സകുടുംബം ഷാരൂഖ്, വൈറലായി ഫോട്ടോ

ഷാരൂഖ് കുടുംബത്തിനൊപ്പം

കിങ്ഖാൻ ഷാരൂഖ് എന്നും സമൂഹമാധ്യമത്തിന്റെ പ്രിയതാരമാണ്. ഷൂട്ടിങ് സെറ്റുകൾ തോറും മാറിമാറിയുള്ള ഓട്ടത്തിനിടയിലും തന്റെ കുടുംബത്തെ എന്നും ചേർത്തു നിർത്തുന്നു താരം. ‌ സിനിമയും കുടുംബവും ബാലൻസ് ചെയ്തു കൊണ്ടുപോകാനുള്ള ഷാരൂഖിന്റെ കഴിവ് പരസ്യമായ കാര്യമാണ്. ഇപ്പോഴത്തെ വിശേഷം സമൂഹമാധ്യമത്തിൽ സകുടുംബം പുറത്തിറങ്ങിയിരിക്കുന്ന ഷാരൂഖ് ഫോട്ടോയാണ്. അപ്‍ലോഡ് ചെയ്ത് അധികം കഴിയുംമുമ്പെ ഫോട്ടോ വൈറലാവുകയാണ്.

അബ്റാമിനൊപ്പവും ആര്യനൊപ്പവുമൊക്കെ മിക്കപ്പോഴും ഷാരൂഖിന്റെ സെൽഫികൾ ഫേസ്ബുക്കിലും ട്വിറ്ററിലുമൊക്കെ കറങ്ങിനടക്കാറുണ്ട്. പക്ഷേ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ചിത്രത്തിനു മറ്റൊരു പ്രത്യേകത കൂടിയുണ്ട്, ഷാരൂഖും ഭാര്യ ഗൗരിയും മക്കളായ ആര്യനും സുഹാനയും അബ്റാമും ചിത്രത്തിലുണ്ട്. വളരെനാൾകൂടിയാണ് ഷാരൂഖിന്റെ കുടുംബഫോട്ടോ പുറത്തുവന്നത്, അതുകൊണ്ടുതന്നെ അതു കാര്യമായി ആഘോഷിക്കുകയും ചെയ്യുന്നുണ്ട് ആരാധകർ.

ഷാരൂഖിന്റെ ഏറ്റവും ഇളയ പുത്രൻ അബ്റാം ആദ്യമായി കുടുംബത്തിലെ എല്ലാവർക്കുമൊപ്പം എടുത്ത ചിത്രവുമാണിത്. ബോളിവു‍ഡ് സുന്ദരിമാരെപ്പോലെ സ്റ്റൈലിഷ് ആയ ഗൗരിയും ഹോട്ട് ലുക്കിൽ ആര്യനും അപ്കമിങ് ബോളിവുഡ് ബ്യൂട്ടിയാകാൻ സാധ്യതയുള്ള സുഹാനയും ക്യൂട്ട് അബ്റാമും ഷാരൂഖിനേക്കാൾ ആരാധക ഹൃദയങ്ങൾ കവർന്നു. ഇന്റീരിയർ ഡിസൈനിങിനെ സംബന്ധിച്ച് ഗൗരി ഖാൻ പുറത്തിറക്കുന്ന പുതിയ പുസ്തകത്തിനു വേണ്ടിയെടുത്ത ചിത്രമാണിതെന്നാണ് അറിയുന്നത്.