നവരസങ്ങളുമായി ഒരു ഒന്നൊന്നര കുഞ്ഞാവ !

ഡാനിയുടെ വിവിധ ഭാവങ്ങള്‍

ബേബി ഡാനി ജനിച്ചിട്ട് അധിക നാളുകളായിട്ടില്ല, ആളൊരു ഇത്തിരിക്കുഞ്ഞൻ വാവ തന്നെ. പക്ഷെ ഇന്നു സോഷ്യൽ മീഡിയയിലെ താരമാണു കക്ഷി. ലോകത്തിലെ ഏറ്റവും എക്സ്പ്രസീവ് ആയ കുഞ്ഞായാണ് ഡാനിയെ ലോകം വിലയിരുത്തുന്നത്. കക്ഷിയുടെ മുഖത്തു നിമിഷനേരങ്ങൾക്കുള്ളിൽ അനേകം ഭാവങ്ങളാണ് മിന്നിമായുന്നത്. 

ഡാനിയുടെ വിവിധ ഭാവങ്ങള്‍

കാമറ കണ്ടാൽ മതി ആശാൻ ചിരി തുടങ്ങും. പിന്നെ, സെൽഫി ഭ്രാന്തന്മാരായ ഫ്രീക്കന്മാർ തോൽക്കുന്ന വിധത്തിൽ ഓരോരോ ഭാവങ്ങൾ മുഖത്തു വിരിയുകയായി. 'അമ്മ മോളി മികോസ് ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്ത ഡാനിയുടെ ചിത്രങ്ങൾ നിമിഷനേരം കൊണ്ടു പതിനായിരക്കണക്കിന് ആളുകളാണ് കണ്ടത്.  അമേരിക്കയിലെ ചിക്കാഗോ സ്വദേശിയായ മോളി ഒരു കൗതുകത്തിനാണ് മകന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. നിമിഷനേരങ്ങൾ കൊണ്ടു ചിത്രങ്ങൾക്ക് 39000നു മേൽ ലൈക്കുകൾ നേടാനായി.

ഡാനിയുടെ വിവിധ ഭാവങ്ങള്‍

കണ്ണടച്ചതും കണ്ണു മിഴിച്ചതും യോ വച്ചും ചിരിച്ചു കാണിച്ചും കൊച്ചു ഡാനി ഇൻസ്റ്റഗ്രാമിൽ തകർക്കുകയാണ്. മിസ്റ്റർ ബീൻ ലുക്കിലും ജയ് വിളിച്ചും, എന്തിനേറെ നമ്മുടെ നടൻ ഉമ്മറിനെ അനുസ്മരിപ്പിക്കുന്ന രീതിയിൽ വരെ ഈ കുഞ്ഞുവാവയുടെ ഫോട്ടോകൾ ഉണ്ട്. കണ്ടാൽ ആരും ഒന്ന് ചിരിച്ചു പോകും. ചിരിപ്പിച്ചു കളഞ്ഞു എന്നു കരുതി കുഞ്ഞു ഡാനി അത്ര തമാശക്കാരനാണ് എന്നു കരുതുകയൊന്നും വേണ്ട. അൽപം മസിലു പിടിച്ചും ഗൗരവം കാണിച്ചുമെല്ലാം നമ്മെ വിരട്ടുന്ന രീതിയിലും ഡാനിക്കുഞ്ഞിന്റെ ഫോട്ടോസ് റെഡി.