വിമാനാപകടം, വൈറലായ ആ വിഡിയോയ്ക്കു പിന്നിൽ പന്ത്രണ്ടാം ക്ലാസുകാരി!

വിഡിയോയിൽ നിന്നുള്ള ദൃശ്യം, റിയ ജോർജ്

സ്വപ്നങ്ങളും പ്രതീക്ഷകളുമായി പറന്നുയർന്ന വിമാനം ലക്ഷ്യസ്ഥാനത്തെത്തും മുമ്പ് അപകടത്തില്‍ പെട്ടെന്ന് അറിയുമ്പോൾ ആദ്യം നിങ്ങൾ എങ്ങനെയായിരിക്കും പ്രതികരിക്കുക? ജീവനുംകൊണ്ട് എങ്ങനെ ആദ്യം പുറത്തു കടക്കാമെന്നു നോക്കുമോ അതോ സാധനങ്ങൾ എല്ലാം എ​ടുത്ത് എങ്ങനെ രക്ഷപ്പെടാമെന്നു നോക്കുമോ? അടുത്തിടെ ദുബായ് എ​യർപോർട്ടിൽ ഉണ്ടായ എമിറേറ്റ്സ് അപകടത്തിനു മുമ്പായുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ വൈറലായത് ഇതുകൊണ്ടായിരുന്നു. ആളുകൾ സ്വയരക്ഷ തേടുന്നതിനുമുമ്പ് സ്വന്തം സാധനങ്ങൾക്കായി പരക്കംപായുന്നതായിരുന്നു വിഡിയോയുടെ ഉള്ള‌ടക്കം.

സത്യത്തിൽ അവരു‌ടെ ജീവിതമാണ് ആ കാണുന്ന ഓരോ പെട്ടികളിലും ഉള്ളതെന്നതുകൊണ്ടുതന്നെ അവര്‍ക്കങ്ങനെ അതൊന്നും ഉപേക്ഷിച്ചു പോകാൻ ആകുമായിരുന്നില്ല. എന്നാൽ മരണം മുന്നിൽ കാണുമ്പോഴും സാധനങ്ങളെടുക്കാൻ വെപ്രാളം കാണിക്കുന്ന യാത്രക്കാരെ വിമർശിച്ചും അവഹേളിച്ചും ആ വി‍ഡിയോ സോഷ്യൽമീഡിയയിൽ പറന്നു നടക്കുകയായിരുന്നു. അന്നുതന്നെ എല്ലാവരും ചിന്തിച്ചിരുന്നതാണ് ജീവനുംകൊണ്ട് ഓടാന്‍ ശ്രമിക്കാതെ ഈ വിഡിയോ പിടിച്ചത് ആരായിരിക്കുമെന്ന്. കാബിനിലിൽ പുക പടരുമ്പോഴും സാധനങ്ങൾക്കായി പായുന്ന യാത്രക്കാരെ പകർത്തിയത് അമേരിക്കൻ മലയാളിയായ റിയ ജോർജ് എന്ന പെൺകുട്ടിയാണ്.

കേരളത്തില്‍ അവധിക്കാലം ആഘോഷിച്ചു യുഎസിലേക്കു തിരിച്ചു പോകുന്നതിനിടയിലാണ് പതിനേഴുകാരിയായ റിയ ഈ വിഡിയോ പകർത്തിയത്. അപകടത്തിനു മുന്നിൽ നിൽക്കുമ്പോഴും യാത്രക്കാരുടെ പ്രതികരണമാണ് വിഡിയോ എടുക്കാൻ പ്രേരിപ്പിച്ചതിനു പിന്നിലെന്ന് റിയ പറയുന്നു. ക്രൂ വിമാനത്തിലെ ആളുകളെ പെട്ടെന്ന് ഒഴിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് മറ്റു യാത്രക്കാർക്കു കൂടി അപകടമാകും വിധത്തിൽ പലരും സാധനങ്ങളെടുക്കാൻ ഓടിയത്.

ജീവനുമായി പെട്ടെന്നു രക്ഷപ്പെടാൻ ക്രൂ സദാനിർദ്ദേശം നൽകിക്കൊണ്ടിരിക്കുന്നതു കേൾക്കാമായിരുന്നു. ഇത്തരം അപകടങ്ങളിൽ പെടുന്ന സമയത്ത് ലഗേജുകളുമായി പുറത്തിറങ്ങാൻ ശ്രമിക്കുന്നത് രക്ഷാപ്രവര്‍ത്തനത്തെ വൈകിക്കുമെന്നും റിയ പറയുന്നു. അടിയന്തിരഘട്ടങ്ങളിൽ ജനങ്ങൾ എന്തൊക്കെയാണു ചെയ്യരുതാത്തത് എന്നു ലോകത്തെ കാണിക്കുകയായിരുന്നു തന്റെ ലക്ഷ്യം, അതു വിജയം കണ്ടുവെന്നാണു കരുതുന്നതെന്നും റിയ വ്യക്തമാക്കുന്നു. ന്യൂയോർക്കിലെ സ്പ്രിങ്‌വാലിയിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ് റിയ.

ചിത്രത്തിനു കടപ്പാട്: ഫേസ്ബുക്ക്