യോഗ പരീക്ഷ ജയിച്ചാൽ ജയിൽ മോചനം പെട്ടെന്ന്!

ദൈനംദിന സംഘർഷങ്ങളിൽ നിന്നും മനസിന് ആശ്വാസകേന്ദ്രമാകുന്ന ഒന്നാണ് യോഗ പരിശീലനം. സംഘർഷമില്ലാത്ത മനസിനും ഏകാഗ്രതയ്ക്കും യോഗ പരിശീലനം ഉത്തമമാണ്. ഇവിടെ ഒരു ജയിലിൽ വിടുതലിനായി കഠിന പ്രയത്നങ്ങളൊന്നും ചെയ്യേണ്ട, പകരം യോഗ പരീക്ഷ പാസായാൽ മതി. വിശ്വസിക്കാനാവുന്നില്ലല്ലേ.. എന്നാൽ സംഗതി സത്യമാണ്. പൂനെയിലെ യേർവാഡാ ജയിലിൽ ആണ് യോഗ പരീക്ഷ പാസായാൽ മൂന്നുമാസം മുമ്പേ ജയിൽ മോചിതനാകാവുന്ന അവസരമുള്ളത്.

യോഗ പോസിറ്റീവ് ചിന്താഗതിയുണ്ടാക്കുന്നതിനൊപ്പം വേഗത്തിൽ മാറ്റത്തിന്റെ പാതയിലേക്കു നയിക്കുന്നതു കൊണ്ടാണ് ഇത്തരമൊരു പരിപാടി ആവിഷ്കരിച്ചതെന്ന് അധികൃതർ പറഞ്ഞു. യോഗാഭ്യാസം കഴിഞ്ഞതിനു ശേഷമാണ് പരീക്ഷ സംഘടിപ്പിക്കുക. തുടർന്ന് പരീക്ഷയിൽ പാസാകുന്നവർക്കാണ് മൂന്നുമാസം മുമ്പേ റിലീസാകുവാനുള്ള ഇളവു ലഭിക്കുക. പൂനെ ജയിലിൽ അന്താരാഷ്ട്ര യോഗാദിനമായ ജൂൺ 21നു തന്നെ യോഗയ്ക്കു വേണ്ടിയുള്ള പ്രത്യേക ക്ലാസുകൾ ആരംഭിച്ചിരുന്നു. ജയിൽവാസികളിൽ ഭൂരിഭാഗം പേരും യോഗ അഭ്യസിപ്പിക്കുന്നവരുടെ നിലവാരത്തിലേക്കുയർന്നിട്ടുണ്ട്. യേർവാഡ് സെൻട്രൽ ജയിലിലെ അഡീഷണല്‍ ഡയറക്ടർ ജനറലായ ഭൂഷൺകുമാർ ഉപാധ്യായ് ആണ് യോഗാ പരിപാടി ജയിലിനുള്ളിലേക്കും എത്തിച്ചത്.