അച്ഛനാണ് അറിയണം, വൈറലായ ആ നഗ്ന ചിത്രത്തിനു പിന്നിൽ നീറുന്ന മനസ്സുണ്ട്

തോമസ് മകൻ ഫോക്സിനൊപ്പം

പ്രമുഖർക്കു മാത്രമല്ല സാധാരണക്കാർക്കു കൂടി ഇടം നല്‍കുന്ന വേദിയാണ് സോഷ്യല്‍ മീഡിയ. സിനിമാ സാംസ്കാരിക ലോകത്തെ പ്രശസ്തരുടെ വിശേഷങ്ങൾക്കൊപ്പം തന്നെ തികച്ചും സാധാരണക്കാരെ കേൾക്കാനും സോഷ്യൽ മീഡിയ തയ്യാറാകാറുണ്ട്. പക്ഷേ അവയിൽ പലതും നല്ല പ്രതികരണങ്ങള്‍ സൃഷ്ടിക്കുന്നതിനൊപ്പം തന്നെ നെഗറ്റീവ് ആയും പ്രചരിക്കാറുണ്ട്. ഇത്തരത്തിൽ ഒരച്ഛന്റെയും കുഞ്ഞിന്റെയും ചിത്രമാണ് ഇന്ന് സമൂഹമാധ്യമങ്ങളിൽ നെഗറ്റീവ് ആയി പ്രചരിക്കുന്നത്. നന്മ മനസോടെ കാണുന്നവർക്ക് അത് ഉള്ളിലുള്ള ഇഷ്ടം മുഴുവൻ പ്രകടിപ്പിച്ചുകൊണ്ട് തന്റെ കുഞ്ഞിനെ ചേർത്തുപിടിക്കുന്ന ഒരച്ഛനാണ് എന്നാൽ നഗ്നത തെറ്റാണെന്ന ധാരണയുമായി നടക്കുന്നവര്‍ക്ക് ആ ചിത്രം വൈകൃതമായി തന്നെയേ തോന്നൂ.

തോമസ് എന്ന പിതാവ് മകൻ ഫോക്സുമൊത്ത് ഷവറിനു കീഴെ നഗ്നനായി ഇരിയ്ക്കുന്ന ചിത്രമാണ് വിവാദങ്ങൾക്കു വഴിവച്ചിരിക്കുന്നത്. 2014ൽ എടുത്ത ചിത്രമാണത്. അസുഖം ബാധിച്ച മകനെ ഷവറിനു കീഴിൽ മടിയിലിരുത്തി ചേർത്തു പിടിച്ചിരിക്കുകയാണ് അച്ഛൻ. എന്നാൽ വൈകാതെ തങ്ങളുടെ ന്യൂഡിറ്റി പോളിസി ലംഘിച്ചുവെന്നു കാണിട്ട് ഫേസ്ബുക്ക് ചിത്രം നീക്കുകയായിരുന്നു. ഫോട്ടോ ഫേസ്ബുക്ക് നീക്കം ചെയ്തെങ്കിലും അമ്മ ഹെതർ വിറ്റൺ വീണ്ടും അതു പോസ്റ്റു ചെയ്തു. സാൽമോണെലോസിസ് എന്ന രോഗം ബാധിച്ചിരിക്കുന്ന മകന്റെ പനി കുറയ്ക്കാനായാണ് പിതാവ് അങ്ങനെ ഇരുന്നതെന്നു പറയുന്നു ഹെതർ. മകനു വേണ്ടി ക്ഷമയോടെ തണുത്തു വിറച്ചിരിക്കുന്ന തോമസിനെ കണ്ടപ്പോൾ ചിത്രമെടുക്കുകയായിരുന്നു.

ചിത്രം ഉചിതമാണോയെന്നും അച്ഛനും മകനും തമ്മിലുള്ള ഊഷ്മള ബന്ധം ചിത്രീകരിക്കാൻ ഇത്രത്തോളം അതിരു കടക്കണമായിരുന്നോ എന്നുമാണ് ഒരുപറ്റം വാദിക്കുന്നത്. ഒപ്പം ചിത്രത്തെ ഒരച്ഛന്റെ സ്നേഹമായി മാത്രം കണ്ടാൽ മതിയെന്നും വാദിക്കുന്നവരുണ്ട്. ഒരുമാസം മുമ്പും സമാനമായൊരു ചിത്രം വിവാദങ്ങൾക്കു വഴിവച്ചിരുന്നു. അന്ന് മകളെ ചേർത്തുപിടിച്ചിരിക്കുന്ന നഗ്നയായ അമ്മയുടെ ചിത്രം പങ്കുവച്ചത് ഫോ‌ട്ടോഗ്രാഫർ കൂടിയായ കെല്ലി ബാനിസ്റ്റർ ആയിരുന്നു. ഒരു കുഞ്ഞിനെ വളർത്തിക്കൊണ്ടു വരുന്ന അമ്മ ഏതൊക്കെ വികാരങ്ങളിലൂടെയാണ് കടന്നുചെല്ലുന്നത് എന്നു വിശദീകരിക്കുന്നതായിരുന്നു ചിത്രം. അന്നും വാത്സല്യം പ്രകടിപ്പിക്കാൻ നഗ്നതയുടെ ആവശ്യമില്ലെന്നു പറഞ്ഞ് നിരവധി പേർ കെല്ലിയെ കുറ്റപ്പെ‌ടുത്തിയിരുന്നു.