വെടിയുണ്ടയെ തടഞ്ഞു നിർത്തി ജീവൻ രക്ഷിച്ച നോക്കിയ ഫോൺ !

നോക്കിയ ഫോൺ ഉപയോഗിക്കുന്ന ഒരാളിന്റെ ജീവൻ ഫോൺ കാരണം രക്ഷപെട്ടത്രേ. ഇയാൾക്കുനേരെ വന്ന വെടിയുണ്ട മൊബൈലിൽ തറച്ചു നിൽക്കുകയായിരുന്നു.

നോക്കിയ ഫോണിന്റെ പ്രതാപകാലത്ത് തമാശയ്ക്കു പലരും പറയുമായിരുന്നു 3310 ഉണ്ടെങ്കിൽ ധൈര്യമാണ്, പട്ടിയെപ്പോലും പേടിക്കേണ്ട. അത്യാവശ്യത്തിന് പട്ടിക്കൊരേറ് കൊടുക്കാം. അതുകഴിഞ്ഞ് പൊടിയും തട്ടി ഫോണെടുത്ത് അടുത്ത കോൾ ചെയ്യുകയുമാകാം. അതിശയോക്തിയെന്നു തോന്നാമെങ്കിലും നോക്കിയ ഫോണുകളുടെ ഉറപ്പിനെക്കുറിച്ച് എല്ലാവർക്കും നല്ല മതിപ്പായിരുന്നു. എത്ര തവണയാണു നമ്മളൊക്കെ തറയിൽ ഫോണിന്റെ ബലം പരീക്ഷിച്ചത്. ബാറ്ററി പെറുക്കി വീണ്ടും കെയ്സ് അടച്ചാൽ നോക്കിയ പഴയപോലെ റെഡി.

കാലം മാറിയപ്പോൾ നമുക്ക് നോക്കിയ പിടിക്കാതെയായി, ഒരു പക്ഷേ തെരുവുനായ്ക്കളും ഇതറിഞ്ഞു കാണണം ഇപ്പോൾ അവറ്റകൾക്കെന്താണൊരു ധൈര്യം..! പറഞ്ഞു വരുന്നത് ഇപ്പോഴും നോക്കിയയുടെ ഉറപ്പിന് കിട്ടിയ പുതിയ സാക്ഷ്യപത്രത്തെക്കുറിച്ചാണ്. നോക്കിയ ഫോൺ ഉപയോഗിക്കുന്ന ഒരാളിന്റെ ജീവൻ ഫോൺ കാരണം രക്ഷപെട്ടത്രേ. ഇയാൾക്കുനേരെ വന്ന വെടിയുണ്ട മൊബൈലിൽ തറച്ചു നിൽക്കുകയായിരുന്നു. ചുമ്മാ ബഡായി പറയുകയാണെന്നു കരുതി തള്ളാൻ പറ്റില്ല, പറയുന്നത് നോക്കിയയുടെ കാര്യക്കാരിലൊരാളാണ്. മൈക്രോസോഫ്റ്റ് ജനറൽ മാനേജർ പീറ്റർ സ്‌കിൽമാനാണ് നോക്കിയ ഫോണിന്റെ വീരചരിതം വിളമ്പുന്നത്.

ക്രോസോഫ്റ്റ് ജനറൽ മാനേജർ പീറ്റർ സ്‌കിൽമാന്റെ ട്വീറ്റ്

ട്വിറ്ററിൽ വെടിയേറ്റ ഫോണിന്റെയും ഫോണിൽ കുടുങ്ങി നിരാശനായ വെടിയുണ്ടയുടെയും ചിത്രം ഇദ്ദേഹം പുറത്തുവിടുന്നുണ്ട്. സംഭവം അഫ്ഗാനിസ്ഥാനിലാണ് നടന്നതെന്ന ക്ലൂ കൂടി സ്‌കിൽമാന്റെ ട്വീറ്റിലുണ്ട്. ‘ഞാൻ മുൻപ് ഉണ്ടാക്കിയ ഫോൺ അഫ്ഗാനിസ്ഥാനിൽ ഒരാളുടെ ജീവൻ രക്ഷിച്ചു’ അതായിരുന്നു ട്വീറ്റ്. ആരാണ് അഫ്ഗാനിസ്ഥാൻകാരൻ തുടങ്ങി കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടില്ലെങ്കിലും സ്‌കിൽമാന്റെ ട്വീറ്റ് സോഷ്യൽ മീഡിയയ്ക്ക് ആഘോഷമായി. ഇങ്ങേരു പറയുന്നത് ഉള്ളതാണോ അല്ലെയോ എന്നൊന്നും വിഷയമാക്കാതെ നല്ല ‘അലക്കു’ തുടങ്ങി.

നോക്കിയ ഫോണിന്റെ ദൃഡത കാണിക്കുന്ന ഫോട്ടോകൾ അടങ്ങിയ പോസ്റ്റുകളായിരുന്നു അധികവും. സൈനികൻ സുരക്ഷാ കവചത്തിനു പകരം നെഞ്ചിൽ നോക്കിയ ഫോണുകൾ കെട്ടിവയ്ക്കുന്നതും നോക്കിയ ഫോൺ വീണു ഭൂമി കുഴിഞ്ഞുപോയതുമെല്ലാം അവയിൽ ചിലതുമാത്രം. എന്തായാലും പൊട്ടിത്തെറിക്കുന്ന പരിഷ്‌കാരി ഫോണുകളുടെ കാലത്ത് ഇപ്പോഴും നോക്കിയയെ ആളുകൾ ഓർക്കുന്നുണ്ടെന്നു മനസ്സിലായി.