കുഞ്ഞുമുഖം ചോറുരുള പോലാക്കാന്‍ ജപ്പാൻകാരുടെ പരാക്രമം !

കുഞ്ഞുങ്ങളുടെ മുഖം അതിനൊരു പ്രത്യേക ഭംഗി തന്നെയാണ്. നിറമോ ആകൃതിയോ അല്ല കുഞ്ഞെന്ന കാരണം തന്നെയാണ് ആ ഭംഗിയുടെ പ്രധാന കാരണവും. ചില കുട്ടികളുടെ തടിച്ചു വീർത്ത കവിളുകൾ കാണുമ്പോള്‍ തന്നെ ഒന്നു തൊടാനും ഉമ്മ വെക്കാനുമൊക്കെ തോന്നും. പക്ഷേ കുട്ടികളുടെ നിലവിലെ ഭംഗി പോരെന്നു കണ്ട് ജപ്പാൻകാര്‍ ചെയ്യുന്ന പുതിയ പരാക്രമമാണ് ഇന്റര്‍നെറ്റിൽ വൈറലാകുന്നത്. കുഞ്ഞു മക്കളുടെ മുഖം ചോറുരുള പോലുള്ള ആകൃതിയിലാകുവാൻ പാടുപെടുകയാണ് ജപ്പാനിലെ മാതാപിതാക്കൾ.

റൈസ്ബാൾ ബേബീസ് എന്നാണ് പ്രചാരണത്തിന്റെ പേര്. ഭംഗിയായൊരു ചോറുരുള വലിപ്പത്തിൽ കുഞ്ഞിന്റെ മുഖവും ആക്കുവാനുള്ള ശ്രമമാണിത്. അതിനായി കുഞ്ഞുങ്ങളുടെ മുഖം പതിയെ ഇരുകൈകൾക്കുള്ളിലും വച്ച് അമർത്തുകയാണു ചെയ്യുന്നത്. മാത്രമല്ല ഇത്തരം ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കുകയും ചെയ്യുന്നുണ്ട് മാതാപിതാക്കൾ. ടോക്കിയോ ആസ്ഥാനമായ കൊമേഡിയനായ മാസാഹിറോ എഹാറയാണ് ചോറുരുള ട്രെൻഡ് ആരംഭിച്ചതിനു പിന്നിൽ. അതിനിടെ കുഞ്ഞുങ്ങൾ ചോറുരുളയേക്കാൾ മനോഹരമാണെന്ന വാദവുമായി പ്രചാരണത്തെ എതിർത്ത് നിരവധി പേർ രംഗത്തെത്തുന്നുമുണ്ട്.