പെരുവഴിയിലൊരു വിവാഹനൃത്തം, സംഭവം വൈറൽ!

എങ്ങനെ കുരുക്കിൽനിന്നു രക്ഷപ്പെടും എന്നാലോചിച്ച് കാരണവന്മാർ വിഷമിക്കുമ്പോൾ ചെക്കനും പെണ്ണും എല്ലാം മറന്നു നൃത്തമാണ്.

യുഎസിൽ വിവാഹിതരായ ജെഫും റബേക്കയുമാണ് നടാടെ കല്യാണം കഴിച്ചു വഴിയിൽ പെട്ടുപോയത്. കല്യാണം കഴിഞ്ഞു റിസപ്ഷനു പോകുമ്പോഴാണു ദമ്പതികൾ വഴിയിലായത്. ഉഗ്രൻ ട്രാഫിക് ബ്ലോക്ക്. കുറെ നേരം ഏസി ഓൺ ചെയ്തു കാറിലിരുന്നു. കല്യാണപ്പെണ്ണിനെയും ചെക്കനെയും കാറിൽ കണ്ട ബൈക്ക് യാത്രികരാണ് ഉഗ്രൻ ആശയം പറഞ്ഞത്. എന്തായാലും സമയത്ത് ഓഡിറ്റോറിയത്തിൽ എത്തില്ല. എന്നാൽ പിന്നെ അവിടെ നടത്താൻ നിശ്ചയിച്ച പാർട്ടി ഡാൻസ് ഇവിടെയങ്ങ് നടത്തിക്കൂടേ. ഉഗ്രൻ ഐഡിയ എന്നു പറഞ്ഞ് ദമ്പതികൾ റോഡിലിറങ്ങി.

മൊബൈൽ ഫോണിൽ പാട്ട് ഓൺ ചെയ്തു. മറ്റു വാഹനങ്ങളുടെ വെളിച്ചം പാർട്ടി ലൈറ്റായി സങ്കൽപിച്ച് ഡാൻസ് തുടങ്ങി. ട്രാഫിക് ബ്ലോക്കിൽ പെട്ട് ബോറടിച്ചു കിടന്നിരുന്നവരെല്ലാം വെളിയിലിറങ്ങി. എല്ലാവരും കൈയടിച്ചു പ്രോൽസാഹിപ്പിച്ചു. ചിലർ കൂടെ നൃത്തം ചെയ്തു. വിവാഹത്തിന്റെ വിഡിയോഗ്രഫർ മൊത്തം ക്യാമറയിൽ പകർത്തി. അങ്ങനെ താളമേളം പാട്ടും കൂത്തുമായി ട്രാഫിക് ബ്ലോക്ക് ഒരു ഉൽസവമാക്കി.

എങ്ങനെ കുരുക്കിൽനിന്നു രക്ഷപ്പെടും എന്നാലോചിച്ച് കാരണവന്മാർ വിഷമിക്കുമ്പോൾ ചെക്കനും പെണ്ണും എല്ലാം മറന്നു നൃത്തമാണ്. പക്ഷേ ഇങ്ങനെ ഡാൻസും ചെയ്തു വഴിയിൽ നിന്നാൽ പോരല്ലോ. ചെക്കന്റെ സുഹൃത്തിന്റെ അച്ഛൻ വെട്ടിത്തിരിച്ച് വളച്ചെടുത്ത് മറ്റൊരു ലെയ്നിലേക്കു തിരിഞ്ഞു. ബാക്കി കാറുകളും ഇതിനു പിന്നാലെ തിരിഞ്ഞു. മനസില്ലാ മനസോടെ ദമ്പതികൾ കാറിൽ കയറി. അങ്ങനെ ഒരു വിധത്തിൽ കാറുകളെല്ലാം ഓഡിറ്റോറിയം ലക്ഷ്യമാക്കി പാഞ്ഞു. ഇനി ബാക്കി നൃത്തം പന്തലിൽ ചെന്നിട്ട്.