ഒറ്റനോട്ടത്തിൽ കണ്ടുപിടിക്കാമോ ഈ ചിത്രത്തിലെ സത്യം ?

സോഷ്യൽ മീഡിയയെ കൺഫ്യൂഷനിലാക്കിയ ചിത്രം

സോഷ്യൽ മീഡിയയിൽ ഒന്നു കേറിയാലുണ്ടല്ലോ, പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റില്ലെന്റെ സാറേ... യുവത്വം ഇപ്പോൾ ഇങ്ങനെയാണ്. ഫേസ്ബുക്കോ, ട്വിറ്ററോ, വാട്സ്ആപോ ഒന്നും ഇല്ലാതെ അവർക്കൊരാഘോഷവും ഇല്ല. ഒരു ഫോട്ടോ മുതൽ വാർത്ത വരെ നിമിഷനേരം കൊണ്ടാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. അടുത്തിടെ ട്രെൻഡിങ് ആയിക്കൊണ്ടിരിക്കുന്ന ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങളെല്ലാം തന്നെ ലക്ഷ്യമിടുന്നത് ഈ യൂത്തിനെ തന്നെയാണ്. പടി കയറുന്ന പൂച്ചയുടെ പേരിലും വസ്ത്രത്തിന്റെ നിറത്തിന്റെ പേരിലുമൊക്കെ പരസ്പരം തർക്കിച്ചിരുന്ന യങ്സ്റ്റേഴ്സ് ഇപ്പോൾ മറ്റൊരു ഫോട്ടോയ്ക്കു പുറകെയാണ്. ഒരു യുവാവും യുവതിയും പരസ്പരം പുണർന്നു നിൽക്കുന്ന ചിത്രമാണ് ആശയക്കുഴപ്പത്തിലാക്കിയിരിക്കുന്നത്.

റെഡ്ഡിറ്റ് യൂസറായ ബ്ലഡ് റീപർ എന്നയാളാണ് ഈ ചിത്രം പങ്കുവച്ചിരിക്കുന്നത്. മറ്റൊന്നുമല്ല കെട്ടിപ്പിടിച്ചു നിൽക്കുന്ന രണ്ടുപേരുടെയും കാലുകളാണ് പ്രശ്നക്കാര്‍. മുന്നിൽ നിൽക്കുന്നയാളുടെ കാലും പുറകിൽ നിൽക്കുന്നയാളുടെ കാലും ഏതെന്നു നോക്കി മനസിലാക്കാൻ പറ്റുന്നില്ലെന്നതാണു പ്രശ്നം. ഒറ്റനോട്ടത്തിൽ ഇതു സിമ്പിളല്ലേ ഈ കാലുകൾ ഇയാളുേടതല്ലേ എന്നൊക്കെ തോന്നുമെങ്കിലും രണ്ടാമതൊന്നു നോക്കിയാൽ തല പെരുക്കുമെന്നു പ്രത്യേകം പറയേണ്ട. ഇരുവരും ധരിച്ചിരിക്കുന്ന വസ്ത്രവും കൺഫ്യൂഷന്റെ ആക്കം കൂട്ടുന്നതാണ്. അതായത് രണ്ടുപേരുടെയും വസ്ത്രങ്ങൾക്കും സാമ്യമുണ്ട്.

അവസാനം തലപുകച്ച് Musicmonk84 എന്ന റെഡ്ഡിറ്റ് യൂസർ സംഗതി ലളിതമായി വിശദീകരിക്കുക തന്നെ ചെയ്തു. പുറകുവശം തിരിഞ്ഞു നിൽക്കുന്ന യുവാവ് വെള്ളയും ഇരുണ്ട നീലയും കലർന്ന രണ്ടു നിറമുള്ള ഷോർട്ട്സ് ആണു ധരിച്ചിരിക്കുന്നത്. അതിലെ വെള്ള ഭാഗം പെൺകുട്ടിയുടെ കാലുകളുമായി മാച്ച് ചെയ്യുന്നതുകൊണ്ട് പെൺകുട്ടിയാണ് വെള്ള ഷോർട്ട്സ് ധരിച്ചതെന്ന തോന്നലുണ്ടാകും. ഇതാണു കൺഫ്യൂഷനെല്ലാം കാരണം. ഇനി ഏറ്റവും രസകരമായ കാര്യം എന്താണെന്നാൽ പെൺകുട്ടി ഷോർട്ട്സ് ധരിച്ചിട്ടുണ്ടെന്നതും തോന്നൽ മാത്രമാണ് അവളുടെ വസ്ത്രം ചിത്രത്തിൽ കാണുന്നേയില്ല. എന്താല്ലേ.... സമ്മതിക്കണ്ടേ ഈ ഫോട്ടോ പോസ്റ്റു ചെയ്തവനെ....