Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കത്തു വരും, പറന്നുപറന്ന്...

post-drone

പ്രിയതമയോട് പറയാനുള്ളതെല്ലാം ഒരു മേഘത്തുണ്ടിൽ കുറിച്ചിട്ട് പറത്തി വിട്ട കഥ പറയുന്നുണ്ട് കാളിദാസന്റെ മേഘസന്ദേശത്തിൽ. പറന്നുപറന്നു ചെന്ന് ആരുമറിയാതെ സന്ദേശം കൈമാറുന്ന ആ കാഴ്ച ഭാവനയിൽ ചിറകിട്ടടിക്കാൻ തുടങ്ങിയിട്ട് എത്രയോ കാലമായി. ലോകമെങ്ങും തപാൽദിനാഘോഷം പൊടിപൊടിയ്ക്കുന്ന ഈ സമയത്ത് ആ ഭാവന യാഥാർഥ്യമാവുകയാണ്. ലോകത്ത് ഇതാദ്യമായി ആകാശത്തുകൂടെ, ഒപ്പം മനുഷ്യരാരുമില്ലാതെ, ഡ്രോൺ വഴി പോസ്റ്റൽ സർവീസ് നടന്നിരിക്കുന്നു. അൺമാൻഡ് ഏരിയൽ വെഹിക്ക്ൾ(യുഎവി) വഴി സിംഗപ്പൂർ പോസ്റ്റ് ആണ് ഇതാദ്യമായി ആകാശത്തിലൂടെ ഡെലിവറി നടത്തിയത്.

singpost-drone-2

ഒരു കത്തും ടി–ഷർട്ടുമാണ് ഇത്തരത്തിൽ രണ്ട് കിലോമീറ്റർ ദൂരത്തിലേക്ക് അയച്ചത്. അരക്കിലോ വരെ ഭാരം താങ്ങാവുന്ന പിക്സ്ഹോക്ക് സ്റ്റെഡിഡ്രോൺ പ്ലാറ്റ്ഫോമിൽ നിർമിച്ച യുഎവി വഴിയായിരുന്നു സർവീസ്. രണ്ട് കിലോമീറ്റർ ദൂരം ഡ്രോൺ പിന്നിട്ടത് വെറും അഞ്ചു മിനിറ്റു കൊണ്ടായിരുന്നു. ഇൻഫോകോം ഡെവലപ്മെന്റ് അതോറിറ്റി(ഐഡിഎ)യുമായി ചേർന്നുള്ള സിംഗപ്പൂർ പോസ്റ്റിന്റെ ഈ ആദ്യ സർവീസ് സമീപപ്രദേശമായ പുലാവുബിനിലേക്കായിരുന്നു. ഇവിടേക്ക് സാധാരണ ഗതിയിൽ പോസ്റ്റ്മാനാണ് കത്തുകളെത്തിക്കുന്നതെങ്കിൽ ഒരു ദിവസമെങ്കിലും എടുക്കുമായിരുന്നു. കാരണം ഒരു നദി കടന്നുവേണം ഇങ്ങോട്ടേയ്ക്കെത്താൻ. അതിനാണെങ്കിൽ ബോട്ട് വരുന്നതും കാത്ത് നിൽക്കണം. ബോട്ടാണെങ്കിൽ ആളുകൾ നിറഞ്ഞാലേ പുറപ്പെടുകയുള്ളൂ. അങ്ങനെയിരിക്കെയാണ് എല്ലാ പ്രതിബന്ധങ്ങളും താണ്ടിയുള്ള ഡ്രോണിന്റെ പോസ്റ്റൽ സർവീസ്.

ഇറങ്ങുന്നതിന് സഹായകരമായി ഒരു കുഞ്ഞു പാരച്യൂട്ടും ഡ്രോണിലുണ്ട്. പറന്നുചെന്ന് നേരിട്ട് കത്ത് കിട്ടേണ്ടയാൾക്ക് കൊടുക്കുകയായിരുന്നില്ല. മറിച്ച് ഒരാൾ ഒരു പോയിന്റിൽ കാത്തുനിൽപുണ്ടാകും. കക്ഷിയുടെ കയ്യിൽ ഒരു മൊബൈലുമുണ്ടാകും. അതിലെ ജിപിഎസ് വഴി ഡ്രോൺ ട്രാക്ക് ചെയ്യാനുമാകും. മാത്രവുമല്ല ഡ്രോണുമായി ബന്ധപ്പെടുത്തി ഒരു ആപ്പും തയാറാക്കിയിട്ടുണ്ട്. ഡ്രോൺ നിലത്തിറങ്ങി മൂന്നുമിനിറ്റിനകം ആപ്പിൽ നിന്ന് ഒരു സന്ദേശമയച്ച് ലോക്ക് മാറ്റണം. ഐഡന്റിറ്റി മാച്ച് ചെയ്യാൻ വേണ്ടിയാണത്. തുടർന്ന് ടി–ഷർട്ടും കത്തും എടുക്കാം. മൂന്നുമിനിറ്റിനകം ഇത് ചെയ്തില്ലെങ്കിൽ ഡ്രോൺ തിരിച്ചു പറക്കും. ഇങ്ങനെ ലഭിച്ച കത്തും ഷർട്ടും പോസ്റ്റ്മാന് വളരെ എളുപ്പത്തിൽ കത്തുലഭിക്കേണ്ടയാൾക്ക് എത്തിക്കുകയുമാകാം.

singpost-drone-1

സ്വിറ്റ്സർലന്റിലും ഫ്രാൻസിലും ഡ്രോൺ വഴി ഡെലിവറി നടത്തിയെങ്കിലും അത് ഔദ്യോഗികമായിരുന്നില്ല. അക്കാര്യത്തിൽ റെക്കോർഡ് സിംഗപ്പൂരിനു തന്നെ സ്വന്തം. ഗതാഗതവകുപ്പ്, സിവിൽ ഏവിയേഷൻ അതോറിറ്റി, സിംഗപ്പൂർ എയർഫോഴ്സ് എന്നിവയുടെ പിന്തുണയോടെയായിരുന്നു ഈ ഡ്രോൺ പോസ്റ്റൽ സർവീസ്. ഇങ്ങനെയൊക്കെയാണെങ്കിലും ഒരു ചോദ്യത്തിന് മാത്രം ഇപ്പോഴും ഉത്തരം കണ്ടെത്താനായിട്ടില്ല. മഴയോ കാറ്റോ വരികയാണെങ്കിൽ ഡ്രോണിന് വഴിതെറ്റുമോ എന്ന കാര്യത്തിൽ. ഇക്കാര്യമുൾപ്പെടെ പരിഗണിച്ച് ആകാശ സർവീസ് ഉഷാറാക്കാനുള്ള തീരുമാനത്തിലാണ് സിംഗപ്പൂർ പോസ്റ്റ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.