സമൂഹമാധ്യമങ്ങളുടെ ഹൃദയം കവർന്ന് ഒരു ചിത്രം, കാരണമുണ്ട്!

തനിക്കു ജീവിക്കാൻ എല്ലാ സൗഭാഗ്യങ്ങളുമൊരുക്കിയ ഒരു ജനതയ്ക്ക് നന്ദിപൂർവം എന്തു തിരികെ നൽകുമെന്നാലോചിച്ചപ്പോഴാണ് അലക്സ് അസാലിയ്ക്ക് ഒരു ആശയം ഉയർന്നു വന്നത്. ബർലിൻ നഗരത്തിലെ വീടില്ലാത്ത പാവങ്ങൾക്ക് സൗജന്യ ഭക്ഷണം നൽകുക. ഇത് പ്രായോഗികമാക്കിക്കൊണ്ട് എല്ലാ ശനിയാഴ്ചയും അദ്ദേഹം ബർലിനെ അലക്സാണ്ടർപ്ലാറ്റ്സ് സ്റ്റേഷനിൽ സൗജന്യമായി ഭക്ഷണം വിതരണം ചെയ്യുന്നു. Give something back to German people' എന്ന സ്റ്റിക്കർ പതിച്ച മേശയ്ക്കരികിൽ നിന്ന് ഇദ്ദേഹം ഭക്ഷണം ഒരുക്കുന്ന ചിത്രം പ്രമുഖ സമൂഹ മാധ്യമമായ Imgurലൂടെയാണ് പുറത്തു വന്നത്. തൊട്ടുപിന്നാലെ അത് ജനങ്ങൾ ഏറ്റെടുത്തു. മുപ്പതു ലക്ഷത്തിലധികം ആളുകളാണ് ഇതിനകം ചിത്രം കണ്ടത്. നിരവധിപ്പേർ ഇദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിലെങ്ങും ചിത്രം ഷെയർ ചെയ്തു.

സിറിയയിൽ നിന്ന് അഭയാർഥിയായി ജർമനിയിലെത്തിയതാണ് അലക്സ്. തങ്ങളെ സഹായിച്ച ജനതയ്ക്ക് എന്തെങ്കിലും തിരികെ നൽകുക എന്നതാണ് ലക്ഷ്യമെന്ന് അദ്ദേഹം പറയുന്നു. ഞങ്ങൾക്ക് ജർമൻ ജനതയ്ക്കിടയിൽ സ്നേഹം പങ്കുവയ്ക്കുന്നവരാകുന്നതിനാണ് താൽപര്യം. പരസ്പരം സഹായിക്കുന്ന ജനതയാകുകയാണ് ഇതിലൂടെ ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.