എന്തിനാണ് കുട്ടികൾ ഈ അധ്യാപികയുടെ ഫ്രോക്ക് കുത്തിവരച്ചത്?

അധ്യാപിക ക്രിസ് ഷാരീ കാസിൽബറിയുടെ ഫ്രോക്കിൽ വിദ്യാർഥികൾ ചിത്രകല ചെയ്തപ്പോൾ

അധ്യാപകരെക്കുറിച്ചുള്ള ഓർമകൾ എന്നും ഗൃഹാതുരത ഉണർത്തുന്നവയാണ്. ടീച്ചർ എന്നു കേൾക്കുമ്പോൾ ഉടൻ മനസിലേക്ക് ഓടിയെത്തുന്ന രൂപമെന്താണ്? വലിയ കണ്ണടയും വച്ചു സദാ ചൂരലും പൊക്കിപ്പിടിച്ചു ചെറിയ തെറ്റുകൾക്കു പോലും പാടുപതിയുംവരെ തല്ലിച്ചതയ്ക്കുന്ന അധ്യാപകരുടേതാണോ അതോ തെറ്റുകൾ ചെയ്താലും സ്നേഹത്തോടെ കരുതലോടെ അവ തിരുത്തി മുന്നോട്ടു നയിക്കുന്ന വാത്സല്യം തുളുമ്പുന്ന ഗുരുവിന്റേതാണോ? അധ്യാപകരാണു കുട്ടികളുടെ ഏറ്റവും വലിയ വഴികാട്ടി, അതുകൊണ്ടു തന്നെ രണ്ടാമത്തെ വിഭാഗത്തിൽപ്പെടുന്ന അധ്യാപകരെയാകും മിക്ക കുട്ടികൾക്കും ഇഷ്ടമാവുക. അത്തരത്തിലൊരു അധ്യാപികയാണ് ഒക്‌ലാഹോമ സ്വദേശിയായ ക്രിസ് ഷാരീ കാസിൽബറി എന്ന അധ്യാപിക.

ലോണിലെ പാറ്റ് ഹെൻറി എലിമെന്ററി സ്കൂളിലെ അധ്യാപികയായ ക്രിസ് തന്റെ പ്രിയ വിദ്യാര്‍ഥികൾക്കായി ചെയ്യുന്നതു കണ്ടാൽ അമ്പരന്നു പോകും. കാരണം അത്രത്തോളം കരുതലാണു ക്രിസിനു തന്റെ വിദ്യാർഥികളോട്. അതുകൊണ്ടുതന്നെ ക്ലാസ് തീരുന്നതിന്റെ അവസാനദിവസം ക്രിസ് കുറച്ചു സ്പെഷലായൊരു സമ്മാനം തന്നെ കുട്ടികൾക്കായി നൽകാൻ തീരുമാനിച്ചു. മറ്റൊന്നുമല്ലത്, തന്റെ തൂവെള്ള ഫ്രോക്കില്‍ കുഞ്ഞുമക്കൾ അവർക്കിഷ്ടമുള്ളതുപോലെ വരയ്ക്കട്ടെ എന്നതായിരുന്നു അത്. എന്തായാലും ക്ലാസ് തീരുകയാണ് അപ്പോള്‍ പിന്നെ അതങ്ങ് ആഘോഷിക്കാന്‍ തീരുമാനിച്ചു ഈ അധ്യാപികയും വിദ്യാർഥികളും.

അങ്ങനെ തൂവെള്ള വസ്ത്രമണിഞ്ഞെത്തിയ അധ്യാപിക ക്ലാസിലെ കുട്ടികളോരോരുത്തരോടുമായി ഫ്രോക്കിൽ ഇഷ്ടമുള്ളതു എഴുതുകയോ വരയുകയോ ചെയ്യാൻ പറഞ്ഞു. പച്ചയും ചുവപ്പും മഞ്ഞയും നീലയും എന്നുവേണ്ട സകലമാനനിറങ്ങളും ക്രിസിന്റെ ഫ്രോക്കിൽ കവിഞ്ഞൊഴുകി. പൂക്കളും പൂമ്പാറ്റയും ഹൃദയവും മഴവില്ലും പട്ടങ്ങളും കുട്ടികളുമെല്ലാം ആ കുഞ്ഞു കരങ്ങളിൽ നിന്നും ക്രിസിന്റെ ഫ്രോക്കിൽ കലയായി വിരിഞ്ഞു.

തന്റെ വിദ്യാർഥികളുടെ സർഗാത്മകതയെ പരസ്യമാക്കാൻ തീരുമാനിച്ചു ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റു ചെയ്യുകയും ചെയ്തു ക്രിസ്. ഒന്നാം ക്ലാസിലെ വിദ്യാർഥികൾക്കാണ് ഈ കലയുടെ കടപ്പാടെന്നും എന്റെ വിലപ്പെട്ട 'പിക്കാസോ'കൾക്കൊപ്പം അവസാന ദിവസം സന്തോഷകരമായി എന്നും അടിക്കുറിപ്പു നൽകിയാണ് ക്രിസ് ചിത്രം പങ്കുവച്ചത്. താനൊരിക്കലും ഈ വസ്ത്രം കളയില്ലെന്നും തന്റെ വിദ്യാർഥകളുടെ ഓർമ്മയ്ക്കായി അതു സൂക്ഷിക്കുമെന്നും ക്രിസ് പറയുന്നു