‘കൈവിട്ട’ സെൽഫി അഥവാ 'ഹൈ ഫൈവ്' സെൽഫി!

കൈ വിട്ടെടുക്കുന്ന സെൽഫി

ഇപ്പോഴും ഫോൺ കയ്യിലെടുത്തു നീട്ടിപ്പിടിച്ചാണോ സെൽഫി എടുക്കുന്നത്. കൈവിട്ടു സെൽഫിയെടുക്കാൻ തുടങ്ങിയില്ലേ... കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യമിതാണ്. പഴയ സ്മാർട് ഫോണും കൈയിൽ വച്ചു നടക്കുന്നവരോട് ഈ ഫോൺ മാറ്റാറായില്ലേ എന്നു ചോദിക്കുന്നതു പോലെയൊരു ചോദ്യം.

ഹൈ ഫൈവ് സെൽഫിയാണിപ്പോൾ ട്രെൻഡ്. ഫോൺ കൈയിൽനിന്ന് വിട്ട് ആകാശത്ത് നിൽക്കുമ്പോൾ ക്ലിക്ക് ആവണം. ഒരു കണ്ണാടിയുടെ മുൻപിൽനിന്ന് ഫോണിനു മുൻപിൽ പോസ് ചെയ്ത് ക്ലിക്ക് ചെയ്ത് അങ്ങ് വിടുക. കൃത്യമായി ക്ലിക്ക് ചെയ്യാനായാൽ ഉഗ്രൻ സെൽഫി. ടൈമിങ്ങ് ആണ് പ്രധാനം. അൽപം ഭാഗ്യവും ടെക്നിക്കൽ അറിവും കൂടിയുണ്ടെങ്കിൽ സെൽഫി കിടു.

നോർത്ത് കലിഫോർണിയയിലെ സേത് ഷിൻ‍ഡർ ആണ് ആദ്യമായി ഹൈ ഫൈവ് സെൽഫിയെടുത്ത് ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. സെൽഫോൺ ആകാശത്താണു നിൽപ്പ്. സേത് കൈകൾ രണ്ടും കൂട്ടിപ്പിടിച്ചു നിൽക്കുന്നു. എന്റെ ജീവിതത്തിലെ അഭിമാന നിമിഷമാണിത്. ഞാൻ ആദ്യമായി ഹൈഫൈവ് സെൽഫിയെടുത്തിരിക്കുന്നു എന്ന കുറിപ്പോടെയായിരുന്നു പോസ്റ്റ്. 434,000 ലൈക്ക്, 171,500 റീട്വീറ്റ് ഒക്കെയായി പോസ്റ്റ് വൈറലായി. ഈ സെൽഫി കണ്ടവർ പറയുന്നു: ഇതുവരെ എടുത്തതൊക്കെ കുൽഫി ഇതാണു സെൽഫി.

ഫോൺ തറയിൽ വീണ് ഉടയില്ലേ എന്നു തന്നെയാണ് ഫോട്ടോ കണ്ടവരുടെയെല്ലാം ചോദ്യം. സംശയമെന്ത്. ഫോൺ വീണുടയും. ഉടയാതെ സൂക്ഷിക്കാൻ തറയിൽ വല്ല ബെഡോ തലയണയോ വിരിച്ചേക്കണം എന്നാണു സേത് നിയമപ്രകാരമുള്ള മുന്നറിയിപ്പായി പറയുന്നത്. പക്ഷേ സേത് ഷിൻ‍ഡർ സെൽഫിയെടുത്തപ്പോൾ ഇതൊന്നും വേണ്ടിവന്നില്ല. ഫോൺ ആകാശത്തേക്കുയർന്നു. ക്ലിക്ക് ചെയ്തു. താഴെ എത്തും മുൻപേ ഒറ്റപ്പിടുത്തം, അതാണു ടൈമിങ്.