640 മീറ്റർ ക്രെയിൻ ഉയരത്തിൽ നിക്കോളയുടെ സെൽഫി , ചിത്രം വൈറൽ

ഉയരം കൂടിയ കെട്ടിടം എവിടെ കണ്ടാലും ഏഞ്ചല നിക്കോള അതിൽ ചാടിക്കയറും. പിന്നെ സെൽഫി സ്റ്റിക്കെടുത്ത് ഉഗ്രനൊരു സെൽഫിയെടുത്ത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യും. ചൈനയിലെ ടിയാൻജിൻ സിറ്റിയിലെ ഭീമാകാരൻ ക്രെയിനിനു മുകളിൽ കയറിനിൽക്കുന്ന സെൽഫിയാണ് 23കാരിയായ ഈ റഷ്യക്കാരി അവസാനം പോസ്റ്റ് ചെയ്തിരിക്കുന്നത. വിഡിയോ കണ്ടവരൊക്കെ ശ്വാസം പിടിച്ചിരുന്നുപോയി. അത്ര സാഹസികമായാണ് നിക്കോളയും സുഹൃത്തും ക്രെയിനിനു മുകളിൽ കയറുന്നത്. 

ലോകത്തിലെ ഏറ്റവും വലിയെ കെട്ടിടങ്ങളിലൊന്നിന്റെ പണിസ്ഥലത്തായിരുന്നു ക്രെയിൻ. 640 മീറ്ററാണ് ക്രെയിനിന്റെ ഉയരം. ട്രാവൽ കമ്പനിയായ ട്രാവൽ ടിക്കർ ആണ് സെൽഫിയെടുക്കാനുള്ള ക്രെയിൻ  നിക്കോളോയ്ക്കു പിടിച്ചു കൊടുത്തത്. ക്രെയിൻ സെൽഫിയെടുത്ത് കൂളായി നിക്കോളയും സുഹൃത്തും താഴെയിറങ്ങി. നിക്കോളയുടെ സാഹസമത്രയും ഡ്രോൺ തൽസമയം ഷൂട്ട് ചെയ്തുകൊണ്ടിരുന്നു. പോരാത്തതിനു ശരീരത്തിൽ ക്യാമറ കെട്ടിവച്ചാണു നിക്കോള ക്രെയിനിൽ കയറിയത്. നിക്കോളയുടെ ക്രെയിൻ ചിത്രവും വിഡിയോയും സമൂഹമാധ്യമത്തിൽ വൈറലായിരിക്കുകയാണ്.

വിഡിയോയുടെ തുടക്കത്തിൽ നിയമപ്രകാരമുള്ള മുന്നറിയിപ്പിൽ ഇങ്ങനെ പറയുന്നു: നിക്കോള കയറുന്നതു കണ്ട് സെൽഫിയെടുക്കാൻ കയറിയാൽ ചിലപ്പോൾ അപകടമുണ്ടാകും. പൊലീസ് അറസ്റ്റ് ചെയ്തു പിഴ ഈടാക്കിയെന്നിരിക്കും. അതുകൊണ്ട് ജാഗ്രതൈ. 

സാഹസികമെന്നു പറഞ്ഞാൽ പോര അതി സാഹസികമായാണ് നിക്കോള സെൽഫികളും മറ്റ് ചിത്രങ്ങളും എടുക്കുന്നത്. അംബരചുംബികളായ കെട്ടിടങ്ങളുടെ മുകളിലും വൻകെട്ടിടങ്ങളുടെ വരമ്പത്തുമൊക്കെ നിന്ന് സെൽഫി എടുക്കുന്നതാണ് കക്ഷിയുടെ ഹോബി. കാണുന്നവരുടെ നെഞ്ചിടിപ്പ് കൂട്ടുമെങ്കിലും നിക്കോള നല്ല കൂളായി നിന്നാണ് ഓരോ ചിത്രങ്ങളുമെടുക്കുന്നത്. 'നോ ലിമിറ്റ് നോ കണ്‍ട്രോൾ' എന്നാണ് ചിത്രങ്ങൾക്ക് ഇൻറ്റാഗ്രാമിൽ അവർ ടാഗ് ലൈൻ കൊടുത്തിരിക്കുന്നത്. വൻ മാളികകളുടെ കൂർത്ത മുനമ്പിൽ കൂളായി നിന്ന് അഭ്യാസങ്ങൾ കാണിച്ചും ഫോൺ ചെയ്തുമൊക്കെ ഏഞ്ചല ചിത്രങ്ങളെടുക്കുന്നു. ഇൻറ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ഈ കിടിലൻ ചിതങ്ങൾക്ക് ആരാധകരേറെയാണ്.

ലോകത്ത് സെൽഫി അപകടങ്ങൾ കൂടിക്കൊണ്ടിരിക്കുമ്പോഴാണു നിക്കോളയുടെ സാഹസം. ട്രെയിനിനു മുകളിൽ കയറി സെൽഫിയെടുത്ത റുമേനിയക്കാരൻ വൈദ്യുത കമ്പിയിൽനിന്നു ഷോക്കേറ്റു മരിച്ചതു കഴിഞ്ഞ വർഷമാണ്. ഹൈക്കിങ് നടത്തുന്ന യുഎസുകാരൻ സെൽഫി സ്റ്റിക്കിൽ മിന്നലേറ്റ് മരിച്ചിരുന്നു. തോക്കിൻ മുനയിൽനിന്നു സെൽഫിയെടുത്ത  യുഎസ് സ്വദേശി അബദ്ധത്തിൽ വെടിയേറ്റു മരിച്ചത് ഈ വർഷം ആദ്യമാണ്. നിക്കോള ഇതൊക്കെ കേൾക്കുന്നുണ്ടോ ആവോ.