പത്തുവർഷത്തിനു ശേഷം കാമുകനോട് സംസാരിച്ചപ്പോള്‍ ‍! വൈറലായി ആ ട്വീറ്റ്

Representative Image

രാഷ്ട്രീയം സിനിമ സാഹിത്യം എന്നിങ്ങനെ വേണ്ടതും വേണ്ടാത്തതുമൊക്കെ ചർച്ച ചെയ്യപ്പെടുന്നയിടമാണ് സമൂഹമാധ്യമം. കാര്യം എത്ര ഗൗരവുമുള്ളതായാലും ഒരൽപം തമാശ കലർത്തി അതു വൈറലാക്കാൻ സമൂഹമാധ്യമത്തോളം മികച്ചൊരു വേദിയില്ല. പുതിയ വിശേഷവും ഒരു വൈറൽ ട്വീറ്റിന്റേതാണ്. പത്തു വർഷത്തിനു ശേഷം കാമുകനോടു സംസാരിച്ച കാമുകിയുടെ അനുഭവമാണ് വൈറലാകുന്നത്.

നമ്രത ദത്തയുടെ വൈറലായ ട്വീറ്റ്

നമ്രതാ ദത്ത എന്ന പെൺകുട്ടിയുടെ ട്വീറ്റ് ആണ് ഒരൊറ്റ ദിവസം കൊണ്ട് സമൂഹമാധ്യമത്തിന്റെ ശ്രദ്ധയാകർഷിച്ചത്. സംഗതി മറ്റൊന്നുമല്ല മുൻകാമുകനെക്കുറിച്ചാണ് ട്വീറ്റ്. ''പത്തു വർഷത്തിനു ശേഷം എന്റെ മുൻകാമുകനോടു സംസാരിച്ചു. അദ്ദേഹം ചോദിച്ചു മിസ് ആണോ മിസിസ് ആണോ എന്ന്. ഞാൻ പറഞ്ഞു ഡോക്ടർ ആണെന്ന്''. ഇതാണ് വൈറലായ ആ ട്വീറ്റ്. ഒരായിരം കാര്യങ്ങൾ വെറും വരികളിൽ വ്യക്തമാക്കിയ കിടിലൻ സംഭാഷണം എന്നു പറഞ്ഞ് പലരും അതു റീട്വീറ്റ് ചെയ്യുകയും ചെയ്തു. പക്ഷേ ട്വിസ്റ്റ് അതൊന്നുമല്ല ഈ ട്വീറ്റ് നമ്രതയുടേതല്ലെന്നും മറിച്ച് എവി‌ടുന്നോ കോപ്പി ചെയ്തതാണെന്നുമാണ് ഇപ്പോഴത്തെ ചർച്ച.

ട്വിറ്ററില്‍ നേരത്തെ വൈറലായ പോസ്റ്റര്‍

ലക്ഷത്തോളം ലൈക്കുകളും അമ്പതിനായിരത്തിൽപ്പരം റീട്വീറ്റുകളും പോയ ആ ട്വീറ്റ് കോപ്പി ചെയ്തതാണെന്ന വാദം ശക്തമാക്കുന്നതാണ് പിന്നീടു വന്ന പോസ്റ്റുകൾ. നേരത്തെ തന്നെ ഒരു കുട്ടിക്കഥ പോലെ പോസ്റ്ററുകളിൽ വൈറലായിക്കൊണ്ടിരുന്ന അതേ വാചകങ്ങളാണ് നമ്രത എടുത്ത് തന്റെ വാളിൽ ട്വീറ്റ് ചെയ്തത്. എന്നാൽ അതിനു കടപ്പാട് വെക്കുകയോ കോപ്പി ചെയ്തതാണെന്നു പറയുകയോ ചെയ്യാത്തതിനാൽ പലരും അതു നമ്രതയുടെ അനുഭവമാണെന്നു തെറ്റിദ്ധരിക്കുകയായിരുന്നു. എന്തായാലും പത്തുവർഷത്തിനു ശേഷം മുൻകാമുകനോടു മിണ്ടിയ കാര്യം ട്വിറ്ററിലിപ്പോള്‍ ട്രെൻഡിങ്ങാണ്. കാമുകന്റെ പൊടിപോലും കണ്ടിട്ടില്ലാത്തവരും സംഗതി ട്വീറ്റ് ചെയ്തു തുടങ്ങി.