത്തിനു പോലും ഇടമില്ലാത്ത കെട്ടിടങ്ങളാണു നമ്മുടെ മനസിലേക്കു വരിക. എന്നാൽ പഞ്ചാബിലെ നാഭാ ജയിൽ  ഈ ധാരണ തെറ്റാണെന്നു വ്യക്തമാക്കുന്നു.  കാരണം ഇവിടെ കുറ്റവാളികൾ നിയമത്തെ പരിഹസിക്കുന്ന കാഴ്ചയാണ് കാണുന്നത്. ഇവിടെ ജയിലഴികൾക്കുള്ളിലിരുന്ന് കുറ്റവാളികൾക്ക് സ്മാർട്ഫോൺ ഉപയോഗിക്കുന്നതിനും സോഷ്യൽ മീഡിയകളില്‍ സ്റ്റാറ്റസുകള്‍ അപ്ഡേറ്റ് ചെയ്യുന്നതിനും യാതൊരു വിലക്കുമില്ല. 

കുപ്രസിദ്ധ ക്രിമിനൽ വിക്കി ഗൗണ്ടർ നാഭാ ജയിലിൽ

ഇവിടുത്തെ അന്തേവാസികളായ പല ഗുണ്ടകളും ദിവസവും ഫേസ്ബുക്കിൽ ദൈനംദിന കാര്യങ്ങൾ അപ്ഡേറ്റു ചെയ്യുന്നവരാണ്. രസമെന്തെന്നാൽ ഈ ചിത്രങ്ങളൊന്നും കണ്ടാൽ അവർ അഴികൾക്കുള്ളിലാണെന്നേ തോന്നില്ല മറിച്ച് ഔട്ടിങ്ങിനോ ഗെറ്റ് ടുഗെദറിനോ ഇടയ്ക്കുള്ള ചിത്രങ്ങളാണെന്നേ തോന്നൂ. അത്രത്തോളം ആഹ്ലാദത്തോ‌ടെയാണ് ഓരോരുത്തരുടെയും നിൽപ്. 

പഞ്ചാബിലെ നാഭാ ജയിലിലെ അന്തേവാസികള്‍

നാഭാ ജയിലിനുള്ളിലെ ഫോണുപയോഗം പുറംലോകമറിഞ്ഞത് കുപ്രസിദ്ധ ക്രിമിനൽ വിക്കി ഗൗണ്ടറിന്റെ ഫേസ്ബുക്ക് പോസ്റ്റോടെയാണ്. പ്രതികാരം തീർത്തെന്ന് ആഹ്ലാദത്തോടെ താൻ ചെയ്ത കൊലപാതകത്തെക്കുറിച്ച് കുറിക്കുകയായിരുന്നു അയാൾ. ഇതോ‌ടെ മറ്റുള്ളവരും ഫേസ്ബുക്കിൽ അവനവൻ ചെയ്ത ക്രൂരകൃത്യങ്ങളെ വാഴ്ത്തിപ്പാടാൻ തുടങ്ങി. സ്വന്തം നാട്ടില്‍ ആർത്തുല്ലസിച്ചു ന‌ടക്കുന്നതിനേക്കാൾ ആഹ്ലാദത്തോടെയാണ് ജയിലിനുള്ളിൽ ന‌ടക്കുന്നതെന്നു തോന്നിപ്പിക്കുന്നതാണ് ഓരോ ചിത്രങ്ങളും. ഗ്രൂപ്പികളും സെൽഫികളും മാത്രമല്ല ഒരു അന്തേവാസി പോയാൽ അയാളെ മിസ് ചെയ്യുന്നുവെന്നു കാണിച്ചുള്ള ചിത്രങ്ങളും ധാരാളം കാണാം. 

പഞ്ചാബിലെ നാഭാ ജയിലിലെ അന്തേവാസികള്‍

സത്യത്തിൽ പോലീസ് ഇക്കാര്യത്തിൽ അനാസ്ഥ കാണിക്കുന്നുവെന്നു മാത്രമല്ല ഓരോ തവണ റെയ്ഡ് ന‌ടത്തിയാലും പിന്നീ‌ടും ഫോണുകളുടെ ലഭ്യതയ്ക്ക് യാതൊരു കുറവും കാണുന്നില്ലെന്നാണ് അവർ തന്നെ പറയുന്നത്. ചില ഫോട്ടോകളിലാകട്ടെ വശത്തായി തോക്കും പിടിച്ചു നിൽക്കുന്ന പോലീസുകാരെയും കാണാം. കയ്യാമം വച്ചു നിർത്തിയിരിക്കുന്ന പ്രതിയ്ക്കരികിൽ പോലീസുകാർ നിൽക്കുന്ന ചിത്രത്തിനും പറയാനേറെ കാണുമല്ലോ. എന്തായാലും നാഭാ ജയിൽ ഒരിക്കലും കുറ്റവാളികൾക്കൊരു തരത്തിലുമുള്ള കുറ്റബോധം സൃഷ്ടിക്കുന്നയിടമല്ല മറിച്ച് കുറ്റം ചെയ്യുന്നതിന് ചെറിയ ഇടവേളയെടുത്ത് സൗജന്യമായി പാർക്കാനുള്ള സ്ഥലം മാത്രമാണ്.