വിടില്ല നിന്നെ ഞാൻ! പാമ്പിന്റെ വായിൽ നിന്നും കുഞ്ഞിനെ രക്ഷിച്ച അമ്മയെലി, വൈറലായി വിഡിയോ 

മനുഷ്യർക്കിടയിൽ മാതൃത്വത്തിനു വില നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഇക്കാലത്ത് എന്താണ് അമ്മ എന്ന പേരിനർത്ഥം എന്നു നമുക്ക് പഠിപ്പിച്ചു തരികയാണ് ഒരു എലി. എലികളുടെ സ്ഥിരം ശത്രുക്കളിൽ ഒന്നായ പാമ്പിന്റെ വായിൽ നിന്നുമാണ് ഈ എലി തന്റെ കുഞ്ഞിനെ തിരിച്ചെടുത്തത്. കാര്യം വിചാരിക്കും പോലെ അത്ര എളുപ്പമല്ലായിരുന്നു. പുൽത്തകിടിക്ക് ഇടയിൽ വിശ്രമിക്കുകയായിരുന്നു അമ്മ എലിയും കുഞ്ഞെലിയും. പെട്ടന്ന് അവിടെ പ്രത്യക്ഷപ്പെട്ട ചേര വർഗ്ഗത്തിൽ പെട്ട പാമ്പ് അമ്മയെ ഒഴിവാക്കി കുഞ്ഞെലിയെ കടിച്ചെടുത്തുകൊണ്ടു പോവുകയായിരുന്നു.

സാധാരണയായി ഈ അവസ്ഥയിൽ സ്വന്തം ജീവനും കൊണ്ട് ഓടുകയാണ് മൃഗങ്ങൾ ചെയ്യാറ്. എന്നാൽ അമ്മയെലി ചെയ്തത് എന്താണ് എന്നറിയാമോ? ആ പാമ്പിനെ പിന്തുടർന്നു ചെന്ന് ആക്രമിച്ചു. അപ്പോഴും പാമ്പിന്റെ വായിൽ കിടന്നു കുഞ്ഞെലി പിടയ്ക്കുന്നുണ്ടായിരുന്നു. പാമ്പിനെ ഇഴഞ്ഞു നീങ്ങാൻ സമ്മതിക്കാതെ, അമ്മയെലി തലങ്ങും വിലങ്ങും പാമ്പിന്റെ ശരീരത്തിൽ ആക്രമണം നടത്തി. ഒടുവിൽ ഗതികെട്ട പാമ്പ് കടിച്ചെടുത്ത കുഞ്ഞിനെ പാതി വഴിയിൽ ഉപേക്ഷിച്ചു ജീവനും കൊണ്ട് ഇഴഞ്ഞുനീങ്ങി.

എന്നാൽ തന്റെ കുഞ്ഞിനെ കടിച്ചെടുത്ത പാമ്പിനോടുള്ള ദേഷ്യമുണ്ടോ അമ്മയെലിക്കു കുറയുന്നു. അമ്മ രക്ഷപ്പെട്ട പാമ്പിന്റെ പുറകെ പാഞ്ഞു വീണ്ടും വീണ്ടും ആക്രമിച്ചു. ഒടുവിൽ വിജയശ്രീലാളിതയായി മടങ്ങിയെത്തിയ ആ അമ്മ തന്റെ കുഞ്ഞിനെയും കടിച്ചെടുത്ത് നേരെ മാളത്തിലേക്കു പോയി. പാമ്പിന്റെ വായിൽ നിന്നും അമ്മ എലി രക്ഷിച്ച കുഞ്ഞിന് ജീവനുണ്ടായിരുന്നു എന്നതു മറ്റൊരത്ഭുതം. മാതൃത്വത്തിന്റെ ശക്തി തെളിയിക്കുന്ന ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയാണ്.