ഭർത്താവ് വഞ്ചിച്ചതിന് ഭാര്യയുടെ പരാക്രമം കാറിനോട്

അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന പഴഞ്ചൊല്ലിനെ ഓർമിപ്പിക്കുമാറൊരു സംഭവം അരങ്ങേറിയിരിക്കുകയാണ് അങ്ങു ചൈനയിൽ. ഭർത്താക്കൻമാരുടെ വഞ്ചനയ്ക്ക് ഭാര്യമാരുടെ പ്രതികാരം അവർ ഭാര്യമാരെക്കാൾ ഏറെ സ്നേഹിക്കുന്ന കാറിനോടാകുന്നത് പതിവാവുകയാണിപ്പോൾ. ഭർത്താവിന്റെ വഞ്ചനയ്ക്കു പ്രതികാരമായി ഭാര്യ അദ്ദേഹത്തിന്റെ പ്രിയവാഹനമായ ഫോക്സ്‌വാഗനോടു കലിപ്പു തീർക്കുന്നതിന്റെ വിഡിയോ ആണ് വൈറലാകുന്നത്.

ഒരു ഫോക്സ്‌വാഗൻ കാറിനെ ചുറ്റികയുപയോഗിച്ച് തകർക്കുന്നതാണ് ദൃശ്യത്തിലുള്ളത്. വിൻഡ്സ്ക്രീനും വിംഗ് മിററും ഡോർ ഹാൻഡിലും റിയർ ലൈറ്റുമെല്ലാം ഭാര്യയുടെ പ്രതികാരത്തിനു പാത്രമാവുകയാണ്. ചൈനയിൽ നിന്ന് നേരത്തെയും സമാന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. എന്തായാലും വിലപിടിപ്പുള്ള വാഹനമുള്ള ഭർത്താക്കന്മാർ ഭാര്യമാരെ വഞ്ചിക്കുമ്പോൾ ഒന്നു കരുതിയിരിക്കുന്നത് നല്ലതാണ്... എട്ടിന്റെ പണി കിട്ടുന്നതു പ്രിയവാഹനത്തിനായിരിക്കും...