മുടി വളരാൻ ‘സവാള ഗിരി ഗിരി’! സോഷ്യൽ മീഡിയയിൽ വൈറലായി സവാള ചികിൽസ

മുടി കൊഴിച്ചിൽ തടയാൻ ഇനിയിപ്പോ എന്തുചെയ്യും? മുടി തിരിച്ചു വളരാൻ എന്തെങ്കിലും മാർഗമുണ്ടോ? – കഷണ്ടി ചോദ്യചിഹ്നമായ എല്ലാവരും ഉത്തരം തേടുന്ന ചോദ്യങ്ങളാണിത്. ഈ ‘മുടിയില്ലാ കോംപ്ലകസ്’ നന്നായി മനസ്സിലാക്കിയ മരുന്നു കമ്പനികൾ അവസരം മുതലെടുത്ത് പല പേരിൽ പല മരുന്നുകൾ പരീക്ഷിക്കുന്നു. എന്നാൽ കഷണ്ടി മാറ്റാൻ കാശ് ചെലവാക്കിയിറങ്ങിയ ഒട്ടുമിക്ക പേരും ഉള്ള മുടി കൂടി ഓടിപ്പോവുന്നതു കണ്ട് മരുന്ന് പരീക്ഷണം പെട്ടെന്ന് നിർത്താറാണ് പതിവ്. എന്നാൽ പണച്ചെലവില്ലാതെ നഷ്ടമായ മുടിയഴക് തിരികെപ്പിടിക്കാനുള്ള ഒരു ‘നാടൻ മാജിക്കാ’ണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്.

നമ്മുടെ അടുക്കളകളിൽ സുലഭമായ സവാളയാണ് (ആശ്ചര്യപ്പെടേണ്ട, നമ്മുടെ വലിയ ഉള്ളി തന്നെ!) മുടി വളർത്തുന്ന മജീഷ്യൻ. മുടി കൊഴിഞ്ഞ് നെറ്റി കയറിയ ചിലർ പരീക്ഷണാർഥം സവാളയുടെ നീര് തലയിൽ തേച്ചു പിടിപ്പിച്ചു. ആഴ്ചകൾ കഴി‍ഞ്ഞപ്പോഴേക്കും പുതിയ മുടിയിഴകൾ വളർന്നു തുടങ്ങി. നാല് മാസം തുടർച്ചയായി സവാള ചികിത്സ നടത്തിയപ്പോഴേക്കും ചീകി വയ്ക്കാൻ മാത്രമുള്ള മുടി വളർന്ന കഥയാണ് സോഷ്യൽ മീഡിയ ചർച്ചയിൽ അനുഭവസ്ഥർ പങ്കുവയ്ക്കുന്നത്.

‘കിലുക്ക’ത്തില്‍ ലോട്ടറി ടിക്കറ്റ് നമ്പർ ഒത്തു നോക്കുന്ന ഇന്നസെന്റിനെ പോലെ ‘ഇത് കുറേ കണ്ടിട്ടുണ്ടെന്ന്’ പറഞ്ഞ് തള്ളിക്കളയാൻ വരട്ടെ. ഈ പറഞ്ഞ ഉള്ളി ചികിത്സക്ക് ആയുർവേദത്തിന്റെ പിന്തുണയുണ്ട്!

‘ഇന്ദ്രലുപ്തം’ (അലോപേഷ്യ ഏരിയേറ്റ എന്ന രോഗത്തിന്റെ ആയുർവേദ നാമം) എന്ന അവസ്ഥയിൽ ഉള്ളി അരച്ചു ചേർത്ത് പിടിപ്പിക്കാൻ പറയുന്നുണ്ടെന്നും ആ അവസ്ഥയിൽ മുടി തിരികെ വളരുമെന്നും കോട്ടയം ചിരായു ആയുർവേദ സ്പെഷ്യാലിറ്റിറ്റി ക്ലിനിക്കിലെ ഡോക്ടർ രാമകൃഷ്ണൻ പറയുന്നു. ‘‘ചുവന്ന ഉള്ളി മുടി വളർച്ചക്കു വളരെയധികം സഹായകമാണ്. പണ്ടൊക്കെ നമ്മുടെ വീടുകളിൽ ചുവന്ന ഉള്ളിയിട്ട് തിളപ്പിച്ചെടുക്കുന്ന വെളിച്ചെണ്ണ തലയിൽ തേക്കാൻ ഉപയോഗിക്കാറുണ്ടായിരുന്നു’’– ഗുരുവായൂരിൽ ആയുർവേദ ഡോക്ടറായ കെ.കെ ഹരിദാസിനും ഉള്ളിയുടെ ഔഷധ വീര്യത്തിൽ സംശയമില്ല. പക്ഷേ രണ്ടുപേരും ഒരു കാര്യം പ്രത്യേകം കൂട്ടിച്ചേർക്കുന്നു – ‘‘ വ്യത്യസ്ത കാരണങ്ങളാലാണ് മുടി കൊഴിയുന്നതും നെറ്റി കയറുന്നതും. എല്ലാതരം മുടികൊഴിച്ചിലിനും ഈ ‘സവാള ചികിത്സ’ ഒരേപോലെ വിജയകരമായിരിക്കണമെന്നില്ല. ചിലർക്ക് ഇത് അലർജിയായേക്കാം. ’’

സംഭവം ഫഹദ് ഫാസിൽ ഫാനാണ് എന്നൊക്കെ പറഞ്ഞ് പയറ്റാറുണ്ടെങ്കിലും തലയിൽ മുടിയുണ്ടാവുക എന്നത് എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണല്ലോ. സിനിമാ താരങ്ങളെപ്പോലെ വച്ചുപിടിപ്പിക്കാൻ ത്രാണിയില്ലാത്തവർക്കും മരുന്നുപരീക്ഷണങ്ങൾ നടത്തി മടുത്തവർക്കുമെല്ലാം ഈ നാടൻ മാജിക് പരീക്ഷിച്ചു നോക്കാവുന്നതാണ്. മരുന്നിന്റെ കൂട്ടുകളെക്കുറിച്ചുള്ള ആധിയില്ല, തയാറാക്കാനുള്ള തത്രപ്പാടില്ല. സംഗതി നാടനാണ്. സിംപിളാണ് പവർഫുളാണ്.

‘സവാള മരുന്ന്’ ഉപയോഗിക്കുന്ന വിധം താഴെ കൊടുക്കുന്നു-

വലിയ ചുവന്ന ഉള്ളി (സവാള) മിക്സിയിൽ അടിച്ച് ജ്യൂസ് പരുവത്തിലാക്കുക. എന്നിട്ട് അതിന്റെ നീര് മാത്രം അരിച്ചെടുക്കുക. ദിവസവും ഇരുപതു മിനിറ്റ് നേരത്തേക്കെങ്കിലും തലയിൽ നന്നായി മസാജ് ചെയ്ത് പിടിപ്പിക്കുക. ഇതിനു ശേഷം കഴുകിക്കളയാം. ഇതു പരീക്ഷിച്ചു വിജയിച്ച ഒരാൾ സോഷ്യൽ മീഡിയയൽ ഫോട്ടോ സഹിതം പോസ്റ്റ്് ചെയ്തു വൈറലായിരിക്കുകയാണ്. ഇതു കണ്ടു കഷണ്ടിക്കാർ കൂട്ടത്തോടെ മൊബൈൽ നമ്പർ തപ്പിയെടുത്തു വിളിച്ചതോടെ ആശാന്‍ പെട്ടു. ഇപ്പോൾ മുഖം മറച്ചിട്ടുള്ള പ്രചാരണം മതിയെന്ന തീരുമാനത്തിലാണ് ഈ മുൻ കഷണ്ടിക്കാരൻ. അതുകൊണ്ടു തന്നെ ആരും അദ്ദേഹത്തെ കണ്ടെത്തി വിളിക്കാൻ മെനക്കെടേണ്ട.

കൂടുതൽ കൗതുക വാർത്തകൾക്കായി സന്ദർശിക്കാം‍‍